ഓഫറിൽ മയങ്ങി ഇന്ത്യാക്കാർ, ഒരാഴ്ച കൊണ്ട് ഓൺലൈനിൽ 32000 കോടിയുടെ വിൽപ്പന, മണിക്കൂറിൽ 68 കോടിയുടെ ഫോണും വിറ്റു

By Web TeamFirst Published Oct 15, 2021, 3:55 PM IST
Highlights

റെഡ്‌സീർ ഏജൻസി പുറത്തുവിട്ട ഉത്സവ കാലത്തെ ഓൺലൈൻ വിൽപ്പനയുടെ കണക്കുകളിലാണ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത്

ദില്ലി: നവരാത്രിയോട് അനുബന്ധിച്ച് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ നടത്തിയ ഉത്സവ വിൽപ്പനയിൽ ഓരോ മണിക്കൂറിലും വിറ്റുപോയത് 68 കോടി രൂപയുടെ സ്മാർട്ട്ഫോണുകളെന്ന് റിപ്പോർട്ട്. ആമസോണിനെ മറികടന്ന് ഫ്ലിപ്‌കാർട്ട് ഇക്കുറി വിപണി വിഹിതത്തിന്റെ 64 ശതമാനവും കൈക്കലാക്കി. 

റെഡ്‌സീർ ഏജൻസി പുറത്തുവിട്ട ഉത്സവ കാലത്തെ ഓൺലൈൻ വിൽപ്പനയുടെ കണക്കുകളിലാണ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത്. 9 ബില്യൺ ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങൾ വിറ്റുപോകുമെന്ന് നേരത്തെ തന്നെ റെഡ്‌സീർ റിപ്പർട്ട് ചെയ്തിരുന്നു. വിൽപ്പന ഒരാഴ്ച പിന്നിടുമ്പോൾ റെഡ്സീറിന്റെ റിപ്പോർട്ട് ശരിയാകുന്നതാണ് വിപണിയിൽ നിന്നുള്ള കാഴ്ച.

ഉത്സവ വിൽപ്പനയുടെ ആദ്യവാരം ഇ - കൊമേഴ്സ് കമ്പനികൾക്ക് വൻ നേട്ടമാണ് ഉണ്ടായത്. 32000 കോടി രൂപയുടെ സാധനങ്ങളാണ് ഇന്ത്യാക്കാർ മത്സരിച്ച് വാങ്ങിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 32 ശതമാനത്തിന്റെ വളർച്ചയാണ് ഈ കാലത്ത് കമ്പനികളുടെയാകെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. 

സാധനങ്ങൾ വാങ്ങിയ ആളുകളുടെ എണ്ണത്തിലും വർധനവുണ്ടായി, 20 ശതമാനം. ഉൽപ്പന്നങ്ങൾ വാങ്ങിയ ആളുകളിൽ 61 ശതമാനം പേരും ടയർ 2 നഗരങ്ങളിൽ നിന്നുള്ളവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2020 ൽ ഒരു ഉപഭോക്താവ് ശരാശരി 4980 രൂപയുടെ സാധനങ്ങളാണ് വാങ്ങിയിരുന്നതെങ്കിൽ ഇത്തവണ അതും വർധിച്ചു. 5034 രൂപയാണ് ഇതിന്റെ ഇത്തവണത്തെ ശരാശരി. 

ഫാഷൻ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ വാൾമാർട്ടിന്റെ ഫ്ലിപ്കാർട്ടിനെയും, ആഗോള ഭീമനായ ആമസോണിനെയും ഞെട്ടിച്ച് കൊണ്ട് മീശോ 39 ശതമാനം വിപണി വിഹിതം നേടി. ഇക്കുറിയുണ്ടായ വലിയ സ്വീകാര്യതയുടെ പ്രധാന കാരണം കമ്പനികൾ അതിവേഗം ഡെലിവറി സാധ്യമാക്കിയതാണെന്ന് വിലയിരുത്തപ്പെടുന്നു. മുൻപ് ഒരു ഉൽപ്പന്നത്തിന്റെ ഡെലിവറിക്ക് ആവശ്യമായ സമയത്തിൽ നിന്ന് അഞ്ച് മണിക്കൂർ മുൻപ് തന്നെ ഉൽപ്പന്നം ഉപഭോക്താവിന്റെ പക്കലെത്തിക്കാനായതാണ് ഇതിന് കാരണം.

click me!