ഹോം ലോൺ എടുത്തവർക്ക് ആശ്വാസം! ഇഎംഐ കൂടില്ല, റിപ്പോ നിരക്കിൽ മാറ്റമില്ലെന്ന് പ്രഖ്യാപനം

Published : Jun 05, 2026, 11:21 AM IST
RBI Repo rates

Synopsis

റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിനാൽ വായ്പയെടുത്തവരുടെ ഇഎംഐയിൽ വർദ്ധനവുണ്ടാകില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ വരുത്തിയ നിരക്ക് ഇളവുകൾ നിലനിർത്താനും പുതിയ വായ്പക്കാർക്ക് അനുകൂല സാഹചര്യം ഒരുക്കാനുമാണ് ആർബിഐയുടെ ഈ തീരുമാനം. പലിശ നിരക്കുകൾ അനുകൂലമായതിനാൽ പുതിയ വായ്പകൾ എടുക്കാൻ ഇത് നല്ല സമയമാണെന്നും വിദഗ്ദ്ധർ പറയുന്നു.

ഭവന വായ്പയെടുത്തവർക്കും പുതുതായി ലോൺ എടുക്കാൻ പോകുന്നവർക്കും ആശ്വാസ വാർത്തയുമായി റിസർവ്വ് ബാങ്ക്. റിപ്പോ നിരക്കിൽ (Repo Rate) മാറ്റമില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിച്ചു. ഇതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായി തന്നെ തുടരും. ഇന്ന് ചേർന്ന ആർബിഐയുടെ ധനനയ അവലോകന സമിതി (MPC) യോഗത്തിലാണ് നിർണായക പ്രഖ്യാപനം. കഴിഞ്ഞ ഒരു വർഷത്തിനിടെ വരുത്തിയ തുടർച്ചയായ നിരക്ക് ഇളവുകൾക്ക് ശേഷമാണ് ആർബിഐ ഇപ്പോൾ നിലവിലെ നിരക്കിൽ മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ചത്.

ഇഎംഐ കൂടില്ല

ഭൂരിഭാഗം ബാങ്കുകളുടെയും ഭവന വായ്പ നിരക്കുകൾ ഫ്ലോട്ടിംഗ് റേറ്റിലാണ്. അതു കൊണ്ട് തന്നെ ആർബിഐയുടെ ഈ തീരുമാനം മൂലം വായ്പക്കാരുടെ പ്രതിമാസ ഇഎംഐയിൽ നിലവിൽ വർദ്ധനവുണ്ടാകില്ല. വരും മാസങ്ങളിലും ഇതേ സ്ഥിതി തുടരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. 2025-ന്റെ തുടക്കം മുതൽ ഇതുവരെ റിപ്പോ നിരക്കിൽ ആകെ 125 ബേസിസ് പോയിന്റിന്റെ (1.25%) കുറവാണ് ആർബിഐ വരുത്തിയത്. ഈ കുറവ് ഭവന വായ്പയെടുത്തവർക്ക് ഇതിനോടകം തന്നെ ആശ്വാസകരമാണ്.

ഉദാഹരണത്തിന്, 20 വർഷത്തെ കാലാവധിയിൽ 50 ലക്ഷം രൂപ ഭവന വായ്പയെടുത്ത ഒരാൾക്ക് നിലവിൽത്തന്നെ മൊത്തം പലിശയിനത്തിൽ ഏകദേശം 9 ലക്ഷം രൂപയിലധികം ലാഭിക്കാൻ സാധിച്ചിട്ടുണ്ട്. നേരത്തെ റിപ്പോ നിരക്ക് കുറച്ചത് വഴിയുള്ള കണക്കാണിത്. കഴിഞ്ഞ വർഷത്തെ നിരക്ക് ഇളവുകൾ കാരണം പ്രതിമാസ ഇഎംഐയിൽ 3,800 രൂപ മുതൽ 4,000 രൂപ വരെ കുറവുമുണ്ടായിട്ടുണ്ട്.

പുതുതായി ലോൺ എടുക്കുന്നവർക്കും ഇത് ആശ്വാസ വാർത്തയാണ്. കഴിഞ്ഞ വർഷങ്ങളെയപേക്ഷിച്ച് ഇപ്പോൾ പലിശ നിരക്കുകൾ അനുകൂലമായ നിലയിലായതിനാൽ പുതിയ വായ്പകൾ എടുക്കാൻ പറ്റിയ സമയമാണിതെന്ന് വിദഗ്ദ്ധർ പറയുന്നു. കഴിഞ്ഞ തവണ വരുത്തിയ പലിശ ഇളവുകളുടെ ഗുണഫലങ്ങൾ ബാങ്കുകൾ പൂർണമായും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇപ്പോൾ റിസർവ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് കൂടാതെ, ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്കില്‍ പെട്ടെന്ന് വലിയ കുറവുകള്‍ ഉണ്ടാകില്ല. മുതിര്‍ന്ന പൗരന്മാര്‍ക്കും ഇത് നേട്ടമാണ്. വരും മാസങ്ങളിലെ പണപ്പെരുപ്പവും ആഗോള സാമ്പത്തിക സാഹചര്യങ്ങളും വിലയിരുത്തിയാകും ആർബിഐയുടെ അടുത്ത തീരുമാനം വരിക.

PREV
Read more Articles on
click me!

Recommended Stories

ഇല്ലാതെ രക്ഷയില്ല! യുഎസിൽ ഉൽപ്പാദനം റെക്കോർഡ് താഴ്ചയിൽ, ഇന്ത്യയ്ക്ക് വമ്പൻ നേട്ടം; 1.6 ബില്യൺ ഡോളറിന്റെ റെക്കോർഡ് തേൻ വിൽപ്പന
സൈനിക ഡ്രോണുകള്‍ക്കായി വമ്പന്‍ പദ്ധതി; ഇന്ത്യയിലെ കമ്പനികളില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങും; സ്റ്റാര്‍ട്ടപ്പുകള്‍ക്കും നേട്ടം