RBI: പലിശ നിരക്ക് ഉയർത്തി ആർബിഐ; റിപ്പോ 50 ബേസിസ് പോയിന്റ് കൂടി

By Web TeamFirst Published Aug 5, 2022, 10:53 AM IST
Highlights

പലിശ നിരക്ക് ഉയർത്തി ആർബിഐ; 2019 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ റിപ്പോ  
 

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം പലിശ നിരക്ക് ഉയർത്തി. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വർധിപ്പിച്ചു. 2019 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക് 5.40 ലാണ് റിപ്പോ. 

ആർ‌ബി‌ഐ  മോണിറ്ററി പോളിസി കമ്മിറ്റി ഓഗസ്റ്റ് മൂന്നിനാണ് ധന നയ യോഗം ചേർന്നത്. മൂന്ന് ദിവസത്തെ മീറ്റിങ് ഇന്ന് അവസാനിക്കുകയും ചെയ്തു. പോളിസി നിരക്ക് വർധിപ്പിക്കാൻ എംപിസി ഏകകണ്ഠമായി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ്  അറിയിച്ചു. ആർബിഐ എംപിസി മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റിയും (എംഎസ്എഫ്) ബാങ്ക് നിരക്കുകളും 5.15 ശതമാനത്തിൽ നിന്ന് 5.65 ശതമാനമായി പരിഷ്കരിച്ചതായി ഗവർണർ ദാസ് അറിയിച്ചു.

എയർ ഇന്ത്യയിൽ പൈലറ്റുമാർക്ക് 65 വയസ്സ് വരെ പറക്കാം

രാജ്യത്ത് നടപ്പ് സാമ്പത്തിക വർഷത്തിലെ പണപ്പെരുപ്പം 6.7 ശതമാനവും 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 5 ശതമാനവും ആയിരിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. ഈ സാമ്പത്തിക വർഷത്തിലെ മൂന്നാമത്തെ നിരക്ക് വര്ധനയാണിത്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ മെയ് മാസത്തിൽ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകൾ  വർദ്ധിപ്പിച്ചിരുന്നു. തുടർന്ന് ജൂണിൽ ആർബിഐ നിരക്ക് 50 ബേസിസ് പോയിന്റ് വർധിപ്പിച്ച് റിപോ 4.90 ശതമാനമാക്കി. 

പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർബിഐക്ക് നിരക്കുയർത്തണം. രാജ്യത്തെ പണപ്പെരുപ്പം മെയ് മാസത്തിലെ 7.04 ശതമാനവുമായി താരതമ്യം ചെയ്താൽ ജൂണിൽ 7.01 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ അപ്പോഴും ആർബിഐയുടെ ഉയർന്ന പരിധിയായ 6 ശതമാനത്തിന് മുകളിൽ തന്നെയാണ് പണപ്പെരുപ്പം ഉള്ളത്. ഏപ്രിലിൽ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു രാജ്യത്തെ പണപ്പെരുപ്പം. 7.79 വരെ പണപ്പെരുപ്പം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് അപ്രതീക്ഷിത പണ നയ യോഗം ചേർന്ന് ആർബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തിയത്. 

click me!