
ദില്ലി: റിസർവ് ബാങ്കിന്റെ പണനയ യോഗം ഫെബ്രുവരി 4 ന് ആരംഭിക്കും. രണ്ട് ദിവസത്തെ യോഗത്തിന് ശേഷം ഫെബ്രുവരി 6 ന് റിസർവ് ബാങ്ക് ഗവണർ സഞ്ജയ് മൽഹോത്ര വായ്പാ നയം പ്രഖ്യാപിക്കും. വരാനിരിക്കുന്ന എംപിസി യോഗത്തിൽ ആർബിഐ പലിശനിരക്കുകൾ സ്ഥിരമായി നിലനിർത്താനാണ് സാധ്യത എന്നാണ് വിപണി വിദഗ്ദർ അഭിപ്രായപ്പെടുന്നത്. 2025 ഫെബ്രുവരി മുതൽ റിപ്പോ നിരക്ക് 125 ബേസിസ് പോയിന്റാണ് ആർബിഐ കുറച്ചത്. നിലവിൽ 5.25 ശതമാനമാണ് റിപ്പോ നിരക്ക്.
ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപിച്ചു. സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) വർദ്ധിപ്പിക്കാനുള്ള പ്രഖ്യാപനം വന്നതോടെ ഇന്ത്യൻ ഓഹരി വിപണി കുത്തനെ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യയിലെ അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വ്യാപാരം ചെയ്യപ്പെടുന്ന സ്റ്റോക്കുകളുടെ വാങ്ങലിനും വിൽപ്പനയ്ക്കും ഇന്ത്യൻ സർക്കാർ ചുമത്തുന്ന നികുതിയാണ് എസ്ടിടി. ഫ്യൂച്ചേഴ്‌സ് & ഓപ്ഷൻസ് (എഫ്&ഒ) ഇടപാടുകളുടെ എസ്ടിടി വർദ്ധിപ്പിക്കാൻ ധനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഫ്യൂച്ചറുകളുടെ എസ്ടിടി 0.02% ൽ നിന്ന് 0.05% ആയും ഓപ്ഷൻ ഇടപാടുകൾക്ക് മുമ്പുള്ള 0.01% ൽ നിന്ന് 0.15% ആയും ഉയർത്തുമെന്നാണ് പ്രഖ്യാപനം.
ആർബിഐയുടെ ധനനയം കൂടി വരാനിരിക്കെ വിപണി കൂടുതൽ ജാഗ്രത പാലിക്കുമെന്നുള്ള സൂചനയാണഅ ലഭിക്കുന്നത്. കൂടാതെ മൂന്നാം പാദ ഫലങ്ങൾ കമ്പനികൾ പുറത്തുവിടുന്നതും വിപണിയെ സ്വാധീനിച്ചേക്കാം. ഇന്ന് സെൻസെക്സ് 1,547 പോയിന്റ് അഥവാ 1.88% ഇടിഞ്ഞ് 80,722.94 ലും നിഫ്റ്റി 50 495 പോയിന്റ് അഥവാ 1.96% ഇടിഞ്ഞ് 24,825.45 ലും ക്ലോസ് ചെയ്തു.