
ലാഭവിഹിതമായി ഇത്തവണയും കേന്ദ്രസര്‍ക്കാറിന് റിസര്‍വ് ബാങ്കിന്‍റെ ബംബര്‍ ലോട്ടറി ലഭിക്കുമെന്ന് കണക്കുകള്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായി 2 ലക്ഷം കോടിയെങ്കിലും റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് നല്‍കുമെന്നാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കും ഐസിഐസിഐ ബാങ്കും തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒന്നര ലക്ഷം കോടി രൂപ റിസര്‍ബാങ്ക് കൈമാറിയേക്കും എന്നാണ് ക്വാണ്ട് ഇക്കോ റിസര്‍ച്ച് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം റെക്കോര്‍ഡ് ലാഭവിഹിതം ആണ് കേന്ദ്രത്തിന് ലഭിച്ചത്. 2.1 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം റിസര്‍വ് ബാങ്ക് ലാഭവിഹിതമായി കൈമാറിയത്. ധനക്കമ്മി ഇനി നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാറിന് വലിയ ആശ്വാസമായിരിക്കും റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കുന്ന ഈ തുക. ഇതിലൂടെ കടമെടുക്കുന്നത് കുറയ്ക്കാനും കേന്ദ്രത്തിന് സാധിക്കും.
രൂപയുടെ മൂല്യ തകര്‍ച്ച പിടിച്ചുനിര്‍ത്തുന്നതിന് വേണ്ടി റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതിലൂടെ ലഭിച്ച തുകയാണ് ലാഭവിഹിതത്തിലെ പ്രധാനപ്പെട്ട ഒരു പങ്ക്. കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ഡോളറാണ് ഇപ്പോള്‍ താരതമ്യേന ഉയര്‍ന്ന മൂല്യത്തില്‍ ആര്‍ബിഐ വിറ്റഴിക്കുന്നത്.
ലാഭം വരുന്ന വഴി
റിസര്‍വ് ബാങ്കിന്‍റെ വരുമാന സ്രോതസ്സുകളിലൊന്നാണ് സെഗ്നിയോറേജ്. കറന്‍സി അച്ചടിക്കുന്നതിലൂടെ ലഭിക്കുന്ന ലാഭമാണിത്. കറന്‍സി അച്ചടിക്കാന്‍ റിസര്‍വ് ബാങ്കിന് ചെലവാകുന്നതിനേക്കാള്‍ വളരെ കൂടുതലാണ് ആ കറന്‍സിയുടെ മൂല്യം. ഇതുകൂടാതെ വിവിധ വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ വായ്പ നല്‍കുന്നുണ്ട്. പകരം ബാങ്കുകള്‍ ആര്‍ബിഐക്ക് പലിശ നല്‍കുന്നു. ഇതാണ് മറ്റൊരു വരുമാന മാര്‍ഗം . സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങുന്നതിലൂടെയും വില്‍ക്കുന്നതിലൂടെയും റിസര്‍വ് ബാങ്ക് പണം സമ്പാദിക്കുന്നുണ്ട്. റിസര്‍വ് ബാങ്കിന്‍റെ വിദേശ നാണയ ശേഖരത്തില്‍ വിദേശ ആസ്തികള്‍ ഉള്‍പ്പെടുന്നു, ഇതും വരുമാനം ഉണ്ടാക്കുന്നു. റിസര്‍വ് ബാങ്കിന്‍റെ ബാലന്‍സ് ഷീറ്റിന്‍റെ 70 ശതമാനവും വിദേശ കറന്‍സി ആസ്തിയാണ്. 20 ശതമാനം സര്‍ക്കാര്‍ ബോണ്ടുകളും.