
ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) പണനയ യോഗം (MPC ) ഇന്ന് ആരംഭിക്കും. പണപ്പെരുപ്പം പിടിച്ചുനിർത്താൻ ആർബിഐ തുടർച്ചയായി മൂന്നാം തവണയും റിപ്പോ നിരക്ക് ഉയർത്തിയേക്കും. ഇന്ന് മുതൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന യോഗം മറ്റന്നാൾ അവസാനിക്കും. ഓഗസ്റ്റ് 5 വെള്ളിയാഴ്ച ധനനയ ഫലം പ്രഖ്യാപിക്കും. 25 മുതൽ 50 ബേസിസ് പോയിന്റ് വരെ വർധന ഉണ്ടായേക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ രണ്ട് പണ നയ യോഗത്തിലുമായി 90 ബേസിസ് പോയിന്റ് ആർബിഐ വർദ്ധിപ്പിച്ചിട്ടുണ്ട്.
വായ്പ നിരക്ക് കൂട്ടാതെ രക്ഷയില്ല, കാരണം പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർബിഐക്ക് മുന്നിൽ നിരക്കുയർത്തുക തന്നെ വേണം. രാജ്യത്തെ പണപ്പെരുപ്പം മെയ് മാസത്തെ 7.04 ശതമാനവുമായി താരതമ്യം ചെയ്താൽ ജൂണിൽ 7.01 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ അപ്പോഴും ആർബിഐയുടെ ഉയർന്ന പരിധിയായ 6 ശതമാനത്തിന് മുകളിൽ തന്നെയാണ് പണപ്പെരുപ്പം. ഏപ്രിലിൽ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു രാജ്യത്തെ പണപ്പെരുപ്പം. 7.79 വരെ പണപ്പെരുപ്പം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് അപ്രതീക്ഷിത പണ നയ യോഗം ചേർന്ന് ആർബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തി. തുടർന്ന് ജൂണിൽ റിപ്പോ നിരക്ക് വീണ്ടും 50 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ചു. പോളിസി റിപ്പോ നിരക്ക് നിലവിൽ 4.90 ശതമാനം ആണ്.
Read Also: കാഡ്ബറി ജെംസും ജെയിംസ് ബോണ്ടും; നീണ്ട 17 വർഷത്തെ നിയമ പോരാട്ടം എന്തിന്?
ഭൂരിഭാഗം വിദഗ്ധരും 20 ബേസിസ് പോയിന്റ് മുതൽ 35 ബേസിസ് പോയിന്റ് വരെ നിരക്ക് വർദ്ധനയ്ക്ക് കാരണമാകുന്നു, എന്നാൽ 50 ബേസിസ് പോയിന്റുകളുടെ വർദ്ധനവും തള്ളിക്കളയുന്നില്ല.
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയാൽ, പിന്നാലെ രാജ്യത്തെ പൊതുമേഖലാ - സ്വകാര്യ ബാങ്കുകള്ളും വായ്പ, നിക്ഷേപ പലിശകള്‍ കൂട്ടും. വീട്,വാഹന വായ്പാ പലിശ നിരക്കുകൾ ഇതിനെ അടിസ്ഥാനമാക്കി ഉയരും. വെള്ളിയാഴ്ച നിരക്ക് ഉയർത്തുന്നതോടെ അടുത്ത ആഴ്ച മുതൽ വിവിധ ബാങ്കുകൾ വായ്പ - നിക്ഷേപ പലിശകൾ ഉയർത്തി തുടങ്ങും.
ഉപഭോക്തൃ പണപ്പെരുപ്പം എട്ട് വർഷത്തെ ഏറ്റവും ഉയർന്ന തലത്തിൽ എത്തിയതോടെയാണ് മെയ് മാസത്തിലും ജൂണിലും ഇതിന് മുൻപ് റിപ്പോ നിരക്ക് ഉയർത്തിയത്. ഒറ്റയടിക്കുള്ള വലിയ വർധന ഒഴിവാക്കുകയെന്ന് ലക്ഷ്യമിട്ട് ഘട്ടം ഘട്ടമായി പലിശ നിരക്ക് ഉയർത്തുകയാണ് കേന്ദ്ര ബാങ്ക്. പണപ്പെരുപ്പം 6.7 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് ഈ സാമ്പത്തിക വർഷം ആർബിഐയുടെ ശ്രമം. യുക്രൈൻ റഷ്യയുദ്ധം, എണ്ണ വിലയിലെ വർധന അങ്ങനെ നിലവിലെ ഘടകങ്ങളെല്ലാം വിലക്കയറ്റം രൂക്ഷമാക്കുമ്പോഴാണ് പണ ലഭ്യത കുറയ്ക്കാനുള്ള നടപടി റിസർവ് ബാങ്ക് സ്വീകരിക്കുന്നത്.