
ടിവികെ അധ്യക്ഷനും തമിഴകത്തെ സൂപ്പർ താരവുമായ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഇന്ന് ആദ്യ നിയമസഭായോഗത്തിലും പങ്കെടുത്തു. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിൽ 108 സീറ്റുകൾ നേടിയാണ് ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുന്നത്. എംഎൽഎമാരിൽ ഏറ്റവും സമ്പന്നൻ വിജയ് ആണെന്നാണ് പലരുടെയും ധാരണ. എന്നാലത് അങ്ങെയല്ല. ഇന്ന് നിയമസഭയിലേക്കെത്തിയ എംഎൽഎമാരുടെ സ്വത്തു വിവരങ്ങൾ അറിയാം.
തമിഴ്നാട് എംഎൽഎമാരിൽ ആസ്തിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ലീമാ റോസ് ആണ്. അണ്ണാ ഡി.എം.കെയിൽ നിന്നുള്ള എംഎൽഎ ആയ ഇവർ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ ഭാര്യയും മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടറുമാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ലീമാ റോസ് അണ്ണാ ഡിഎംകെയിൽ ചേരുന്നത്. കണക്കുകളനുസരിച്ച് 5863 കോടി രൂപയുടെ ആസ്തിയാണ് ഇവർക്കുള്ളത്. ഏറ്റവും കൂടുതൽ കടബാധ്യതയുള്ളതും ഇവർക്ക് തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ 340 കോടി രൂപ കടബാധ്യതയുണ്ടെന്ന് ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്. അതേ സമയം, തമിഴ്മാട്ടിലെ എംഎൽഎമാരുടെ ആകെ ആസ്തി വച്ചുള്ള കണക്കുകളിൽ ആസ്തിയുടെ 52 ശതമാനവും ലീമ റോസിന്റെ സംഭാവനയാണ്.
രണ്ടാം സ്ഥാനം മുഖ്യമന്ത്രി വിജയിക്ക് തന്നെയാണ്. 624 കോടി രൂപയുടെ ആസ്തിയുള്ള വിജയ് പെരമ്പൂരിൽ നിന്ന് വിജയിച്ച സ്ഥാനാർത്ഥിയാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 184.53 കോടി രൂപയാണ് വിജയുടെ വരുമാനം. അഭിനയത്തിന് പുറമെ വാടക ഇനത്തിലും ബാങ്ക് പലിശ വഴിയുമാണ് വിജയുടെ വരുമാനത്തിൽ ഭൂരിഭാഗവും.
സാന്റിയാഗോ മാർട്ടിന്റെ മകൾ ഡെയ്‌സി മാർട്ടിന്റെ ഭർത്താവായ ആധവ് അർജുനയാണ് സമ്പത്തിൽ മൂന്നാംസ്ഥാനത്ത്. 534 കോടി രൂപയുടെ ആസ്തിയുള്ള ആധവ് അർജുന വില്ലിവാക്കത്ത് നിന്ന് ടി വി കെക്ക് വേണ്ടിയാണ് മത്സരിച്ചത്. ഇനി, പുറത്തുവിട്ട കണക്കുകളനുസരിച്ച് വരുമാനം ഏറ്റവും കുറവുള്ള രണ്ട് എം.എൽ.എ.മാർ ടി.വി.കെ.യിൽ നിന്നാണ്. റാണിപ്പേട്ട് ടിവികെ എംഎൽഎ താഹിറയ്ക്ക് വെറും 33,000 രൂപ മാത്രമാണ് സമ്പാദ്യമായുള്ളത്. പെരമ്പലൂരിലെ ടി.വി.കെയുടെ എംഎൽഎ ആയ കെ. ശിവകുമാർ 1,96,000 രൂപ സമ്പാദ്യവുമായി രണ്ടാം സ്ഥാനത്തുമുണ്ട്. തിരുത്തുറൈപൂണ്ടിയിലെ സി.പി.ഐയായ എം.എൽ.എ. കെ. മാരിമുത്തുവാണ് മൂന്നാം സ്ഥാനത്ത്. ഇദ്ദേഹത്തിന്റെ ആസ്തി 7,16,000 രൂപയാണ്.
ഇനി, പാർട്ടികളിലെ ശരാശരി ആസ്തികളുടെ കണക്കെടുക്കുമ്പോൾ ഏറ്റവും മുന്നിൽ എഐഎഡിഎംകെ ആണ്. 152 കോടി രൂപയാണ് ശരാശരി വരുമാനമായി കാണിക്കുന്നത്. ശരാശരിയിൽ രണ്ടാം സ്ഥാനത്ത് ടിവികെയും മൂന്നാം സ്ഥാനത്ത് ഡിഎംകെയും ഉണ്ട്. 68 ലക്ഷം രൂപ ശരാശരി സംഖ്യയുമായി സിപിഎം ആണ് ലിസ്റ്റിൽ ഏറ്റവും പിന്നിൽ.