RBI Integrated Ombudsman| ആർബിഐ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം: ഇനി 'ഒരു രാജ്യം ഒരു ഓംബുഡ്സ്മാൻ'

By Web TeamFirst Published Nov 11, 2021, 6:13 PM IST
Highlights

ആർബിഐ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം വഴി റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്കെതിരായ ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനം കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു 

ദില്ലി: റിസർവ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Modi) നാളെ (2021 നവംബർ 12 ന്) രാജ്യത്തിന് സമർപ്പിക്കും. ആർ ബി ഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്കെതിരായ ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനം കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് ഈ സ്കീം. ഉപഭോക്താക്കൾക്ക് അവരുടെ പരാതികൾ രേഖപ്പെടുത്താൻ ഒരു പോർട്ടലും ഒരു ഇമെയിലും ഒരു വിലാസവുമായിരിക്കും ഇനി. ഇതോടെ ‘ഒരു രാജ്യം-ഒരു ഓംബുഡ്സ്മാൻ’ എന്ന അടിസ്ഥാന തത്വം കൂടി പദ്ധതിയുടെ ഭാഗമായി നടപ്പിലാകുമെന്ന് കേന്ദ്രസർക്കാർ പറയുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Reserve Bank of India) ഈ നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭത്തിന് വീഡിയോ കോൺഫറൻസിംഗ് വഴി രാവിലെ 11 ന് പ്രധാനമന്ത്രി തുടക്കം കുറിക്കും. ഉപഭോക്താക്കൾക്ക് അവരുടെ പരാതികൾ സമർപ്പിക്കാനും രേഖകൾ സമർപ്പിക്കാനും ഇവയുടെ സ്റ്റാറ്റസ് അറിയുന്നതിനും ഫീഡ്‌ബാക്ക് നൽകാനും ഒരൊറ്റ പോയിന്റ് ഓഫ് റഫറൻസ് എന്നതാണ് ഈ സ്കീമിന്റെ പ്രധാന ലക്ഷ്യം. ഒരു ബഹുഭാഷാ ടോൾ ഫ്രീ നമ്പർ പരാതികൾ പരിഹരിക്കുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനുള്ള സഹായത്തിനുമുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും നൽകും. കേന്ദ്ര ധനമന്ത്രിയും ആർബിഐ ഗവർണറും ചടങ്ങിൽ പങ്കെടുക്കും.

രാജ്യത്ത് ആർബിഐ നിയന്ത്രണത്തിലുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെയും ഉപഭോക്താക്കൾക്ക് ഇനി ഈ സംവിധാനം വഴി എളുപ്പത്തിൽ പരാതി നൽകാനാവും. ഈ വർഷം മാർച്ച് മാസത്തിൽ കേന്ദ്രം ഇൻഷുറൻസ് അനുബന്ധ പരാതികളുമായി ബന്ധപ്പെട്ട് വലിയ മാറ്റം വരുത്തിയിരുന്നു. രാജ്യത്തെ 17 ഇൻഷുറൻസ് ഓംബുഡ്സ്മാന്മാരെയും ഒറ്റ കുടക്കീഴിലേക്ക് കൊണ്ടുവരാനായിരുന്നു ലക്ഷ്യം. ഇതിന്റെ ഫലമായി 2020-2021 സാമ്പത്തിക വർഷത്തിൽ 17 ഓംബുഡ്സ്മാന്മാർക്കുമായി ലഭിച്ച 35019 പരാതികളിൽ 87 ശതമാനം വരുന്ന 30596 പരാതികളും ഇതിനോടകം തീർപ്പാക്കാനായി. ഇതാണ് ആർബിഐ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ പദ്ധതിക്ക് കേന്ദ്രസർക്കാരിന് ആത്മവിശ്വാസം നൽകുന്നത്.

click me!