
കൊച്ചി : നോണ്‍-ഫഞ്ചബിള്‍ ടോക്കന്‍സ് (non-fungible token) നിക്ഷേപം ആരംഭിച്ച് പൃഥ്വിരാജ് സുകുമാരൻ. ലക്ഷ്മി മാധവന്‍ എന്ന കലാകാരിയുടെ ഐ സ്‌പൈ വിത് മൈ ലിറ്റില്‍ ഐ എന്ന ആര്‍ട്ട് വര്‍ക്കാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്. ഇതിന് 0.80 ഇടിഎച്ച് (1.9 ലക്ഷം രൂപ) വില വരും. എന്‍എഫ്ടി (NFT) നിക്ഷേപം നടത്തിയതായി പൃഥ്വിരാജ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രേക്ഷകരെ അറിയിച്ചത്. ഇതാണ് തന്റെ ആദ്യ എന്‍എഫ്ടി എന്ന് പറഞ്ഞുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ താൻ സ്വന്തമാക്കിയ എന്‍എഫ്ടിയുടെ ചിത്രം പൃഥ്വിരാജ് പങ്കുവെച്ചിട്ടുമുണ്ട്.
താരങ്ങളുടെ ക്രിപ്‌റ്റോകറന്‍സി (cryptocurrency), എന്‍എഫ്ടി നിക്ഷേപങ്ങൾ ഡിജിറ്റൽ ലോകത്ത് പ്രധാന ചർച്ച വിഷയങ്ങളാകാറുണ്ട്. അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങളുടെ എന്‍എഫ്ടി നിക്ഷേപം വാർത്തയായിരുന്നു. കേരളത്തില്‍ നിന്നും റിമ കല്ലിങ്കലും പേളി മാണിയുമാണ് എന്‍എഫ്ടി സ്വന്തമാക്കിയ താരങ്ങൾ. പൃഥ്വിരാജ് സ്വന്തമാക്കിയ എന്‍എഫ്ടി നിർമ്മിച്ച ലക്ഷ്മി ബിനാലെയില്‍ പങ്കെടുത്ത് ശ്രദ്ധനേടിയ കലാകാരിയാണ്. ഈ അടുത്ത കാലത്താണ് ലക്ഷ്മി എന്‍എഫ്ടി ആരംഭിച്ചത്.
അമിതാഭ് ബച്ചൻ എന്‍എഫ്ടി നിക്ഷേപം നടത്തി എന്നതും വാർത്തയായിരുന്നു. അച്ഛന്‍ ഹരിവംശ് റായി ബച്ചന്റെ 'മധുശാല' എന്ന കവിത സ്വന്തം സ്വരത്തിൽ ആലപിച്ചാണ് അമിതാഭ് ബച്ചൻ എന്‍എഫ്ടിയായി വിറ്റത്. 7,56,000 ഡോളറാണ് ഇതിൽ നിന്നും ബച്ചൻ സ്വന്തമാക്കിയത്. കൂടാതെ സ്വന്തം കൈയൊപ്പ് ചാർത്തിയ സിനിമാ പോസ്റ്ററുകള്‍ തുടങ്ങി മറ്റു ശേഖരങ്ങളെല്ലാം കൂടി നാലു ദിവസത്തെ ലേലത്തിൽ വിറ്റപ്പോൾ ബച്ചന് മൊത്തം ഒരു മില്യണ്‍ ഡോളറിന്റെ അടുത്ത് ലാഭം കിട്ടി. മലയാള താരങ്ങളിൽ റിമ കല്ലിങ്കലാണ് ആദ്യം എന്‍എഫ്ടി എന്ന സാങ്കേതികവിദ്യയിലേക്ക് ചുവടുവെച്ചത്. ‘ദ ഇന്‍സര്‍ജന്റ് ബ്ലൂം’ എന്ന റിമയുടെ ഡിജിറ്റൽ കലാ സൃഷ്ടി 24 മണിക്കൂറിനകം 7.7 ലക്ഷം രൂപയ്ക്കാണ് ഓണ്‍ലൈനായി വിറ്റുപോയത്. ദി ബോഹോ മോന്‍ക്, ഫ്രാന്‍സിസ് കുര്യന്‍, ലാമി മ്യൂസിക് എന്നീ കലാകാരന്മാര്‍ക്ക് ഒപ്പമാണ് റിമ പ്രവർത്തിച്ചത്.
എന്താണ് എന്‍എഫ്ടി?
എന്‍എഫ്ടി അതായത് നോണ്‍ - ഫഞ്ചിബിള്‍ ടോക്കണ്‍ എന്നാൽ സവിശേഷമായതും എന്നാൽ മറ്റൊന്നിനോട് ഒരിക്കലും പകരം വെക്കാൻ പറ്റാത്തതുമായ വിലപ്പെട്ടവ എന്നാണ് അർത്ഥമാക്കുന്നത്. ചുരുക്കി പറഞ്ഞാൽ ലോകത്ത് ഒന്നേ ഉണ്ടാകുകയുള്ളൂ എന്നർത്ഥം. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും ആ വസ്തുവിന്റെ മൂല്യവും ഡിമാൻഡും വർധിക്കും. ക്രിപ്‌റ്റോകറന്‍സികളെന്ന പോലെ ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിതമായാണ് എന്‍എഫ്ടിയും പ്രവര്‍ത്തിക്കുന്നത്. ഡിജിറ്റല്‍ ആര്‍ട്ട് വര്‍ക്ക്, ഓഡിയോ, ഛായാചിത്രങ്ങള്‍ തുടങ്ങി സിനിമകൾ വരെ എന്‍എഫ്ടിയാക്കാം. ഡിജിറ്റല്‍ ലഡ്ജറില്‍ വികേന്ദ്രീകൃത കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുപയോഗിച്ച് ഡാറ്റ പരിപാലിക്കുന്നതിനെയാണ് എന്‍എഫ്ടി ടെക്‌നോളജി എന്ന് പറയുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന ഓരോ ഡാറ്റയും ഓരോ എന്‍എഫ്ടിയായിരിക്കും. Axie ഇൻഫിനിറ്റി, ഡീസെന്റ്റ്ലാൻഡ്, ഫൗണ്ടേഷൻ എന്നിങ്ങനെ വിവിധ എക്‌സ്‌ചേഞ്ചുകളിലൂടെ ഈ എന്‍എഫ്ടികൾ വില്പനയ്ക്ക് വെക്കാം. ഈ എക്സ്ചേഞ്ചുകളിൽ ആദ്യം രജിസ്റ്റർ ചെയ്യേണ്ട ആവശ്യമുണ്ട്. അതിനു ഒരു നിശ്ചിത ഫീസ് ഈടാക്കുകയും ചെയ്യും. എഥറിയം, ടെസോസ്, വസീര്‍ എക്‌സ് ടോക്കണ്‍, സോലാന മുതലായ ക്രിപ്‌റ്റോകറന്‍സികളാണ് പൊതുവെ എന്‍എഫ്ടി വാങ്ങാനും വിൽക്കാനും ഉപയോഗിക്കുന്നത്.