
റം ബ്രാന്‍ഡായ ഓള്‍ഡ് മങ്കിന്റെ കുപ്പിയിലെ പരിചിതമായ ആ ലേബല്‍ വൈകാതെ മാറിയേക്കും. കുപ്പിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന '7 ഇയേഴ്‌സ് ഓള്‍ഡ് ബ്ലെന്‍ഡഡ്' എന്ന വാചകം ഒഴിവാക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചു. ലേബലിലെ വിവരങ്ങളുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ ഈ പിന്മാറ്റം.
ഈ വാചകം നീക്കം ചെയ്യാമെന്നും, പാനീയത്തില്‍ മറ്റ് ഫ്‌ലേവറുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന വിവരം ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് കാണാന്‍ സാധിക്കുന്ന രീതിയില്‍ ലേബലില്‍ വ്യക്തമാക്കാമെന്നും ഓള്‍ഡ് മങ്ക് നിര്‍മാതാക്കളായ മോഹന്‍ മീക്കിന്‍ കോടതിയെ രേഖാമൂലം അറിയിച്ചു.
ഓള്‍ഡ് മങ്കിന്റെ ചില വകഭേദങ്ങളുടെ നിര്‍മാണരീതിയും ലേബലിംഗുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷാ അതോറിറ്റി സംശയം ഉന്നയിക്കുകയും മഹാരാഷ്ട്രയില്‍ ഇവയുടെ വില്‍പ്പന തടയുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുള്ള നിയമപോരാട്ടമാണ് ഇപ്പോള്‍ ലേബല്‍ മാറ്റത്തില്‍ എത്തിനില്‍ക്കുന്നത്. '7 വര്‍ഷം പഴക്കമുള്ളത്' എന്ന വാചകം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പ്രധാന ആരോപണം.
കുപ്പിയിലുള്ള മദ്യത്തില്‍ വെറും 5 ശതമാനത്തില്‍ താഴെ മാത്രമാണ് പഴക്കം വന്ന യഥാര്‍ത്ഥ റം ഉള്ളതെന്നാണ് എഫ്.എസ്.എസ്.എ.ഐയുടെ കണ്ടെത്തല്‍. ബാക്കിയുള്ളത് പഴക്കമില്ലാത്ത സാധാരണ സ്പിരിറ്റാണ് കുപ്പിയിലുള്ളതില്‍ വെറും 2 മുതല്‍ 5 ശതമാനം വരെ മാത്രമാണ് റം ഉള്ളതെന്നിരിക്കെ, ഈ പാനീയത്തെ 'റം' എന്ന് വിളിക്കുന്നത് തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാകുമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ്ങും വാദിച്ചു.
മുഴുവന്‍ മദ്യത്തിനും ഏഴ് വര്‍ഷത്തെ പഴക്കമുണ്ടെന്ന് ഉപഭോക്താക്കള്‍ തെറ്റിദ്ധരിക്കില്ലേ എന്ന് വാദത്തിനിടെ കോടതി ചോദിച്ചു. 'നിങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്... 7 വര്‍ഷം പഴക്കം എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം 7 വര്‍ഷം പഴക്കമുള്ളത് എന്ന് തന്നെയാണ്,' ആക്ടിങ് ചീഫ് ജസ്റ്റിസ് രവീന്ദ്ര വി. ഗുഗെ വിമര്‍ശിച്ചു.
മദ്യത്തില്‍ മറ്റ് ഫ്‌ലേവറുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന വിവരം കുപ്പിയില്‍ വളരെ ചെറിയ അക്ഷരങ്ങളിലാണ് അച്ചടിച്ചിരിക്കുന്നത്. ഇത് സാധാരണക്കാര്‍ക്ക് വായിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 'ഞാനൊരു ഭൂതക്കണ്ണാടി വച്ച് നോക്കിയിട്ടും അതെനിക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. കുപ്പിയുടെ എല്ലാ മൂലയിലും ഞാന്‍ നോക്കി, എന്നിട്ടും കണ്ടില്ല' എന്നാണ് ബാര്‍ ആന്‍ഡ് ബെഞ്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം ജസ്റ്റിസ് ഗുഗെ വ്യക്തമാക്കിയത്.