'രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല, ജോലിനഷ്ടവുമില്ല'; മന്‍മോഹന്‍ സിംഗിന് ധനമന്ത്രിയുടെ മറുപടി

By Web TeamFirst Published Sep 1, 2019, 3:15 PM IST
Highlights

"ജിഎസ്ടി നിരക്ക് കുറയ്ക്കേണ്ടത് ജി എസ് ടി കൗൺസിലാണ്. അസംഘടിത മേഖലയിലെ കൃത്യമായ കണക്ക് ലഭിക്കേണ്ടതുണ്ട്. എല്ലാ മേഖലകളുമായും സർക്കാർ ചർച്ച നടത്തുന്നുണ്ട്."

ദില്ലി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വ്യാപകമായി ജോലി നഷ്ടമുണ്ടാകുമെന്ന പ്രചരണവും ശരിയല്ലെന്നും മന്ത്രി പ്രതികരിച്ചു.

സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറഞ്ഞതിനു കാരണം മോദി സര്‍ക്കാരിന്‍റെ നയങ്ങളെന്ന മന്‍മോഹന്‍സിംഗിന്‍റെ പ്രതികരണം വ്യക്തിപരമായ അഭിപ്രായമാണ്. അതിനെക്കുറിച്ച് താന്‍ കൂടുതല്‍ കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ പ്രതികരിക്കാനില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. 

ജിഎസ്ടി നിരക്ക് കുറയ്ക്കേണ്ടത് ജി എസ് ടി കൗൺസിലാണ്. അസംഘടിത മേഖലയിലെ കൃത്യമായ കണക്ക് ലഭിക്കേണ്ടതുണ്ട്. എല്ലാ മേഖലകളുമായും സർക്കാർ ചർച്ച നടത്തുന്നുണ്ട്. ബാങ്കുകളുടെ ലയനം മൂലം ഒരാളുടെ പോലും ജോലി നഷ്ടപ്പെടില്ല. ലയനം ബാങ്കുകളുടെ പ്രവര്‍ത്തനം സുഗമമാക്കുമെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. 

രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ ആശങ്കാജനകമാണെന്നായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞത്. സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിലെ ജിഡിപി വളർച്ചാ നിരക്ക് വെറും 5 ശതമാനത്തിൽ ഒതുങ്ങിയതിന്‍റെ അർത്ഥം നമ്മൾ വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്നാണ്. വൻ വളർച്ചയ്ക്ക് സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ, മോദി സർക്കാരിന്‍റെ ആകെ മൊത്തമുള്ള പിടിപ്പുകേടുകൊണ്ട് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നത് എന്നും മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തിയിരുന്നു. 

മനുഷ്യനിർമിതമായ വൻ അബദ്ധങ്ങളായിരുന്നു നോട്ട് നിരോധനവും തിരക്ക് പിടിച്ച് ആലോചനയില്ലാതെ നടപ്പാക്കിയ ജിഎസ്‍ടിയും. ഇതാണ് നിർമാണമേഖല തകരാൻ കാരണം. ആഭ്യന്തര വാങ്ങൽശേഷി ഇടിഞ്ഞു. ആളുകളുടെ വാങ്ങൽശേഷിയിൽ 18 മാസത്തിനിടയിലുള്ള ഏറ്റവും വലിയ ഇടിവാണ്. നികുതിപ്പണം പിരിക്കുന്നതിൽ വൻ വീഴ്ചയാണ്. വലിയ ഇടപാടുകാർക്ക് സൗജന്യനികുതി. അതേസമയം സാധാരണക്കാരെ സർക്കാർ പിഴിയുകയാണ്. സാമ്പത്തിക രംഗം രക്ഷപ്പെടുന്ന സ്ഥിതി കാണുന്നില്ല എന്നും മന്‍മോഹന്‍ സിംഗ് പറ‌ഞ്ഞിരുന്നു. 


 

click me!