
ആഭ്യന്തര വിപണിയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യ പഞ്ചസാരയുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയതിന് പിന്നാലെ, തങ്ങളുടെ പക്കലുള്ള അധിക സ്റ്റോക്ക് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പാക്കിസ്ഥാനിലെ പഞ്ചസാര വ്യവസായികള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മരവിച്ചു കിടക്കുന്ന സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത നീക്കം.
വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി 2026 ഒക്ടോബര്‍ 31 വരെ 10 ലക്ഷം മെട്രിക് ടണ്‍ അസംസ്‌കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാന്‍ വ്യാഴാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. വര്‍ഷങ്ങളായി ഇറക്കുമതി നിയന്ത്രണങ്ങളുണ്ടായിരുന്ന ഇന്ത്യന്‍ വിപണിയിലെ സുപ്രധാന മാറ്റമാണിത്.
ഇതിന് പിന്നാലെയാണ് പാക് മില്ലുകളില്‍ കെട്ടിക്കിടക്കുന്ന അധിക പഞ്ചസാര ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ വഴിയൊരുക്കണമെന്ന് പാക്കിസ്ഥാന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പാക് ദിനപത്രമായ 'ദി ന്യൂസ് ഇന്റര്‍നാഷണല്‍' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതിര്‍ത്തി വഴിയുള്ള നേരിട്ടുള്ള വ്യാപാരം നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും, ഇന്ത്യയുടെ പുതിയ തീരുമാനം സാമ്പത്തിക പ്രതിസന്ധിയിലായ തങ്ങള്‍ക്ക് ഒരു പിടിവള്ളിയാകുമെന്നാണ് പാക് മില്ലുടമകള്‍ കരുതുന്നത്.
നിലവില്‍ 1.2 ദശലക്ഷം ടണ്‍ പഞ്ചസാരയാണ് പാക് മില്ലുകളില്‍ അധികമായിട്ടുള്ളത്. ഇത് നവംബറില്‍ ആരംഭിക്കുന്ന അടുത്ത സീസണിലെ കരിമ്പ് സംഭരണത്തെ ബാധിക്കുമെന്ന് പാക് മില്ലുടമകള്‍ പറയുന്നു. എന്നാല്‍, ഇരു രാജ്യങ്ങളുടെയും ഭാഗത്ത് നിന്നുള്ള സുപ്രധാന നയപരമായ തീരുമാനങ്ങള്‍ ഉണ്ടായാല്‍ മാത്രമേ ഈ വ്യാപാരം സാധ്യമാകൂ.