രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ വിദേശ നാണ്യശേഖരം ചെലവിടുന്നത് കെണിയാകും; മുന്നറിയിപ്പുമായി രഘുറാം രാജന്‍

Published : Oct 28, 2026, 03:50 PM IST
raghuram rajan

Synopsis

രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ വിദേശനാണ്യശേഖരം അമിതമായി ചെലവഴിക്കുന്നത് അപകടകരമാണെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്റെ മുന്നറിയിപ്പ്. രൂപയുടെ മൂല്യം ഇടിയുന്നത് കയറ്റുമതി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അതിനാല്‍ പരിഭ്രാന്തി വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള എണ്ണവില വര്‍ധനവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് തിരിച്ചടിയാകുന്നത്.

രൂപയുടെ മൂല്യത്തിലെ ഇടിവ് തടയാന്‍ രാജ്യത്തിന്റെ വിദേശനാണ്യശേഖരം അമിതമായി ചെലവഴിക്കുന്നത് അപകടകരമാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രൂപയുടെ വിനിമയനിരക്ക് ഒരു നിശ്ചിത നിലവാരത്തില്‍ നിലനിര്‍ത്താന്‍ മാത്രം ശ്രമിക്കാതെ, സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തീരുമാനമെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. രൂപയുടെ മൂല്യത്തിലെ ഇടിവ് ചില സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രൂപയുടെ മൂല്യത്തിലെ ഇടിവ് നിയന്ത്രിക്കാനും അത് പണപ്പെരുപ്പത്തിലും സാമ്പത്തിക സ്ഥിരതയിലും സൃഷ്ടിച്ചേക്കാവുന്ന ആഘാതം കുറയ്ക്കാനും റിസര്‍വ് ബാങ്ക് വിദേശനാണ്യ വിപണിയിലെ ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദേശനാണ്യശേഖരം കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത വേണമെന്ന രാജന്റെ മുന്നറിയിപ്പ്.

രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നുനില്‍ക്കുന്നതും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതും രൂപയ്ക്കുമേല്‍ സമ്മര്‍ദം ശക്തമാക്കുന്ന സാഹചര്യത്തിലാണ് രഘുറാം രാജന്റെ നിരീക്ഷണം. രൂപയുടെ മൂല്യം ഇടിയുമ്പോള്‍ പരിഭ്രാന്തരായി പെട്ടെന്നുള്ള നടപടികളിലേക്ക് കടക്കരുതെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ രൂപയുടെ പ്രകടനം വിലയിരുത്തണമെന്നും രാജന്‍ പറഞ്ഞു. രൂപയുടെ മൂല്യത്തിലെ ഇടിവുമായി ബന്ധപ്പെട്ട് ആദ്യം വേണ്ടത് പരിഭ്രാന്തി ഒഴിവാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എണ്ണവില ഉയര്‍ന്നുതന്നെ തുടരുകയാണെങ്കില്‍ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി ഇനിയും വര്‍ധിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറന്‍സി

2026ല്‍ ഇതുവരെ രൂപയുടെ മൂല്യം ഏകദേശം ആറു ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഇതോടെ ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറന്‍സികളില്‍ രണ്ടാം സ്ഥാനത്താണ് രൂപ. മേയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ന്ന നിലവാരമായ 96.96ല്‍ എത്തിയിരുന്നു. ആഗോള എണ്ണവിലയിലെ വര്‍ധന, യുഎസ് ട്രഷറി ബോണ്ടുകളുടെ ഉയര്‍ന്ന വരുമാനനിരക്ക്, വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍നിന്ന് തുടര്‍ച്ചയായി പണം പിന്‍വലിക്കുന്നത് എന്നിവയാണ് രൂപയുടെ മൂല്യത്തിലെ ഇടിവിനുള്ള പധാന കാരണങ്ങള്‍. എന്നാല്‍, രൂപയുടെ മൂല്യം അല്‍പം താഴുന്നത് എല്ലാ സാഹചര്യങ്ങളിലും സമ്പദ്വ്യവസ്ഥയ്ക്ക് ദോഷകരമാകണമെന്നില്ലെന്നാണ് രാജന്റെ വിലയിരുത്തല്‍.

PREV
Read more Articles on
click me!

Recommended Stories

'കോടി കോടി പ്രണാമം, ജിയോയ്ക്ക് കൃത്യമായ ലക്ഷ്യബോധം നൽകിയത് പ്രധാനമന്ത്രി'; മോദിക്ക് നന്ദി പറഞ്ഞ് അനന്ത് അംബാനി
ഐപിഒയ്ക്കൊരുങ്ങി ആന്ത്രോപിക്; ധനകാര്യം മുതൽ എഐ സുരക്ഷ വരെ, നിർണായക ചുമതലകളിൽ നാല് ഇന്ത്യൻ വംശജർ