പാലിയേക്കര: നിർമ്മാണ ചെലവിനേക്കാൾ 80 കോടി രൂപ അധികം ടോൾ പിരിച്ചു; കണക്കടക്കം ഹൈക്കോടതിയിൽ ഹർജി

By Web TeamFirst Published Sep 27, 2021, 5:07 PM IST
Highlights

ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ  അടിയന്തരമായി പൂർത്തീകരിക്കണമെന്ന ആവശ്യത്തിൽ കരാർ കമ്പനിയെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്

തൃശ്ശൂർ: ദേശീയപാതയിൽ (National Highway) ഇടപ്പള്ളി മുതൽ മണ്ണുത്തി വരെയുള്ള ഭാഗത്തെ റോഡ് നിർമ്മാണത്തിന് ചെലവായതിലും 80 കോടി രൂപയിലേറെ തുക ഇതിനോടകം നിർമ്മാണ കമ്പനി ടോൾ പിരിച്ചെന്ന് കണക്ക്. കേരള ഹൈക്കോടതിയിൽ (Kerala High Court) കോൺഗ്രസ് നേതാക്കളായ ഷാജി കോടങ്കണ്ടത്തും ടിജെ സനീഷ് കുമാറും സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം പറയുന്നത്. പാലിയേക്കര ടോൾ (Paliyekkara Toll) പിരിവ് ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ദേശീയപാതാ അതോറിറ്റിക്കും (NHAI) നോട്ടീസ് അയച്ചു.

ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ടോൾ പിരിക്കുന്നതെന്ന് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട വിവരാവകാശ രേഖയിൽ പറയുന്നു. ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ  അടിയന്തരമായി പൂർത്തീകരിക്കണമെന്ന ആവശ്യത്തിൽ കരാർ കമ്പനിയെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. ദേശീയ പാതയിൽ ടോൾ പിരിക്കാനുള്ള അനുമതി രണ്ടു വർഷത്തേക്ക് കൂടി നീട്ടി കൊടുത്തത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. ഈ വിഷയത്തിൽ നേരത്തെ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നുവെങ്കിലും  ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു.

2020 ജൂണ്‍ മാസം വരെ കമ്പനി 801.6 കോടി രൂപ പിരിച്ചതായി ഹര്‍ജിക്കൊപ്പം സമർപ്പിക്കപ്പെട്ട രേഖകളിൽ പറയുന്നു. 64.94 കിലോമീറ്റർ ദേശീയപാതയുടെ നിർമാണത്തിന് 721.17 കോടി രൂപയാണ് ചെലവായത്. 2012 ഫെബ്രുവരിയിലാണ് മണ്ണുത്തി, ഇടപ്പള്ളി ദേശീയപാതയില്‍ ടോൾ പിരിവ് ആരംഭിക്കുന്നത്. പിന്നീട് 2020 ജൂൺ മാസം വരെ നിർമ്മാണ ചെലവിനെ അപേക്ഷിച്ച് 80 കോടി രൂപ അധികം പിരിച്ചെടുത്തുവെന്നാണ് ഹർജിക്കാരന്റെ ആരോപണം. നിർമാണ ചെലവ് ലഭിച്ചാൽ ആ ഭാഗത്തെ ടോൾ സംഖ്യയുടെ 40 ശതമാനം കുറയ്ക്കാൻ കമ്പനി ബാധ്യസ്ഥരാണെന്ന് കരാർ വ്യവസ്ഥയുണ്ടെന്ന് ഷാജി കോടങ്കണ്ടത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

click me!