യുഎസ് ഗ്രീൻ കാർഡ് നിയന്ത്രണം ഇന്ത്യൻ ഐടി ജീവനക്കാരെ ഉടൻ ബാധിക്കില്ല; മുൻ ഇൻഫോസിസ് സിഎഫ്ഒ മോഹൻദാസ് പൈ

Published : Oct 10, 2026, 11:33 AM IST
us green card

Synopsis

അമേരിക്കൻ ടെക്ക് കമ്പനികൾ വിദേശ ജീവനക്കാർക്കുള്ള ഗ്രീൻ കാർഡ് സ്പോൺസർഷിപ്പ് തടഞ്ഞത് ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. എന്നാൽ നിലവിൽ നീണ്ട കാത്തിരിപ്പ് ഉള്ളതിനാൽ ഇതിന്റെ അടിയന്തര പ്രത്യാഘാതം കുറവായിരിക്കുമെന്ന് മോഹൻദാസ് പൈ. അതേസമയം, പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയിലേക്ക് മടങ്ങിവരാൻ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു ആഹ്വാനം ചെയ്തു.

അമേരിക്കയിലെ പ്രമുഖ ടെക്ക് കമ്പനികൾ വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് സ്പോൺസർ ചെയ്യുന്നത് തടയാനുള്ള നീക്കം ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നു. എന്നാൽ ഈ തീരുമാനം ജീവനക്കാരെ ഉടൻ ബാധിക്കാനിടയില്ലെന്ന് ഇൻഫോസിസിന്റെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ മോഹൻദാസ് പൈ. ഗ്രീൻ കാർഡിനായി വർഷങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യം നിലവിലുള്ളതിനാൽ നിയന്ത്രണത്തിന്റെ അടിയന്തര പ്രത്യാഘാതങ്ങൾ പരിമിതമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

ഗ്രീൻ കാർഡ് പൂർണമായി റദ്ദാക്കിയിട്ടില്ല

അമേരിക്ക ആരെയും രാജ്യത്തുനിന്ന് പുറത്താക്കുകയോ നിലവിലുള്ള ഗ്രീൻ കാർഡുകൾ റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്ന് മോഹൻദാസ് പൈ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. വിദേശ ജീവനക്കാർക്ക് സ്ഥിരതാമസ അനുമതി ലഭിക്കുന്നതിനായി തൊഴിലുടമകൾ നടത്തുന്ന സ്പോൺസർഷിപ്പ് നടപടികൾക്കാണ് നിയന്ത്രണമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് ലഭിക്കാൻ തൊഴിലുടമയുടെ സ്പോൺസർഷിപ്പ് ആവശ്യമാണ്. എന്നാൽ അപേക്ഷ സമർപ്പിച്ചവർക്കുപോലും അനുമതി ലഭിക്കാൻ 10 മുതൽ 15 വർഷം വരെ കാത്തിരിക്കേണ്ടിവരുന്ന സാഹചര്യമുണ്ട്. അതിനാൽ പുതിയ നിയന്ത്രണം ഉടനടി വലിയ പ്രത്യാഘാതമുണ്ടാക്കില്ലെന്നാണ് പൈയുടെ വിലയിരുത്തൽ.

പെർമിന് നിയന്ത്രണം; ആശങ്ക ദീർഘകാലത്തേക്ക്

തൊഴിൽ അടിസ്ഥാനത്തിലുള്ള ഗ്രീൻ കാർഡ് നടപടികളിൽ പ്രധാനപ്പെട്ടതാണ് പെർമ് (PERM system) എന്നറിയപ്പെടുന്ന പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാം. വിദേശ ജീവനക്കാരനെ സ്ഥിരം തസ്‍തികയിൽ നിയമിക്കുന്നത് അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ അവസരങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്ന് തൊഴിലുടമ തെളിയിക്കേണ്ടതുണ്ട്. ഈ നടപടികൾ ആരംഭിക്കുന്നതിനോ മുന്നോട്ടുകൊണ്ടുപോകുന്നതിനോ നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് പുതിയ നീക്കത്തിന്റെ പ്രധാന ഭാഗം. ഇതിനകം അപേക്ഷാ നടപടികൾ ആരംഭിച്ചവരെയും ഇതുവരെ പെർമിന് അപേക്ഷിച്ചിട്ടില്ലാത്തവരെയും ഒരേ രീതിയിൽ ബാധിക്കണമെന്നില്ല. പ്രത്യേകിച്ച്, തൊഴിലുടമ ഇതുവരെ പെർമ് അപേക്ഷ സമർപ്പിച്ചിട്ടില്ലാത്ത ജീവനക്കാർക്ക് ഗ്രീൻ കാർഡ് നടപടികൾ ആരംഭിക്കാൻ കഴിയാതെ വരാം. ഇന്ത്യക്കാർക്ക് ഇതിനകം തന്നെ ദീർഘകാല കാത്തിരിപ്പ് നേരിടേണ്ടിവരുന്നതിനാൽ, ഈ കാലതാമസം ഭാവിയിൽ വലിയ പ്രശ്‍നമാകാനുള്ള സാധ്യതയുണ്ട്.

അമേരിക്കയിലെ നിയമനപദ്ധതിയിൽ മാറ്റമില്ലെന്ന് ടിസിഎസ്

നിയന്ത്രണത്തിന്റെ പരിധിയിൽ വരുന്ന ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), പുതിയ നീക്കം തങ്ങളുടെ ജീവനക്കാരുടെ ആസൂത്രണത്തെയോ ഉപഭോക്തൃ സേവനങ്ങളെയോ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷമായി കമ്പനിയുടെ പെർമ് അപേക്ഷകളുടെ എണ്ണം വളരെ കുറവായിരുന്നുവെന്നും ഇത് ഒറ്റ അക്കത്തിൽ ആയിരുന്നുവെന്നും ടിസിഎസ് അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അമേരിക്കയിൽ 15,000 പേരെ അധികമായി നിയമിക്കാനുള്ള പദ്ധതിയും കമ്പനി ആവർത്തിച്ചു. അമേരിക്കയിലെ 31 ഓഫീസുകളിലും ഡെലിവറി സെന്ററുകളിലുമായി പ്രവർത്തിക്കുന്ന കമ്പനിയുടെ നിയമനനയം പ്രാദേശിക പ്രതിഭകളെ കണ്ടെത്തുന്നതിനും ക്യാമ്പസ് നിയമനങ്ങൾക്കും പ്രാധാന്യം നൽകുന്നതാണ്. അമേരിക്കൻ തൊഴിൽ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുമെന്നും ടിസിഎസ് വ്യക്തമാക്കി.

ഇന്ത്യയിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്ത് ശ്രീധർ വെമ്പു

അമേരിക്കയിലെ ഇന്ത്യൻ ഐടി ജീവനക്കാരുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്കിടെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പുവിന്റെ പ്രതികരണവും ശ്രദ്ധേയമായി. അമേരിക്കയുടെ ടെക്ക് വളർച്ചയിൽ ഇന്ത്യക്കാർ വലിയ സംഭാവന നൽകിയിട്ടുണ്ടെങ്കിലും ഇപ്പോൾ അവിടെ തങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. അമേരിക്കയിൽ വിസയിൽ കഴിയുന്ന ഇന്ത്യക്കാർ വർഷങ്ങളായി കഠിനാധ്വാനം ചെയ്ത് കെട്ടിപ്പടുത്ത ജീവിതം ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. “പുതിയൊരു ഭാവിയുടെ തുടക്കമായി ഇതിനെ കാണാം. ഇന്ത്യയിലേക്ക് മടങ്ങിവരൂ, നമുക്ക് ഇന്ത്യയെ കെട്ടിപ്പടുക്കാം,” എന്നായിരുന്നു വെമ്പുവിന്റെ ആഹ്വാനം.

ഏതെല്ലാം കമ്പനികളെ ബാധിക്കും?

ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎൽടെക്, കോഗ്നിസന്റ്, ക്യാപ്ജെമിനി തുടങ്ങിയ ഐടി കമ്പനികൾക്കൊപ്പം മൈക്രോസോഫ്റ്റ്, അഡോബി എന്നീ പ്രമുഖ സാങ്കേതിക കമ്പനികളും അമേരിക്കയുടെ നടപടിയുടെ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിദേശ തൊഴിലാളികൾക്കായുള്ള പദ്ധതികൾ ദുരുപയോഗം ചെയ്തെന്നും അമേരിക്കൻ ജീവനക്കാരുടെ തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്നും യുഎസ് അധികൃതർ ആരോപിക്കുന്നുണ്ട്. എന്നാൽ ഈ നിയന്ത്രണം വന്നതുകൊണ്ട് ഈ കമ്പനികളിലെ എല്ലാ ഇന്ത്യൻ ജീവനക്കാരും അമേരിക്ക വിടണമെന്നോ നിലവിലുള്ള ഗ്രീൻ കാർഡുകൾ റദ്ദാക്കിയെന്നോ അർഥമില്ല. ഓരോ ജീവനക്കാരന്റെയും നിലവിലെ കുടിയേറ്റ നടപടികളുടെ ഘട്ടത്തെ ആശ്രയിച്ചായിരിക്കും പ്രത്യാഘാതങ്ങൾ.

എച്ച്-1ബി വിസക്കാർക്കും തിരിച്ചടിയുണ്ടാകുമോ?

അമേരിക്കയിൽ എച്ച്-1ബി വിസയിൽ ജോലി ചെയ്യുന്ന ചിലർക്ക് സാധാരണ ആറ് വർഷത്തെ കാലാവധിക്കപ്പുറം വിസ നീട്ടാൻ ഗ്രീൻ കാർഡ് നടപടികളിലെ നിശ്ചിത ഘട്ടങ്ങൾ നിർണായകമാണ്. പെർമ് നടപടികൾ ആരംഭിക്കുന്നതിൽ കാലതാമസമുണ്ടായാൽ ഇവരുടെ വിസ നീട്ടാനുള്ള സാധ്യതകളെയും ബാധിച്ചേക്കാം. എന്നാൽ ഇത് ഓരോരുത്തരുടെയും സാഹചര്യത്തെയും ബാധകമായ കുടിയേറ്റ നിയമങ്ങളെയും ആശ്രയിച്ചിരിക്കും. അതിനാൽ പുതിയ നിയന്ത്രണത്തിന്റെ ഉടനടി ആഘാതം പരിമിതമായിരിക്കാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യൻ ഐടി ജീവനക്കാരുടെ അമേരിക്കയിലെ സ്ഥിരതാമസ പദ്ധതികളെയും തൊഴിൽ തീരുമാനങ്ങളെയും ഇത് സ്വാധീനിച്ചേക്കാം.

PREV
Read more Articles on
click me!

Recommended Stories

കലാസൃഷ്ടികൾ വാങ്ങിക്കൂട്ടാന്‍ പണമൊഴുക്കി 'ജെന്‍-സി'; പഴയ തലമുറയെ ബഹുദൂരം പിന്നിലാക്കി പുത്തന്‍ തലമുറ
ഓര്‍മ്മയുണ്ടോ ആ കാലം? 90's കിഡ്സിന്റെ 'ഓര്‍ക്കുട്ട്' വീണ്ടും വരുന്നു? പിന്തുണ തേടി സ്ഥാപകന്‍