റിസർവ് ബാങ്ക് ഒക്ടോബർ 9 ന് ധനനയം പ്രഖ്യാപിക്കും

By Web TeamFirst Published Oct 6, 2020, 9:36 PM IST
Highlights

ആർബിഐ നിയമപ്രകാരം മൂന്ന് പുതിയ അംഗങ്ങൾക്ക് നാല് വർഷത്തെ കാലാവധിയുണ്ടാകും.

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒക്ടോബർ 9 ന് ധനനയം പ്രഖ്യാപിക്കും. “ധനനയ സമിതിയുടെ (എംപിസി) അടുത്ത യോഗം 2020 ഒക്ടോബർ ഏഴ് മുതൽ ഒക്ടോബർ ഒമ്പത് വരെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്,” ആർബിഐ പത്രക്കുറിപ്പിൽ പറഞ്ഞു.

മൂന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ അഷിമ ഗോയൽ, ജയന്ത് ആർ വർമ്മ, ശശാങ്ക ഭിഡെ എന്നിവരെ റിസർവ് ബാങ്കിന്റെ ധനനയ സമിതിയിൽ അംഗങ്ങളായി സർക്കാർ നിയമിച്ചു. ആർബിഐ നിയമപ്രകാരം മൂന്ന് പുതിയ അംഗങ്ങൾക്ക് നാല് വർഷത്തെ കാലാവധിയുണ്ടാകും.

അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ (ഐഐഎം) പ്രൊഫസറാണ് ജയന്ത് വർമ്മ. ധനകാര്യ വിപണി മേഖലയിലെ വിദ​ഗ്ധനാണ് അദ്ദേഹം. മൂലധന വിപണി, സ്ഥിര വരുമാനം, ബദൽ നിക്ഷേപം, കോർപ്പറേറ്റ് ധനകാര്യം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുളള ആളാണ് അദ്ദേഹം. മൂന്നു വർഷമായി ഐഐഎമ്മിന്റെ ഡീൻ ആണ്.

ധനനയ രൂപീകരണത്തിൽ ദീർഘകാല അനുഭവ പരിചയമുളള വ്യക്തയാണ് അഷിമ ഗോയൽ. മോണിറ്ററി പോളിസി കമ്മിറ്റിയിൽ (എംപിസി) ഒരു ബാഹ്യ അംഗമായി അഷിമ ​ഗോയലിനെ പരി​ഗണിക്കുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. 

കൃഷി, മാക്രോ ഇക്കണോമിക് മോഡലിംഗ്, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ നിരവധി മേഖലകളിൽ ഗവേഷണ പരിചയമുളള വ്യക്തയാണ് ശശാങ്ക ഭിഡെ. നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക് റിസർച്ചിൽ (എൻസിഎആർ) മുതിർന്ന ഉപദേശകനാണ് അദ്ദേഹം. ബാംഗ്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആന്റ് ഇക്കണോമിക് ചേഞ്ചിന്റെ ബോർഡ് ഓഫ് ഗവർണേഴ്സ് അംഗമായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

പലിശ നിരക്ക് ക്രമീകരണ ചുമതല 2016 ൽ സർക്കാർ ആർബിഐ ഗവർണറിൽ നിന്ന് ആറ് അംഗ എംപിസിയിലേക്ക് മാറ്റി. ആർബിഐ ഗവർണറുടെ നേതൃത്വത്തിലുള്ള പാനലിന്റെ പകുതി ബാഹ്യ സ്വതന്ത്ര അംഗങ്ങളായിരിക്കും.
 

click me!