India UK FTA : കയറ്റുമതിയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; യുകെയുമായി ചർച്ചകൾ തുടങ്ങി

By Web TeamFirst Published Jan 13, 2022, 6:39 PM IST
Highlights

ഔഷധ മേഖലയുമായി  ബന്ധപ്പെട്ട് പരസ്പര അംഗീകാര കരാറുകൾക്ക് അധിക വിപണി പ്രവേശനം നൽകാൻ കഴിയുമെന്ന് മന്ത്രി പ്രതീക്ഷ പങ്കുവെച്ചു

ദില്ലി: സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയും യുകെയും തമ്മിൽ ദില്ലിയിൽ ചർച്ചകൾ തുടങ്ങി. യുകെ അന്താരാഷ്ട്ര വ്യാപാര സ്റ്റേറ്റ് സെക്രട്ടറി ആൻ മേരി ട്രെവെലിയനും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും തമ്മിലാണ് ചർച്ച. 2030-ഓടെ ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനാണ് ചർച്ചകളിലൂടെ ലക്ഷ്യമിടുന്നത്.

തുകൽ, തുണിത്തരങ്ങൾ, ആഭരണങ്ങൾ, സംസ്‌കരിച്ച കാർഷിക ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതാകും സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ ഫലമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.  ഇന്ത്യയുടെ 56 സമുദ്രോത്പന്ന യൂണിറ്റുകളുടെ അംഗീകാരത്തിലൂടെ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയിൽ  കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഔഷധ മേഖലയുമായി  ബന്ധപ്പെട്ട് പരസ്പര അംഗീകാര കരാറുകൾക്ക് അധിക വിപണി പ്രവേശനം നൽകാൻ കഴിയുമെന്ന് മന്ത്രി പ്രതീക്ഷ പങ്കുവെച്ചു.  സേവന മേഖലകളിൽ കയറ്റുമതി വർധിപ്പിക്കാനുള്ള വലിയ സാധ്യതയുണ്ട്.  ജനങ്ങളുടെ സഞ്ചാരത്തിനായി പ്രത്യേക സംവിധാന സാധ്യതകൾ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരു രാജ്യങ്ങളിലും പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന തരത്തിലുള്ള വ്യാപാര കരാറിനാണ് ഇന്ത്യയും യുകെയും ലക്ഷ്യമിടുന്നത്. മൂല്യ ശൃംഖലകളെ ബന്ധിപ്പിക്കുന്നതിനും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ സംഭാവന നൽകുമെന്നും ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്ക് നേട്ടമുണ്ടാക്കാൻ ഇടക്കാല കരാറിന്റെ സാധ്യതകൾ ആരായുമെന്നും മന്ത്രി അറിയിച്ചു.

click me!