ഉപ്പുമായി കപ്പൽ പുറപ്പെട്ടു; ഓണക്കിറ്റ് ഇത്തവണയും വൈകുമോ?

By Web TeamFirst Published Aug 9, 2022, 1:28 PM IST
Highlights

ഉപ്പുമായി കപ്പൽ  കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടേയുള്ളു എന്ന് റിപ്പോർട്ട്. ഉണങ്ങലരിയും കിറ്റും എത്തിയിട്ടില്ല. ഇത്തവണയും ഓണക്കിറ്റ് വൈകാൻ സാധ്യതയുണ്ട് 
 


തിരുവനന്തപുരം: ഓണക്കിറ്റ് (Onam Kit)  ഇത്തവണയും വൈകിയേക്കുമെന്ന് റിപ്പോർട്ട്. സംസഥാന സർക്കാർ നൽകുന്ന ഓണക്കിറ്റിലേക്ക് ആവശ്യമായ  സാധനങ്ങളിൽ പലതും ഇനിയും സംഭരിക്കാൻ സാധിച്ചിട്ടില്ല. ഉപ്പും ഉണങ്ങലരിയും അടക്കമുള്ള സാധനങ്ങൾ എത്തിയില്ല. ഇതിനാൽ തന്നെ സപ്ലൈക്കോയ്ക്ക്‌ കിറ്റ് ഒരുക്കാൻ കഴിഞ്ഞിട്ടില്ല. 

ഗുജറാത്തിൽ നിന്നാണ് ഉപ്പ് എത്തേണ്ടത്. എന്നാൽ ഉപ്പ് കയറ്റി അയച്ചിട്ട് ഉള്ളു. ഉപ്പ് കൊച്ചിയിൽ എത്തിയ ശേഷം മാത്രമേ സംസ്ഥനത്തെ സപ്ലൈക്കോ സ്റ്റോറുകളിലേക്ക് എത്തിക്കാൻ സാധിക്കുകയുള്ളു. ഘട്ടംഘട്ടമായി മത്രമേ ഉപ്പ് കൊച്ചിയിൽ എത്തുകയുള്ളൂ. ഉണങ്ങലരിക്ക് കരാർ നൽകിയെങ്കിലും വലിയ അളവിൽ ലഭിക്കേണ്ടതിനാൽ അതും വൈകുന്നുണ്ട്. ഉണങ്ങലരി എത്തിയാൽ അത് തൂക്കി പായ്ക്ക് ചെയ്യാനും സമയം വേണ്ടി വരും. മാത്രമല്ല, കിറ്റ് നൽകാനുള്ള സഞ്ചിയും എത്തിയിട്ടില്ല. ഇത് പ്രിന്റ് ചെയ്ത ഓരോ സപ്ലൈക്കോ സ്റ്റോറുകളിലേക്കും എത്തിയാൽ മാത്രമേ കിറ്റ് പൂർണമായി തയ്യാറാക്കാൻ സപ്ലൈക്കോയ്ക്ക്‌ സാധിക്കുകയുള്ളു. 

Read Also: ഒരു രൂപ പോലും ശമ്പളം വേണ്ട; ഇത്തവണയും 15 കോടി വേണ്ടെന്ന് വെച്ച് മുകേഷ് അംബാനി, കാരണം ഇതാണ്

2021 ൽ ഓണക്കിറ്റ് വിതരണം ഓണം കഴിഞ്ഞും വിതരണം ചെയ്യേണ്ടിവന്നിരുന്നു. എന്നാൽ ഇത്തവണ അങ്ങനെ ഉണ്ടാകരുത് എന്ന് സംസ്ഥാന സർക്കാരിന്റെ നിർദേശമുണ്ട്. ഒരു മാസത്തോളം സമയം ഉണ്ടെങ്കിലും സാധനങ്ങൾ എത്താൻ വൈകിയാൽ ഇത്തവണയും ഓണക്കിറ്റ് വിതരണം വൈകിയേക്കും. 14 ഇനങ്ങളുള്ളതാണ് ഇത്തവണത്തെ ഓണക്കിറ്റ്. ചെറുപയർ, പഞ്ചസാര, തുവരപ്പരിപ്പ് എന്നിവ തൂക്കി പായ്ക്ക് ചെയ്തു നൽകണം. 

സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റിലെ സാധനങ്ങൾ ഇവയാണ്;

  1. കശുവണ്ടിപ്പരിപ്പ് 50 ഗ്രാം
  2. മില്‍മ നെയ് 50 മി.ലി
  3. ശബരി മുളക്പൊടി 100 ഗ്രാം
  4. ശബരി മഞ്ഞള്‍പ്പൊടി 100  ഗ്രാം
  5. ഏലയ്ക്ക 20 ഗ്രാം
  6. ശബരി വെളിച്ചെണ്ണ 500 മി.ലി
  7. ശബരി തേയില 100 ഗ്രാം
  8. ശര്‍ക്കരവരട്ടി 100 ഗ്രാം
  9. ഉണക്കലരി 500 ഗ്രാം
  10. പഞ്ചസാര ഒരു കിലോഗ്രാം
  11. ചെറുപയര്‍ 500 ഗ്രാം
  12.  തുവരപ്പരിപ്പ് 250 ഗ്രാം
  13. പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം
  14. തുണിസഞ്ചി

ഇതിനകം 13 തവണ കിറ്റ് നൽകിയെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനായി 5500 കൊടിയുടെ ചെലവ് ഉണ്ടായി. കൊവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യക്കിറ്റ് തുടങ്ങിയത്. ജനത്തിന് ഈ പദ്ധതി നല്ല തോതിൽ പ്രയോജനം ചെയ്തു.   സാമ്പത്തിക പ്രയാസം നേരിടുന്നെങ്കിലും ഓണക്കിറ്റ് മുടക്കില്ല എന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. 

  

click me!