
രാജ്യത്ത് വേനൽക്കാല യാത്രകളും ഐപിഎൽ ആവേശവും വർധിച്ചതോടെ ഡിജിറ്റൽ ഇടപാടുകളിൽ റെക്കോർഡ് നേട്ടം തൊട്ടിരിക്കുകയാണ് യുപിഐ ഇടപാടുകളും. മേയ് മാസത്തിൽ മാത്രം 29.90 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടന്നുവെന്ന് കണക്ക്. 2,320 കോടി (23.2 ബില്യൺ) ഇടപാടുകളാണ് യുപിഐ വഴി നടന്നതെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും ഉണ്ടായ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഏപ്രിൽ മാസത്തിൽ 29.03 ലക്ഷം കോടി രൂപയായിരുന്നു യുപിഐ ഇടപാടുകളുടെ മൂല്യം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 25.14 ലക്ഷം കോടി രൂപയായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 19 ശതമാനം വാർഷിക വളർച്ചയാണ് മൂല്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇടപാടുകളുടെ എണ്ണത്തിൽ (Volume) മുൻവർഷത്തെ 1,867 കോടിയിൽ നിന്ന് 24 ശതമാനം വളർച്ചയോടെയാണ് മേയ് മാസത്തിൽ 2,320 കോടിയിൽ എത്തിയത്. ഏപ്രിൽ മാസത്തിൽ ഇത് 2,235 കോടി ഇടപാടുകളായിരുന്നു.
സീസണൽ ഉപഭോഗത്തിലുണ്ടായ സ്വാഭാവികമായ വർധനവാണ് മേയ് മാസത്തിലെ മുന്നേറ്റത്തിന് പിന്നിലെന്ന് പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ 'ക്യാഷ്ഫ്രീ പേയ്‌മെന്റ്സ്' (Cashfree Payments) സഹസ്ഥാപകനും സിഇഒയുമായ ആകാശ് സിൻഹ പ്രതികരിച്ചു. വേനൽക്കാല യാത്രകൾ, ഐപിഎൽ സീസൺ എന്നിവ യുപിഐ ഇടപാടുകളുടെ വളർച്ചയ്ക്ക് വലിയ ഊർജ്ജം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
റിസർവ് ബാങ്കിന്റെ (RBI) പേയ്‌മെന്റ് സിസ്റ്റംസ് റിപ്പോർട്ട് പ്രകാരം, യുപിഐ വഴിയുള്ള ശരാശരി ഇടപാട് തുക (Average Ticket Size) 2021-ലെ 1,848 രൂപയിൽ നിന്ന് 2025-ൽ 1,313 രൂപയായി കുറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് ആശങ്കപ്പെടേണ്ട ഒന്നല്ലെന്നും, മറിച്ച് സാധാരണക്കാർക്കിടയിൽ ചെറിയ ആവശ്യങ്ങൾക്കും യുപിഐ ഉപയോഗിക്കുന്ന ഡിജിറ്റൽ സംസ്കാരം ശക്തമാകുന്നതിന്റെ തെളിവാണെന്നും ആകാശ് സിൻഹ ചൂണ്ടിക്കാട്ടി. 'ക്രെഡിറ്റ്-ഓൺ-യുപിഐ' (Credit-on-UPI) സംവിധാനവും യുഎഇ, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ് ഉൾപ്പെടെ എട്ടിലധികം രാജ്യങ്ങളിലേക്ക് യുപിഐ സേവനം വ്യാപിപ്പിച്ചതും വരും ദിവസങ്ങളിൽ ഇടപാടുകൾ ഇനിയും വർധിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. റിസർവ് ബാങ്കിന്റെയും (RBI) ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെയും (IBA) സംയുക്ത സംരംഭമായ എൻപിസിഐ (NPCI) ക്ക് ആണ് ഇന്ത്യയിലെ റീട്ടെയിൽ പേയ്‌മെന്റുകളുടെയും സെറ്റിൽമെന്റ് സിസ്റ്റങ്ങളുടെയും നിയന്ത്രണം.