കൂപ്പുകുത്തി ഇന്ത്യൻ രൂപ! രക്ഷിക്കാന്‍ ആര്‍ബിഐയുടെ കടുത്ത നടപടി; എണ്ണക്കമ്പനികള്‍ക്ക് നേരിട്ട് ഡോളര്‍ സഹായം

Published : Oct 10, 2026, 02:20 PM IST
rbi bank

Synopsis

രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയോട് അടുക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. എണ്ണക്കമ്പനികൾക്ക് നേരിട്ട് ഡോളർ നൽകാനും ഡെറിവേറ്റീവ് വ്യാപാരങ്ങളിൽ കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് ആർബിഐയുടെ തീരുമാനം. ഇത് വിപണിയിലെ ചാഞ്ചാട്ടം കുറയ്ക്കുമെങ്കിലും വിദേശനാണ്യ ശേഖരം കുറയാൻ കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.

വലിയ തകര്‍ച്ചയിലേക്ക് രൂപ കൂപ്പുകുത്തുന്നതിനിടയില്‍, പുതിയ നീക്കങ്ങളുമായി റിസര്‍വ് ബാങ്ക്. രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയോട് അടുത്തെത്തിയ സാഹചര്യത്തിലാണ് ആര്‍ബിഐ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ ഒരു ഡോളറിനെതിരെ രൂപയുടെ മൂല്യം 96.73 എന്ന നിലയിലായിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ രേഖപ്പെടുത്തിയ സര്‍വ്വകാല റെക്കോര്‍ഡ് താഴ്ചയായ 96.96-നോടടുത്താണ് ഇപ്പോള്‍ രൂപ. പലിശ നിരക്കുകള്‍ ഉയര്‍ത്തുകയും ഡോളര്‍ വില്‍ക്കുകയും ചെയ്തിട്ടും രൂപയിലെ സമ്മര്‍ദ്ദം കുറയാത്ത സാഹചര്യത്തിലാണ് ആര്‍ബിഐയുടെ അടിയന്തര ഇടപെടല്‍.

പ്രധാന പ്രഖ്യാപനങ്ങള്‍

എണ്ണക്കമ്പനികള്‍ക്ക് ഡോളര്‍ സഹായം: പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ പ്രതിദിന ഡോളര്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആര്‍ബിഐ പ്രത്യേക വിന്‍ഡോ തുറക്കും. തിങ്കളാഴ്ച മുതല്‍ ഈ കമ്പനികള്‍ക്ക് വിദേശവിനിമയ ശേഖരത്തില്‍ നിന്ന് നേരിട്ട് ഡോളര്‍ സ്വന്തമാക്കാം. വിപണിയിലെ പെട്ടെന്നുള്ള വലിയ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് സഹായിക്കും.

എണ്ണക്കമ്പനികളുടെ ഡോളര്‍ ആവശ്യം കേന്ദ്രീകൃതമായി പരിഹരിക്കുന്നത് വിപണിയിലെ വലിയൊരു ഡിമാന്‍ഡ് ഒഴിവാക്കുമെന്നും, ഇത് വിപണിയിലെ ചാഞ്ചാട്ടം കുറയ്ക്കാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഈ നടപടി രാജ്യത്തിന്റെ വിദേശവനിമ ശേഖരം കുറയാന്‍ ഇടയാക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്.

ഡെറിവേറ്റീവ് വ്യാപാരങ്ങളില്‍ കര്‍ശന നിയന്ത്രണം: ഫോറെക്‌സ് ഡീലര്‍മാര്‍ ഉപയോക്താക്കളെ വിദേശവിനിമയ ഡെറിവേറ്റീവുകള്‍ റീബൂക്ക് ചെയ്യാന്‍ അനുവദിക്കില്ല.

പരിധി വെട്ടിച്ചുരുക്കി: രൂപയുമായി ബന്ധപ്പെട്ട എക്‌സ്‌ചേഞ്ച് ട്രേഡഡ് കറന്‍സി ഡെറിവേറ്റീവുകളുടെ പൊസിഷന്‍ പരിധി 100 ദശലക്ഷം ഡോളറില്‍ നിന്ന് 5 ദശലക്ഷം ഡോളറായി വന്‍തോതില്‍ വെട്ടിക്കുറച്ചു.

റിസ്‌ക് റിസര്‍വ് നിര്‍ബന്ധം: രൂപ ഉള്‍പ്പെടുന്ന എല്ലാ ഡെറിവേറ്റീവ് കരാറുകള്‍ക്കും, ഓരോ ഇടപാടിന്റെയും ആകെ തുകയുടെ 20 ശതമാനം 'ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസ്‌ക് റിസര്‍വ്' ആയി സൂക്ഷിക്കാന്‍ ഫോറെക്‌സ് ഡീലര്‍മാരോട് ആര്‍ബിഐ ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഐഫോൺ 16, ഐഫോൺ 17ഇ മോഡലുകൾക്ക് വൻ വിലക്കുറവ്; ഓഫറുകൾ അറിയാം
യുഎസ് ഗ്രീൻ കാർഡ് നിയന്ത്രണം ഇന്ത്യൻ ഐടി ജീവനക്കാരെ ഉടൻ ബാധിക്കില്ല; മുൻ ഇൻഫോസിസ് സിഎഫ്ഒ മോഹൻദാസ് പൈ