
ദില്ലി : ഒല ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്1.67 കോടി രൂപ പിഴ ചുമത്തി ആർബിഐ. പ്രീ-പെയ്ഡ് പേയ്‌മെന്റ് ഇടപാടുകളുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളും ഉപഭോക്തൃ മാനദണ്ഡങ്ങളും പാലിക്കാത്തതിനെ തുടർന്നാണ് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. റൈഡ്-ഹെയ്‌ലിംഗ് ആപ്പായ ഓലയുടെ ഉപസ്ഥാപനമാണ് ഒല ഫിനാൻഷ്യൽ സർവീസസ്. ഇരുചക്രവാഹനങ്ങൾക്കുള്ള വായ്പകൾ, ഫോർ വീലറുകൾക്കുള്ള വായ്പകൾ, വ്യക്തിഗത വായ്പകൾ, ഇൻഷുറൻസ് തുടങ്ങിയ സാമ്പത്തിക സേവനങ്ങൾ ഒല ഫിനാൻഷ്യൽ സർവീസസ് വാഗ്ദാനം ചെയ്യുന്നു.
2007ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിന്റെ സെക്ഷൻ 30 പ്രകാരം ആണ് ഒല ഫിനാൻഷ്യൽ സർവീസസിന് പിഴ ചുമത്തിയതെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. സ്ഥാപനം നോ യുവർ കസ്റ്റമർ (കെവൈസി)യിലെ ചില വ്യവസ്ഥകൾ പാലിച്ചിട്ടില്ല. ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടതിനെ തുടർന്ന് ഒല ഫിനാൻഷ്യൽ സർവീസസിന് ആർബിഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ഒല ഫിനാൻഷ്യൽ സർവീസസിന്റെ പ്രതികരണം പരിഗണിച്ചതിന് ശേഷം, ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാത്തത് പിഴ ചുമത്തേണ്ട കുറ്റം തന്നെയാണെന്ന് ആർബിഐ വിലയിരുത്തി. മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് പിഴ എന്നും ആർബിഐ വ്യക്തമാക്കി.