
ദില്ലി: കേന്ദ്രം ജനങ്ങളെ കബളിപ്പിക്കുന്നത് നിർത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi). റെക്കോഡ് പണപ്പെരുപ്പത്തിൽ നിന്നാണ് ജനങ്ങൾക്ക് മോചനം വേണ്ടതെന്ന് രാഹുൽ ഗാന്ധി വിമര്‍ശിച്ചു. കഴിഞ്ഞ രണ്ട് വർഷത്തെ പെട്രോൾ വില വർദ്ധനവിൻ്റെ കണക്ക് അടക്കം ട്വീറ്റ് ചെയ്താണ് രാഹുലിൻ്റെ വിമർശനം.
ജനങ്ങളെ പറ്റിക്കുന്നത് നിര്‍ത്തി പണപ്പെരുപ്പത്തില്‍ നിന്ന് മോചനം നല്‍കണമെന്ന് വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ഉന്നയിച്ചത്. കഴിഞ്ഞ മാര്‍ച്ച് 21 ന് 86 രൂപ 67 പൈസ വിലയുള്ള ഡീസലിന് രണ്ട് മാസം കൊണ്ട് 96.67 രൂപയായി. പത്ത് രൂപ കൂട്ടിയിട്ടാണ് ഇപ്പോള്‍ 7 രൂപ കുറച്ചത്. രണ്ട് മാസം മുന്‍പ് 95 രൂപ നാല്‍പത്തിയൊന്ന് പൈസ വിലയുണ്ടായിരുന്ന പെട്രോളിനും പത്ത് രൂപ കൂട്ടിയ ശേഷമാണ് ഒന്‍പതര രൂപ കുറച്ചിരിക്കുന്നത്. നിലവിലെ എക്സൈസ് നികുതി യുപിഎ സര്‍ക്കാരിന്‍റെ കാലത്തെത് പോലെ പത്ത് രൂപക്ക് താഴെയാക്കാന്‍ കഴിയുമോയെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദിക്കുന്നു.
ഇന്ധന വില കുറച്ചത് മോദി സര്‍ക്കാരിന്‍റെ രാഷ്ട്രീയ നാടകമാണെന്ന് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. ഇന്ധന വില കുറയ്ക്കൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ബിജെപി ശ്രമമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. അടുത്ത രണ്ട് വര്‍ഷത്തേക്ക് പെട്രോളിന്‍റെയും ഡീസലിന്‍റയും എക്സൈസ് നികുതി കൂട്ടില്ലെന്ന് പറയാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ചോദിച്ചു. മോദി സർക്കാരിന് ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ എക്സൈസ് നികുതി യുപിഎ സർക്കാരിന്റെ കാലത്തേതിന് തുല്യമായി കുറയ്ക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. അതേസമയം, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം നികുതി കുറക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
Also Read: രാജ്യത്ത് കുറഞ്ഞ ഇന്ധന വില നിലവിൽ വന്നു, പ്രധാന നഗരങ്ങളിലെ വിലയറിയാം
ഇപ്പോഴത്തേതുള്‍പ്പടെ കഴിഞ്ഞ ഏഴ് മാസത്തിനിടെ രണ്ട് തവണ എക്സൈസ് നികുതിയില്‍ കേന്ദ്രം വരുത്തിയ കുറവ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇന്ധന വിലയിലുണ്ടായിട്ടില്ലെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. കേന്ദ്രം നികുതി കുറച്ചതിന് ആനുപാതികമായി ഉണ്ടാകുന്ന കുറവ് മാത്രമേ വിലയില്‍ പ്രതിഫലിക്കുന്നുള്ളൂവെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു. അതേസമയം വലിയ നികുതിയിളവ് നല്‍കാനുള്ള സാമ്പത്തിക ഭദ്രതയില്ലെന്നും, കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നുമാണ് ചില പ്രതിപക്ഷ സംസ്ഥാനങ്ങളുടെ നിലപാട്.