രാജ്യത്തെ ഇന്ധന വിലയിൽ വർധനയുണ്ടാകുമെന്ന സൂചന നൽകി കേന്ദ്ര പെട്രോളിയം മന്ത്രി

Published : Mar 08, 2022, 04:19 PM IST
രാജ്യത്തെ ഇന്ധന വിലയിൽ വർധനയുണ്ടാകുമെന്ന സൂചന നൽകി കേന്ദ്ര പെട്രോളിയം മന്ത്രി

Synopsis

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നത് ഇന്ധനവില വര്‍ധനക്ക് കാരണമാകുമെന്ന ആശങ്ക പരക്കെയുണ്ട്. 

ദില്ലി: രാജ്യത്തെ എണ്ണ വില കൂടിയേക്കുമെന്ന സൂചന നൽകി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. അന്താരാഷ്ട്ര വിപണിവില രാജ്യത്തെ എണ്ണവിലയെ സ്വാധീനിക്കുമെന്നും റഷ്യ - യുക്രൈൻ പ്രതിസന്ധി എണ്ണ കമ്പനികളെ ബാധിക്കുമെന്നും വ്യക്തമാക്കിയ മന്ത്രി അന്താഷ്ട്ര സാഹചര്യങ്ങൾ കണക്കിലെടുത്ത് തീരുമാനം കൈകൊള്ളേണ്ടി വന്നേക്കുമെന്നും പറഞ്ഞു. 

അതേസമയം  യുക്രൈന്‍-റഷ്യ യുദ്ധം (Ukraine-Russia War) മുറുകുന്നതിനിടെ ഭക്ഷ്യ എണ്ണയും (Edible Oil) ഇന്ധനവും (Fuel) സ്‌റ്റോക്ക് ചെയ്ത് ഇന്ത്യക്കാര്‍. യുദ്ധം കാരണം ഭക്ഷ്യ എണ്ണയുടെ വില ഉയര്‍ന്നിരുന്നു. ഭാവിയിലെ വിലക്കയറ്റവും ക്ഷാമവും മുന്നില്‍ക്കണ്ടാണ് ആളുകൾ കൂടുതലായി എണ്ണ വാങ്ങിക്കൂട്ടുന്നത് എന്നാണ് നിഗമനം. എന്‍ഡിടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നത് ഇന്ധനവില വര്‍ധനക്ക് കാരണമാകുമെന്ന ആശങ്ക പരക്കെയുണ്ട്. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ രാജ്യത്താകമാനം ഇന്ധനവിലയില്‍ വരും ദിവസങ്ങളില്‍ വന്‍കുതിപ്പുണ്ടാകുമെന്ന തരത്തിൽ പ്രചരണം ശക്തമാണ്. ഒരു മാസത്തിനുള്ളില്‍ ഭക്ഷ്യ എണ്ണ വിലയില്‍ 20 ശതമാനത്തിലധികമാണ് വര്‍ധനവാണുണ്ടായത്. ഇതിന് പുറമെ സോഷ്യല്‍ മീഡിയയില്‍  ക്ഷാമം സംബന്ധിച്ച വ്യാജ സന്ദേശങ്ങളും ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നു. രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ ആവശ്യത്തിന്റെ മുക്കാല്‍ ഭാഗവും ഇറക്കുമതി ചെയ്യുകയാണ്. 

സൂര്യകാന്തി എണ്ണ 90 ശതമാനവും റഷ്യയില്‍ നിന്നും യുക്രൈനില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയില്‍ 14 ശതമാനമാണ് പാചകത്തിനായി സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നത്. അതേസമയം, പാം, സോയ, റാപ്സീഡ് ഓയില്‍, നിലക്കടല എന്നിവ പോലുള്ള മറ്റ് ഭക്ഷ്യ എണ്ണകളുടെ വിതരണത്തില്‍ പ്രശ്‌നമില്ലെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മുംബൈ ആസ്ഥാനമായുള്ള സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി വി മേത്ത പറഞ്ഞു.

ക്രൂഡ് ഓയില്‍വില ബാരലിന് 140 ഡോളര്‍ എത്തിയ സ്ഥിതിക്ക് രാജ്യത്തെ എണ്ണവില ഉയര്‍ന്നേക്കുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാരണം രാജ്യത്ത് എണ്ണവില നവംബര്‍ 4 മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ നിലവിലെ വിലക്കയറ്റം വച്ച് ഇന്ധന വിലയില്‍ ലിറ്ററിന് 15-20 രൂപയുടെ വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വില ഉയരുമെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്നാണ് ഇന്ധന പമ്പുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
 

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം