ഇന്ത്യൻ നിക്ഷേപകരിലെ അതികായൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു

Published : Aug 14, 2022, 09:23 AM ISTUpdated : Aug 14, 2022, 09:38 AM IST
ഇന്ത്യൻ നിക്ഷേപകരിലെ അതികായൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു

Synopsis

ആകാശ എയർ സർവീസ് ആരംഭിച്ച ഉടനാണ് നെടുംതൂണായ രാകേഷ് ജുൻജുൻവാല തന്റെ ഇതിഹാസ സമാനമായ ബിസിനസ് ജീവിതം ചരിത്രത്തിന്റെ ഭാഗമാക്കി തിരശീലയ്ക്ക് പിന്നിലേക്ക് മാഞ്ഞുപോകുന്നത്.

ദില്ലി: ഇന്ത്യൻ ഓഹരി വിപണിയിലെ അദ്ഭുത മനുഷ്യനായി വിലയിരുത്തപ്പെടുന്ന രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലർച്ചെ മുംബൈയിലെ വസതിയിൽ വെച്ച് ആരോഗ്യനില വഷളായി. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെറും 5000 രൂപയുമായി നിക്ഷേപക രംഗത്തേക്ക് വന്ന ജുൻജുൻവാല സ്വപ്രയത്നം കൊണ്ട് ഉന്നതങ്ങൾ കീഴടക്കിയ വ്യക്തിയാണ്. രാജ്യത്തെ അതിസമ്പന്നരിൽ 36ാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിന്റെ ആസ്തി മരിക്കുമ്പോൾ 5.8 ബില്യൺ ഡോളറായിരുന്നു. 

1960 ജൂലൈ അഞ്ചിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. മുംബൈയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ബിരുദ പഠനത്തിന് ശേഷം ചാർട്ടേർഡ് അക്കൗണ്ടന്റായി. ഓഹരി വിപണിയിൽ നേട്ടങ്ങൾ കൊയ്ത അദ്ദേഹം പിൽക്കാലത്ത് ആപ്ടെക് ലിമിറ്റഡ് ചെയർമാനായും ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടെയ്ൻമെന്റ് ചെയർമാനായും പ്രവർത്തിച്ചു.

പ്രൈം ഫോക്കസ് ലിമിറ്റഡ്, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ്, ബിൽകെയർ ലിമിറ്റഡ്, പ്രാജ് ഇന്റസ്ട്രീസ് ലിമിറ്റഡ്, പ്രൊവോഗ് ഇന്ത്യ ലിമിറ്റഡ്, കോൺകോർഡ് ബയോടെക്, ഇന്നോവസിന്ത് ടെക്നോളജീസ്, മിഡ് ഡേ മൾട്ടിമീഡിയ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി, വൈസ്റോയ് ഹോട്ടൽസ്, ടോപ്സ് സെക്യൂരിറ്റി കമ്പനികളുടെയെല്ലാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ബിഗ് ബുൾ ഓഫ് ഇന്ത്യ, കിങ് ഓഫ് ബുൾ മാർക്കറ്റ് എന്നെല്ലാം അദ്ദേഹത്തെ ബിസിനസ് ലോകം വിശേഷിപ്പിച്ചിരുന്നു. ആകാശ എയർ വിമാനക്കമ്പനിയാണ് രാകേഷ് ജുൻജുൻവാലയുടെ നിക്ഷേപത്തിലെ അവസാനത്തേത്. മുൻ ജെറ്റ് എയർവേസ് സിഇഒ വിനയ് ദുബെക്കൊപ്പമാണ് ഈ കമ്പനി തുടങ്ങി. നിലവിൽ രണ്ട് വിമാനങ്ങളുള്ള കമ്പനി 70 എയർക്രാഫ്റ്റുകളുമായി ആഭ്യന്തര വിമാന സർവീസ് രംഗത്ത് കുതിച്ചു ചാട്ടത്തിന് ഒരുങ്ങി നിൽക്കെയാണ് നെടുംതൂണായ രാകേഷ് ജുൻജുൻവാലയുടെ മരണം.

PREV
click me!

Recommended Stories

ഇന്നും സ്വർണവിലയിൽ വൻ കുതിപ്പ്, ഒരു പവൻ സ്വർണവില പുതിയ ഉയരത്തിൽ; ഇന്നത്തെ വില നിലവാരം
വ്യക്തി​ഗത വായ്പയുടെ ഇഎംഐ എങ്ങനെ കുറയ്ക്കാം? ഈ കാര്യങ്ങൾ അറിയാം