
ആഡംബര വിവാഹങ്ങൾ നടത്തുന്നതിൽ മുൻപന്തിയിലാണ് ഇന്ത്യക്കാർ. പലവിധ ചടങ്ങുകളോടെ, വിവാഹം എന്നുള്ളത് വലിയ ആഘോഷമെന്ന രീതിയിൽ ഇന്ത്യക്കാർ ഒരു അപ്രഖ്യാപിത മാനദണ്ഡം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. മിഡിൽ ക്ലാസ് ഉൾപ്പടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ വരെ വിവാഹം നടത്താൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ട്. വിവാഹത്തിന് വ്യക്തിഗത വായ്പ വരെ പലരും എടുക്കാറുണ്ട്. ഇങ്ങനെ വിവാഹ വ്യക്തിഗത വായ്പ എടുക്കുന്നതിന് മുൻപ് എന്തൊക്കെ കാര്യങ്ങൾ പരിഗണിക്കണം?
വായ്പാ ആവശ്യങ്ങൾ ഉറപ്പാക്കുക
വായ്പ യോഗ്യത കൂടുതൽ ഉണ്ടെങ്കിലും അത്യാവശ്യത്തിന് മാത്രം കടം വാങ്ങുക. അമിതമായി കടം വാങ്ങുന്നത് സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുകയും സമ്പാദ്യത്തെ തകർക്കുകയും ചെയ്യും. എപ്പോഴും പ്രതിമാസ കടബാധ്യതകൾ, മൊത്ത വരുമാനത്തിന്റെ 40% ൽ താഴെയായി പരിമിതപ്പെടുത്താൻ ശ്രദ്ധിക്കുക.
പലിശ നിരക്ക് മനസ്സിലാക്കുക
പലിശ നിരക്ക് ഉയരുന്നത് പ്രതിമാസ ഇഎംഐ ഉയർത്തും. ഇത് കൂടുതൽ ചെലവിന് കാരണമാകും. അതിനാൽ വായ്പ എടുക്കുന്നതിന് മുൻപ് വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്യുക. കൂടാതെ, ലോണിന്റെ മൊത്തത്തിലുള്ള ചെലവിനെ ബാധിച്ചേക്കാവുന്ന പ്രോസസ്സിംഗ് ഫീസ്, പ്രീപേയ്‌മെന്റ് ചാർജുകൾ, മറ്റ് ചെലവുകൾ എന്നിവ കണക്കിലെടുക്കേണ്ടതുണ്ട്.
കൃത്യമായ തിരിച്ചടവ് പ്ലാൻ ചെയ്യുക
സമയബന്ധിതമായ തിരിച്ചടവുകൾക്കായി കണക്കുകൂട്ടലുകൾ നടത്തുക. കാരണം ഇഎംഐ മുടങ്ങിയാൽ ക്രെഡിറ്റ് സ്കോർ കുറയുന്നതിന് കാരണമാകും. വായ്പ എടുക്കുന്നതിന് മുമ്പ്, ഇഎംഐ എത്ര വരണമെന്നുള്ളത് പ്ലാൻ ചെയ്യുക.
ക്രെഡിറ്റ് സ്കോർ പരിശോധിക്കുക:
750 ന് മുകളിൽ ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ കുറഞ്ഞ പലിശ നിരക്ക് ലഭിച്ചേക്കാം. അതിനാൽ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ക്രെഡിറ്റ് സ്കോർ പതിവായി നിരീക്ഷിക്കുകയും എന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യണം.