
ഓള്‍ഡ് മങ്ക് നിര്‍മാതാക്കളായ മോഹന്‍ മീക്കിന്റെ വരുമാനത്തില്‍ വന്‍ ഇടിവ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 64 ശതമാനം കുറഞ്ഞ് 288 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 792 കോടി രൂപയായിരുന്നു വരുമാനം. മഹാരാഷ്ട്രയിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന ഓള്‍ഡ് മങ്കിന്റെ മൂന്ന് വകഭേദങ്ങളുടെ വില്‍പന ഭക്ഷ്യസുരക്ഷാ അധികൃതര്‍ തടഞ്ഞതിനു പിന്നാലെയാണ് തിരിച്ചടിയെന്ന് 'ദി ഇക്കണോമിക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇടിവ് കൂടുതല്‍ രൂക്ഷമായി. മുന്‍വര്‍ഷത്തെ ഇതേ പാദത്തിലെ 473 കോടി രൂപയില്‍നിന്ന് വരുമാനം 77 ശതമാനം കുറഞ്ഞ് 108 കോടി രൂപയിലെത്തി.
മഹാരാഷ്ട്രയിലെ ഖോപോളിയിലുള്ള കമ്പനിയുടെ നിര്‍മാണശാലയില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നടത്തിയ പരിശോധനയ്ക്കു പിന്നാലെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ന്യൂട്രല്‍ സ്പിരിറ്റില്‍ റമ്മിന്റെ രുചി നല്‍കുന്ന ഫ്‌ലേവറിങ് ചേര്‍ക്കുന്നതാണ് അതോറിറ്റി ചൂണ്ടിക്കാട്ടിയ വിഷയം. ഇത്തരത്തിലുള്ള ഉല്‍പന്നങ്ങള്‍ സാധാരണ റം എന്ന വിഭാഗത്തില്‍ വില്‍ക്കാനാകില്ലെന്നും പകരം 'റം ഫ്‌ലേവേഡ് സ്പിരിറ്റ്‌സ്' എന്ന് ലേബലില്‍ രേഖപ്പെടുത്തണമെന്നുമാണ് അതോറിറ്റിയുടെ നിലപാട്.
മഹാരാഷ്ട്രയില്‍ ഓള്‍ഡ് മങ്ക് നിര്‍മിക്കുകയും കുപ്പികളിലാക്കുകയും ചെയ്യുന്ന മോഹന്‍ റോക്കി സ്പ്രിങ്വാട്ടര്‍ ബ്രൂവറീസ്, എഫ്എസ്എസ്എഐയുടെ ഉത്തരവിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നവംബര്‍ അഞ്ചിന് കമ്പനി ഹര്‍ജി പിന്‍വലിച്ചു.പുതുക്കിയ ലേബലുകള്‍ അംഗീകാരത്തിനായി നേരിട്ട് അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്ന് കമ്പനി കോടതിയെ അറിയിച്ചു. ഹര്‍ജിയുമായി മുന്നോട്ടുപോകുന്നില്ലെന്ന കമ്പനിയുടെ നിലപാടിനെത്തുടര്‍ന്ന് കോടതി കേസ് തീര്‍പ്പാക്കി. എന്നാല്‍ വില്‍പനയ്ക്കുള്ള നിയന്ത്രണം നീക്കിയില്ല.ഏഴുവര്‍ഷം പഴക്കമുള്ളതെന്ന അവകാശവാദം നീക്കാനും ഫ്‌ലേവറിങ് ചേര്‍ത്തിട്ടുണ്ടെന്ന വിവരം ലേബലില്‍ കൂടുതല്‍ വ്യക്തമായി നല്‍കാനും കമ്പനി നേരത്തേ സമ്മതിച്ചിരുന്നു.
നിയന്ത്രണങ്ങള്‍ കാരണം കമ്പനിക്ക് ഏകദേശം 50 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഒക്ടോബറില്‍ നടന്ന വാദത്തിനിടെ കമ്പനിയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിന് എക്‌സൈസ് വരുമാനത്തില്‍ ഏകദേശം 350 കോടി രൂപ നഷ്ടമായെന്നും അവര്‍ വാദിച്ചു.മുന്നൂറോളം തൊഴിലാളികള്‍ക്ക് ജോലിയില്ലാത്ത സാഹചര്യമുണ്ടായെന്നും കമ്പനി കോടതിയെ അറിയിച്ചു.