യെസ് ബാങ്ക് മൂന്ന് വര്‍ഷമായി നിരീക്ഷണത്തില്‍, വിനയായത് അപകടകരമായ കടം കൊടുക്കല്‍: ധനമന്ത്രി

By Asianet MalayalamFirst Published Mar 6, 2020, 5:51 PM IST
Highlights

യുപിഎ സർക്കാരിന്റെ കാലം മുതലേ ബാങ്കിന്റെ തകർച്ച തുടങ്ങിയിരുന്നുവെന്ന് ധനമന്ത്രി. 2017-മുതല്‍ യെസ് ബാങ്ക് ആര്‍ബിഐ നിരീക്ഷണത്തിലായിരുന്നു. 

ദില്ലി: യെസ് ബാങ്ക് പ്രതിസന്ധി ഒരു മാസത്തിനുള്ളില്‍ മറികടക്കാന്‍ സാധിക്കുമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. യെസ് ബാങ്കിലെ പ്രതിസന്ധി പെട്ടെന്നുണ്ടായ ഒന്നല്ലെന്നും 2017 മുതല്‍ ബാങ്ക് റിസര്‍വ് ബാങ്കിന്‍റെ നിരീക്ഷണത്തിലാണെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. 

അപകടകരമായ രീതിയിലുള്ള കടം കൊടുക്കലാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. നിക്ഷേപകര്‍ ഭയപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല. ബാങ്കിലെ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക അന്‍പതിനായിരമായി പരിമിതപ്പെടുത്തിയത് താത്കാലിക ക്രമീകരണം മാത്രമാണ്. 

ബാങ്കിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയില്ലെന്നും ബാങ്കിന്‍റെ പുനരുത്ഥാനത്തിനായി പുതിയ പദ്ധതികള്‍ ഉടനെ ആവിഷ്കരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് യെസ് ബാങ്ക് തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്ന പ്രതിപക്ഷ വിമര്‍ശനത്തിന് യുപിഎ സർക്കാരിന്റെ കാലം മുതലേ ബാങ്കിന്റെ തകർച്ച തുടങ്ങിയെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. 
 

click me!