പെട്രോൾ, ഡീസൽ വില കൂടുമോ? സമ്മർദം ചെലുത്തി എണ്ണ കമ്പനികൾ; ആവശ്യം തല്‍ക്കാലം അംഗീകരിക്കാതെ കേന്ദ്ര സർക്കാർ

Published : May 01, 2026, 07:36 PM IST
Petrol Diesel Price update

Synopsis

ക്രൂഡ് ഓയിൽ വില ഉയർന്നതോടെ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കാൻ എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നു. എന്നാൽ, സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം മാത്രം തീരുമാനമെടുത്താൽ മതിയെന്ന നിലപാടിലാണ് സർക്കാർ. ഇറക്കുമതിയിൽ കുറവ് വന്നതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.

ദില്ലി: പെട്രോൾ, ഡീസൽ വില വർദ്ധനവിന് സമ്മർദ്ദം ചെലുത്തി എണ്ണ കമ്പനികൾ. തെരഞ്ഞെടുപ്പ് പൂർത്തിയായെങ്കിലും എണ്ണ കമ്പനികളുടെ ആവശ്യം സ്ഥിതി നിരീക്ഷിച്ച ശേഷം പരിഗണിച്ചാൽ മതിയെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ കഴിഞ്ഞ മാസം പതിനഞ്ച് ശതമാനം കുറവ് വന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയ ശേഷം വാണിജ്യ എൽപിജി സിലിണ്ടറുകളുടെയും പ്രീമിയം പെട്രോളിൻ്റെയും വിലയാണ് എണ്ണ കമ്പനികൾ കൂട്ടിയത്. ഗാർഹിക സിലിണ്ടറുകളുടെ വിലയും ചെറുതായി കൂട്ടിയിരുന്നു. എന്നാൽ എൺപത് ശതമാനം പെട്രോളിയം ഉത്പന്നങ്ങളുടെയും വില പിടിച്ചു നിറുത്താനായി എന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് ബാരലിന് 55 ഡോളറിനാണ് റഷ്യയിൽ നിന്ന് ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ കിട്ടിയിരുന്നത്. ആ സമയത്ത് ഇന്ത്യൻ കമ്പനികൾ ഈ വിലക്കുറവ് മുതലാക്കി വൻ ലാഭം നേടി. 

ഗൾഫിൽ നിന്നുള്ള ക്രൂഡ് ഓയിലും എൽപിജിയും നിലച്ചതോടെ റഷ്യ അടക്കം നാല്പത് രാജ്യങ്ങളിൽ നിന്ന് ഇന്ത്യ പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുകയാണ്. ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിൽ മാസത്തിലെ ഇറക്കുമതിയിൽ 15 ശതമാനത്തിൻ്റെ കുറവുണ്ട്. ബാരലിന് 126 ഡോളർ വരെ വില ഉയരുന്ന സാഹചര്യത്തിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വ്യോമയാന ഇന്ധനത്തിൻ്റെയും വില ഉയർത്തണമെന്നാണ് എണ്ണ കമ്പനികളുടെ ആവശ്യം. എല്ലാ കമ്പനികളും രേഖാമൂലം ഇക്കാര്യം സർക്കാരിനെ അറിയിച്ചെന്നാണ് സൂചന. എക്സൈസ് തീരുവ പത്ത് രൂപ കുറച്ചാണ് കേന്ദ്രം കമ്പനികളുടെ നഷ്ടം തല്ക്കാലം നികത്തുന്നത്.

വില വർദ്ധനവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ തല്ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു. വില കൂട്ടാതിരിക്കാനാവില്ലെന്ന ധനമന്ത്രാലയത്തിൻ്റെ വിലയിരുത്തൽ പൊതു നിരീക്ഷണമാണെന്നും സർക്കാർ തീരുമാനത്തിൻ്റെ ഭാഗമല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇന്ന് മുതൽ വില കൂടും എന്ന പ്രചാരണം നേരത്തെ ആന്ധ്രപ്രദേശിൽ വലിയ പരിഭ്രാന്തിക്കിടയാക്കിയിരുന്നു. അതിനാൽ സ്ഥിതി നിരീക്ഷിച്ച ശേഷം സാവധാനം തീരുമാനം എടുക്കാനാണ് കേന്ദ്ര സർക്കാർ ആലോചന.

PREV
Read more Articles on
click me!

Recommended Stories

ലോകകപ്പ് ആവേശം പതഞ്ഞുപൊങ്ങും; ഫുട്‌ബോളിനൊപ്പം ഒഴുകുക 100 കോടി പൈന്റ് ബിയര്‍!
20 വ‍‌ർഷം മുന്നേ തുടങ്ങിയ തയ്യാറെടുപ്പും കരുനീക്കങ്ങളും! ചിപ്പ് വിപണിയില്‍ ഇന്ത്യയെ പിന്തള്ളി വൻ കുതിപ്പ്; ഇന്റലും സാംസങ്ങും വിയറ്റ്‌നാമിലേക്ക്