
മുംബൈ: റിസർവ് ബാങ്കിന്റെ പണനയ യോഗം നാളെ ആരംഭിക്കും. ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി ഫെബ്രുവരി 5 മുതൽ 7 വരെ യോഗം ചേരും. ശക്തികാന്ത ദാസിന് ശേഷം ആർബിഐ ഗവർണയായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ എംപിസിയോഗമാണ് ഇത്.
ഈ യോഗത്തിൽ ആർബിഐ പലിശ നിരക്ക് ഉയർത്തില്ലെന്ന പ്രതീക്ഷയിലാണ് രാജ്യം. മാത്രമല്ല, റിപ്പോ നിരക്ക് ഇത്തവണ ആർബിഐ കുറച്ചേക്കുമെന്നുള്ള പ്രതീക്ഷയുമുണ്ട്. കഴിഞ്ഞ പതിനൊന്ന് യോഗങ്ങളിലും ആർബിഐ പലിശ നിരക്ക് കുറച്ചിട്ടില്ല.
ബ്ലൂംബെർഗ് നടത്തിയ സർവേയിൽ പങ്കെടുത്ത 28 സാമ്പത്തിക വിദഗ്ധരിൽ 24 പേരും ആർബിഐ ഇത്തവണ റിപ്പോ നിരക്ക് കുറയ്ക്കുമെന്ന് അഭിപ്രായപ്പെട്ടു.കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷമുള്ള ആദ്യ ധന നയ യോഗമാണിത്. ആദായ നികുതിയിൽ നൽകിയ വമ്പൻ ഇളവിന് ശേഷം റിപ്പോ കുറയ്ക്കുമെന്ന പ്രതീക്ഷ ഉണ്ട്
രൂപയുടെ മൂല്യം പിടിച്ചു നിർത്താൻ ആർബിഐ എന്ത് നടപടികൾ സ്വീകരിക്കുമെന്നുള്ളതും രാജ്യം ഉറ്റുനോക്കുന്നുണ്ട്. കാനഡ, മെക്‌സിക്കോ, ചൈന എന്നിവയ്‌ക്കെതിരെ അമേരിക്ക പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താരിഫ് ചുമത്തിയതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 87 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. വിദേശ നിക്ഷേപകർ പിൻവലിഞ്ഞാൽ രൂപ ഇനിയും ഇടിയും.
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതല്‍ റിപ്പോ 6.5 ശതമാനത്തില്‍ തുടരുകയാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ ആർബിഐ മാറ്റം വരുത്തിയത്. അന്ന് റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു