Cryptocurrency News : കിമ്മും 6000 സൈബർ കള്ളന്മാരും ലോകത്തെ കൊള്ളയടിച്ചു; കൊണ്ടുപോയത് 400 ദശലക്ഷം ഡോളർ!

By Web TeamFirst Published Jan 14, 2022, 4:51 PM IST
Highlights

ഉത്തര കൊറിയയിൽ കിം ജോങ് ഉൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഹാക്കർ ആർമിയാണ് ഈ വൻ മോഷണം നടത്തിയത്

സിയോൾ: ഉത്തരകൊറിയയുടെ ഹാക്കർ ആർമി 2021-ൽ ക്രിപ്‌റ്റോകറൻസി പ്ലാറ്റ്‌ഫോമുകളിൽ ഏഴ് ആക്രമണങ്ങൾ നടത്തിയെന്ന് റിപ്പോർട്ട്. ആഗോള തലത്തിൽ ക്രിപ്റ്റോ കറൻസി നിക്ഷേപകരെ കൊള്ളയടിച്ച് 400 ദശലക്ഷം ഡോളർ ഈ സംഘം കൈക്കലാക്കിയെന്നാണ് ബ്ലോക്ക്‌ചെയിൻ ഗവേഷണ സ്ഥാപനമായ ചൈനാലിസിസ് വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്.

ഉത്തര കൊറിയയിൽ കിം ജോങ് ഉൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഹാക്കർ ആർമിയാണ് ഈ വൻ മോഷണം നടത്തിയത്. നിക്ഷേപ സ്ഥാപനങ്ങളെയും കേന്ദ്രീകൃത എക്‌സ്‌ചേഞ്ചുകളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ചൈനാലിസിസ് റിപ്പോർട്ടിൽ പറയുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് മോഷണ മൂല്യത്തിൽ 40% വർധനയാണ് രേഖപ്പെടുത്തിയത്.

കിം ജോങ് ഉന്നിന് തന്റെ രാജ്യത്തെ ഹാക്കർ ആർമിയിലുള്ള വിശ്വാസത്തെ അടിവരയിടുന്നതാണ് ചൈനാലിസിസിന്റെ കണ്ടെത്തൽ. സൈബർ കുറ്റകൃത്യങ്ങളിലൂടെ നേടുന്ന പണം ഉത്തരകൊറിയ തങ്ങളുടെ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാൻ ഉപയോഗിക്കുന്നതായാണ് അമേരിക്കയുടെയും ഐക്യരാഷ്ട്ര സഭയുടെയും വിലയിരുത്തൽ. അണുബോംബ്, ലോംഗ് റേഞ്ച് മിസൈൽ പരീക്ഷണങ്ങൾ എന്നിവയെ തുടർന്ന് ആഗോള ഉപരോധങ്ങളിൽ വലയുന്ന രാജ്യമാണ് ഉത്തര കൊറിയ.

ചൈനാലിസിസ് പറയുന്ന തുക, യഥാർത്ഥത്തിൽ 2020 ലെ ഉത്തര കൊറിയയുടെ സമ്പദ്‌വ്യവസ്ഥയുടെ 1.5 ശതമാനം മാത്രമാണ്. ഉത്തര കൊറിയയുടെ വാർഷിക സൈനിക ബജറ്റിന്റെ പത്ത് ശതമാനത്തിലധികം വരും. ഉത്തര കൊറിയയുടെ സൈബർ വാർഫെയർ ഗൈഡൻസ് യൂണിറ്റിൽ 6000 ത്തിലധികം അംഗങ്ങളുണ്ടെന്നാണ് വിവരം. ബ്യൂറോ 121 എന്നൊരു പേര് കൂടി ഈ സംഘത്തിനുണ്ടെന്നും അമേരിക്കയിലെയും ദക്ഷിണ കൊറിയയിലെയും റിപ്പോർട്ടുകൾ പറയുന്നു.
 

click me!