ഇന്ത്യൻ വിമാനക്കമ്പനികൾ 2026 ലെ വിന്റർ ഷെഡ്യൂളിൽ പ്രീമിയം സീറ്റുകളുടെ എണ്ണം 3.1 ശതമാനം വർധിപ്പിച്ചു. ഇതിൽ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത് ഇൻഡിഗോയാണ്. അതേസമയം ഒന്നാം സ്ഥാനത്തുള്ള എയർ ഇന്ത്യയുടെ പ്രീമിയം സീറ്റുകളിൽ കുറവ് രേഖപ്പെടുത്തി.

ഇന്ത്യയിലെ വിമാനക്കമ്പനികള്‍ പ്രീമിയം സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. വിന്റര്‍ ഷെഡ്യൂള്‍ 2026ല്‍ ഇന്ത്യന്‍ വിമാനക്കമ്പനികളുടെ പ്രീമിയം സീറ്റുകളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3.1 ശതമാനം വര്‍ധിച്ചു. ഇതില്‍ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തിയത് ഇന്‍ഡിഗോയാണ്. ഇന്ത്യന്‍ വിമാനക്കമ്പനികളുടെ മൊത്തം പ്രീമിയം സീറ്റുകളുടെ എണ്ണം മുന്‍ വിന്റര്‍ ഷെഡ്യൂളിലെ 15.86 ലക്ഷത്തില്‍നിന്ന് ഏകദേശം 16.5 ലക്ഷമായി ഉയര്‍ന്നു.

കോര്‍പ്പറേറ്റ് യാത്രക്കാര്‍, ചെറുകിട- ഇടത്തരം സംരംഭങ്ങളുമായി ബന്ധപ്പെട്ടവര്‍, പ്രൊഫഷണലുകള്‍, കൂടുതല്‍ സൗകര്യങ്ങള്‍ക്കായി അധിക തുക നല്‍കാന്‍ തയ്യാറുള്ള വിനോദസഞ്ചാരികള്‍ എന്നിവരില്‍ നിന്നുള്ള ആവശ്യമാണ് പ്രീമിയം സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ വിമാനക്കമ്പനികളെ പ്രേരിപ്പിക്കുന്നത്.

പ്രീമിയം സീറ്റുകളില്‍ ഇന്‍ഡിഗോയുടെ കുതിപ്പ്

ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ പ്രീമിയം സീറ്റുകളുടെ എണ്ണം ഏറ്റവുമധികം കൂട്ടിയത് ഇന്‍ഡിഗോയാണ്. സീറ്റുകളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 32.4 ശതമാനം വര്‍ധിച്ച് 5.63 ലക്ഷമായി. ഒരു വര്‍ഷം മുമ്പ് ഇത് 4.25 ലക്ഷമായിരുന്നു. അതായത് ഒരു വര്‍ഷത്തിനിടെ 1.38 ലക്ഷം പ്രീമിയം സീറ്റുകളുടെ വര്‍ധന. ആഭ്യന്തര സര്‍വീസുകളിലാണ് ഈ വര്‍ധനയുടെ ഭൂരിഭാഗവും. ഇന്‍ഡിഗോ ആഭ്യന്തര സര്‍വീസുകളില്‍ 1.35 ലക്ഷം പ്രീമിയം സീറ്റുകള്‍ അധികമായി ഉള്‍പ്പെടുത്തി. ഇതോടെ ആഭ്യന്തര പ്രീമിയം സീറ്റ് ശേഷി 3.62 ലക്ഷത്തില്‍നിന്ന് 37.3 ശതമാനം ഉയര്‍ന്ന് 4.97 ലക്ഷമായി.

ഒന്നാം സ്ഥാനത്ത് എയര്‍ ഇന്ത്യ, പക്ഷേ സീറ്റുകള്‍ കുറഞ്ഞു

ഇന്‍ഡിഗോ അതിവേഗം പ്രീമിയം സീറ്റുകള്‍ കൂട്ടുന്നുണ്ടെങ്കിലും രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രീമിയം സീറ്റുകളുള്ളത് എയര്‍ ഇന്ത്യക്ക് തന്നെയാണ്. എന്നാല്‍ വിന്റര്‍ ഷെഡ്യൂള്‍ 2026ല്‍ എയര്‍ ഇന്ത്യയുടെ പ്രീമിയം സീറ്റ് ശേഷി 2.6 ശതമാനം കുറഞ്ഞ് 8.46 ലക്ഷമായി. മുന്‍ വിന്റര്‍ ഷെഡ്യൂളില്‍ ഇത് 8.69 ലക്ഷമായിരുന്നു. ആഭ്യന്തര സര്‍വീസുകളിലെ പ്രീമിയം സീറ്റുകള്‍ 3.1 ശതമാനം കുറഞ്ഞ് 6.59 ലക്ഷത്തില്‍നിന്ന് 6.39 ലക്ഷമായി.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 18.3% ഇടിവ്

എയര്‍ ഇന്ത്യ എക്‌സ്പ്രസും പ്രീമിയം സീറ്റ് ശേഷി കുറച്ചു. വിന്റര്‍ ഷെഡ്യൂള്‍ 2026ല്‍ കമ്പനിയുടെ മൊത്തം പ്രീമിയം സീറ്റ് ശേഷി 18.3 ശതമാനം കുറഞ്ഞ് 1.99 ലക്ഷമായി. ഒരു വര്‍ഷം മുമ്പ് ഇത് 2.43 ലക്ഷമായിരുന്നു.