ദില്ലി : ജനത്തിന്റെ കൈയിൽ നിന്ന് പിരിക്കുകയും സർക്കാരിന് വിൽപ്പന നികുതി ഇനത്തിൽ കൊടുക്കാനുള്ള തുക കൊടുക്കാതിരിക്കുകയും ചെയ്യുന്ന പതിവാണ് എണ്ണക്കമ്പനികൾ പുലർത്തി പോരുന്നത്. ജനം ഇന്ധനത്തിന് ഉയർന്ന വില നൽകുന്ന ഇന്ത്യയിൽ മൂന്ന് പ്രധാന എണ്ണകമ്പനികൾ സർക്കാരിന് അടയ്ക്കാനുള്ള വില്പന നികുതി കൃത്യമായി അടയ്ക്കാതെ കുടിശ്ശിക വരുത്തുകയാണ്.
ഇത്തരത്തിൽ 312.57 കോടി രൂപ പെട്രോൾ ഡീസൽ വിൽപന വഴിയുള്ള വിൽപ്പന നികുതി ഇനത്തിൽ മൂന്നു കമ്പനികളിൽ നിന്നായി കേന്ദ്രസർക്കാറിന് കിട്ടാനുണ്ട്. കൊച്ചിയിലെ സംസ്ഥാന ജി എസ് ടി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ സെപ്റ്റംബർ 30 വരെയുള്ള വില്പനനികുതി ഇനത്തിലാണ് ഇത്രയും തുക ലഭിക്കാനുള്ളത്.
ഇതിന്റെ സിംഹഭാഗവും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നൽകാനുള്ളതാണ്. 219.66 കോടി രൂപയാണ് ബിപിസിഎൽ നൽകേണ്ടത്. 2011 - 12 സാമ്പത്തിക വർഷത്തിൽ 56 കോടി രൂപയിലേറെ തുക ബിപിസിഎൽ കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 75.91 കോടി രൂപയാണ് വിൽപ്പന നികുതി ഇനത്തിൽ നൽകാനുള്ളത്. കൊച്ചിൻ റിഫൈനറി 16.99 കോടി രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ട്.
കുടിശ്ശിക ഒഴിവാക്കി തരണമെന്ന അപേക്ഷ എണ്ണക്കമ്പനികൾ കേന്ദ്രസർക്കാരിനു മുന്നിൽ വെച്ചിട്ടുണ്ട്. നികുതിയിളവുകൾക്ക് തങ്ങൾ അർഹരാണെന്ന് തെളിയിക്കുന്ന രേഖകൾ കമ്പനികൾ സമർപ്പിച്ചിട്ടില്ലെന്നുമാണ് വിവരം. ആഗോളതലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്ന് ഇരിക്കുകയും പെട്രോൾ, ഡീസൽ വില കുതിക്കും എന്ന ഭയപ്പാടിൽ ഉപഭോക്താക്കൾ നിൽക്കുകയും ചെയ്യുമ്പോഴാണ് കമ്പനികൾ കേന്ദ്രസർക്കാറിന് നൽകേണ്ട തുക കൊടുക്കാതെ, ഇത് ഒഴിവാക്കി തരണമെന്ന് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.