ഇരുട്ടടിയായി എട്ടാം ദിനവും ഇന്ധനവില വർധന; പെട്രോൾ ലിറ്ററിന് 76 രൂപ കടന്നു, ഡീസൽ വില 70 കടന്നു

By Web TeamFirst Published Jun 14, 2020, 9:11 AM IST
Highlights

കൊച്ചിയിൽ പെട്രോളിന് 76 രൂപ16 പൈസയും ഡീസലിന് 70 രൂപ 21 പൈസയുമാണ് ഇന്ന് ഈടാക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 76 രൂപ 89 പൈസയും ഡീസലിന് 70രൂപ 97 പൈസയും ഈടാക്കുന്നു.

തിരുവനന്തപുരം: തുടർച്ചയായ എട്ടാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധന. എട്ടര ദിവസത്തിനിടെ നാലര രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനവില വർധനയെത്തുടർന്ന് സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 76 രൂപ കടന്നു. ഡീസൽ വില 70 രൂപ കടന്നു.

കൊച്ചിയിൽ പെട്രോളിന് 76 രൂപ16 പൈസയും ഡീസലിന് 70 രൂപ 21 പൈസയുമാണ് ഇന്ന് ഈടാക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 76 രൂപ 89 പൈസയും ഡീസലിന് 70രൂപ 97 പൈസയും ഈടാക്കുന്നു. കോഴിക്കോട്ട് പെട്രോളിന് 76 രൂപ 49 പൈസയും ഡീസലിന് 70രൂപ 54 പൈസയുമാണ് ലിറ്ററിന് വില. 

പെട്രോൾ വില വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ കത്തയച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചത്. വില കുറയ്ക്കാൻ എണ്ണ കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്നാണ് കത്തിലെ ആവശ്യം.

കൊവിഡിനൊപ്പം ഇന്ധന വില കുതിച്ചുയരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. ഒരാഴ്ചക്കിടെ രാജ്യത്ത് പെട്രോളിനും ഡീസലിനും നാലു രൂപയോളമാണ് വർധിച്ചത്. ഇതോടെ, വിലക്കയറ്റ ഭീതിയിലാണ് പൊതുജനങ്ങൾ. കൊവിഡ് കാരണം പൊറുതിമുട്ടിയ സാധാരണക്കാരന് ഇന്ധനവിലക്കയറ്റമുണ്ടാക്കുന്നത് ഇരട്ടി ദുരിതം നല്‍കുന്നതാണ്. 

ലോക്ഡൗണിന് ശേഷം ഓട്ടോ ടാക്സി സർവ്വീസുകൾ സജീവമാകുന്നതേ ഉള്ളൂ. രണ്ട് മാസത്തെ വരുമാനനഷ്ടത്തിന് ശേഷം എത്തിയ തൊഴിലാളികൾക്ക് ഇന്ധന വില വർധന താങ്ങാനാകുന്നില്ല. ഓട്ടോ-ടാക്സി ചാർജ്ജ് ഉൾപ്പടെ കൂട്ടണമെന്ന ആവശ്യവും ഇതിനൊപ്പം ഉയർന്നു വരികയാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞാലും ഗുണം ഉപഭോക്താവിന് കിട്ടുന്നില്ല. ഈ രീതിയിൽ മുന്നോട്ട് പോയാൽ വരുന്ന മൂന്ന് മാസത്തിനുള്ളിൽ തന്നെ കുറഞ്ഞത് 80 മുതൽ 85 രൂപ വരെ പെട്രോൾ ഡീസൽ നിരക്ക് എത്തുമെന്നാണ് വിദഗ്ധർ പറയുന്നത്.


 

click me!