ഇന്ത്യൻ സാമ്പത്തിക രംഗത്തിന് ജുൻജുൻവാലെ നൽകിയത് അമൂല്യ സംഭാവനകൾ: പ്രധാനമന്ത്രി

By Pranav AyanikkalFirst Published Aug 14, 2022, 11:03 AM IST
Highlights

ഇന്ത്യയുടെ പുരോഗതിയിൽ വളരെയധികം താത്പര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു ജുൻജുൻവാല. അദ്ദേഹത്തിന്റെ വിയോഗം ദുഃഖകരമാണ്.

ദില്ലി: രാകേഷ് ജുൻ‌ജുൻ‌വാലയുടെ മരണത്തിൽ അനുശോചനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിതത്തിൽ അജയനായിരുന്ന വ്യക്തിയായിരുന്നു രാകേഷ് ജുൻജുൻവാലെയെന്നും ഊർജ്ജസ്വലനും നർമബോധവും ഉൾക്കാഴ്ചയുമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേതെന്നും ഇന്ത്യൻ സാമ്പത്തികരംഗത്തിന് ജുൻജുൻവാല നൽകിയ സംഭവാനകൾ അമൂല്യമാണെന്നും അദ്ദേഹത്തോടൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ച് കൊണ്ട് മോദി പറഞ്ഞു. 

" ഇന്ത്യയുടെ പുരോഗതിയിൽ വളരെയധികം താത്പര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു ജുൻജുൻവാല. അദ്ദേഹത്തിന്റെ വിയോഗം ദുഃഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും എന്റെ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി," പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ജീവിതത്തിൽ വലിയ സമ്പാദ്യം നേടിയെടുക്കാൻ കൊതിക്കുന്നവർക്കുള്ള എക്കാലത്തേയും മികച്ച മാതൃകയാണ് ജുൻജുൻവാലെയെന്ന് കേന്ദ്രവാണിജ്യമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. 

"മുതിർന്ന നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ വിയോഗത്തിൽ അഗാധമായ വേദനയുണ്ട്. കോടികളുടെ സമ്പത്ത് സൃഷ്ടിക്കുന്നതിന് അദ്ദേഹം പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എന്റെ ഹൃദയംഗമമായ അനുശോചനം. ഓം ശാന്തി," പീയുഷ് ഗോയൽ ട്വീറ്ററിൽ പറഞ്ഞു. 

ദലാൽ സ്ട്രീറ്റിലെ ബിഗ് ബുൾ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച രാകേഷ് ജുൻ‌ജുൻവാല. ഇന്ന് രാവിലെയാണ് മരിച്ചത്. രാവിലെ വീട്ടിൽ അബോധാവസ്ഥയിൽ കാണപ്പെട്ട അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡ് ആശുപത്രയിൽ എത്തിച്ചെങ്കിലും രാവിലെ 6.45ഓടെ മരണം സംഭവിച്ചു. 

ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് അദ്ദേഹത്തിന് ഏകദേശം 5.5 ബില്യൺ ഡോളറിന്റെ ആസ്തി ഉണ്ട്.

വെറും 5000 രൂപയുമായി നിക്ഷേപക രംഗത്തേക്ക് വന്ന ജുൻജുൻവാല സ്വപ്രയത്നം കൊണ്ട് ഉന്നതങ്ങൾ കീഴടക്കിയ വ്യക്തിയാണ്. രാജ്യത്തെ അതിസമ്പന്നരിൽ 36ാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിന്റെ ആസ്തി മരിക്കുമ്പോൾ 5.8 ബില്യൺ ഡോളറായിരുന്നു. 

1960 ജൂലൈ അഞ്ചിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. മുംബൈയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ബിരുദ പഠനത്തിന് ശേഷം ചാർട്ടേർഡ് അക്കൗണ്ടന്റായി. ഓഹരി വിപണിയിൽ നേട്ടങ്ങൾ കൊയ്ത അദ്ദേഹം പിൽക്കാലത്ത് ആപ്ടെക് ലിമിറ്റഡ് ചെയർമാനായും ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടെയ്ൻമെന്റ് ചെയർമാനായും പ്രവർത്തിച്ചു.

പ്രൈം ഫോക്കസ് ലിമിറ്റഡ്, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ്, ബിൽകെയർ ലിമിറ്റഡ്, പ്രാജ് ഇന്റസ്ട്രീസ് ലിമിറ്റഡ്, പ്രൊവോഗ് ഇന്ത്യ ലിമിറ്റഡ്, കോൺകോർഡ് ബയോടെക്, ഇന്നോവസിന്ത് ടെക്നോളജീസ്, മിഡ് ഡേ മൾട്ടിമീഡിയ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി, വൈസ്റോയ് ഹോട്ടൽസ്, ടോപ്സ് സെക്യൂരിറ്റി കമ്പനികളുടെയെല്ലാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ബിഗ് ബുൾ ഓഫ് ഇന്ത്യ, കിങ് ഓഫ് ബുൾ മാർക്കറ്റ് എന്നെല്ലാം അദ്ദേഹത്തെ ബിസിനസ് ലോകം വിശേഷിപ്പിച്ചിരുന്നു. ആകാശ എയർ വിമാനക്കമ്പനിയാണ് രാകേഷ് ജുൻജുൻവാലയുടെ നിക്ഷേപത്തിലെ അവസാനത്തേത്. മുൻ ജെറ്റ് എയർവേസ് സിഇഒ വിനയ് ദുബെക്കൊപ്പമാണ് ഈ കമ്പനി തുടങ്ങി. നിലവിൽ രണ്ട് വിമാനങ്ങളുള്ള കമ്പനി 70 എയർക്രാഫ്റ്റുകളുമായി ആഭ്യന്തര വിമാന സർവീസ് രംഗത്ത് കുതിച്ചു ചാട്ടത്തിന് ഒരുങ്ങി നിൽക്കെയാണ് നെടുംതൂണായ രാകേഷ് ജുൻജുൻവാലയുടെ മരണം.

ഇന്ത്യൻ നിക്ഷേപകരിലെ അതികായൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു

 

click me!