എട്ട് കോടി കർഷകർക്ക് പ്രധാനമന്ത്രിയുടെ കൈത്താങ്ങ്; ലഭിച്ചത് 2,000 രൂപ വീതം !

By Web TeamFirst Published Apr 11, 2020, 10:35 AM IST
Highlights

പ്രതിവർഷം ആറായിരം രൂപ മൂന്ന് തുല്യ തവണകളായാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത്. 

ദില്ലി: രാജ്യത്തെ എട്ട് കോടിയോളം കർഷകർക്ക് പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ആനുകൂല്യം. മാർച്ച് 24 മുതൽ ഇതുവരെ രാജ്യത്തെ 7.92 കോടി കർഷകർക്ക് 15,841 കോടിയാണ് വിതരണം ചെയ്തത്. കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ പ്രതിവർഷം ആറായിരം രൂപ മൂന്ന് തുല്യ തവണകളായാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത്. വാർഷിക വരുമാനം അടിസ്ഥാനമാക്കിയാണ് ഇത്.

കേന്ദ്ര കാർഷിക മന്ത്രാലയം വെള്ളിയാഴ്ച പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലാവുന്നവരെ സഹായിക്കാനായി ഏപ്രിൽ ആദ്യ വാരം മുതൽ പിഎം കിസാൻ പദ്ധതിയുടെ ആദ്യ ​ഗഡുവായ രണ്ടായിരം രൂപ നിക്ഷേപിക്കുമെന്ന് മാർച്ച് 27 നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.

കൊവിഡ് വൈറസ് ബാധയെ തുടർന്ന് രാജ്യം മുഴുവൻ ഏപ്രിൽ 14 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്തെ 200 ലധികം രാഷ്ട്രങ്ങളെ കൊവിഡ് വൈറസ് ബാധ ഇതിനോടകം ബാധിച്ചിട്ടുണ്ട്.

click me!