റിലയന്‍സിന് ആശ്വാസ പ്രഖ്യാപനവുമായി ഡൽഹി ഹൈക്കോടതി; 'കാമ്പ' എനര്‍ജി ഡ്രിങ്ക് ലേബലില്‍ തന്നെ വില്‍ക്കാം

Published : Oct 06, 2026, 03:31 PM IST
Campa energy drink

Synopsis

ഉയർന്ന കഫീൻ അടങ്ങിയ പാനീയങ്ങൾക്ക് 'എനർജി ഡ്രിങ്ക്' എന്ന പേര് വിലക്കിയ എഫ്.എസ്.എസ്.എ.ഐ നടപടിക്ക് ദില്ലി ഹൈക്കോടതിയുടെ സ്റ്റേ. ഇതോടെ റിലയൻസിന്റെ കാമ്പ എനർജി ഡ്രിങ്ക് എന്ന പേരിൽ തന്നെ വിൽക്കാൻ കോടതി അനുമതി നൽകി. കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിൽ നിന്നാണ് റിലയൻസിന് ഈ വിധിയിലൂടെ ആശ്വാസം ലഭിച്ചത്.

റിലയന്‍സിന്റെ കൂൾഡ്രിങ്ക്സ് ബ്രാന്‍ഡായ 'കാമ്പ'-'എനര്‍ജി ഡ്രിങ്ക്' എന്ന ലേബലില്‍ തന്നെ വില്‍ക്കാന്‍ ഡൽഹി ഹൈക്കോടതി അനുമതി നല്‍കി. എനര്‍ജി ഡ്രിങ്ക് എന്ന പേര് ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നടപടി തങ്ങളുടെ ബിസിനസിനെ വലിയ രീതിയില്‍ ബാധിച്ചതായി കമ്പനി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.

ഉയര്‍ന്ന അളവില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ 'എനര്‍ജി ഡ്രിങ്ക്' എന്ന പേരില്‍ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് ജൂണ്‍ 30-നാണ് എഫ്.എസ്.എസ്.എ.ഐ ഉത്തരവിറക്കിയത്. ഇതിനെതിരെ റിലയന്‍സ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

തെറ്റുതിരുത്താന്‍ സമയമുണ്ടെന്ന് കോടതി

റിലയന്‍സിന് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ എന്തിനാണ് ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് കോടതി എഫ്.എസ്.എസ്.എ.ഐയോട് ചോദിച്ചു. ചെയ്ത തെറ്റ് തിരുത്താന്‍ എപ്പോഴും സമയമുണ്ടെന്നും കോടതി ഏജന്‍സിയെ ഓര്‍മ്മിപ്പിച്ചു. കേസ് വീണ്ടും നവംബര്‍ അഞ്ചിന് കോടതി പരിഗണിക്കും. റിലയന്‍സിന് പുറമെ ആഗോള ഭീമന്മാരായ പെപ്സികോ, മോണ്‍സ്റ്റര്‍ ബെവറേജ് എന്നിവരും എഫ്.എസ്.എസ്.എ.ഐയുടെ ഈ ഉത്തരവിനെതിരെ കഴിഞ്ഞയാഴ്ച കോടതിയെ സമീപിച്ചിരുന്നു. ഓസ്ട്രിയന്‍ കമ്പനിയായ റെഡ് ബുള്‍ 'എനര്‍ജി ഡ്രിങ്ക്' എന്ന് ഉപയോഗിക്കാന്‍ നേരത്തെ തന്നെ കോടതിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യത്തുടനീളം ഭക്ഷ്യസുരക്ഷാ അതോറിറ്റി നടത്തുന്ന കര്‍ശന പരിശോധനകളുടെ ഭാഗമായാണ് ഈ ലേബല്‍ വിലക്കും വന്നത്. ഈ വര്‍ഷം നിരവധി റെയ്ഡുകളും പുതിയ മുന്നറിയിപ്പ് ലേബലുകള്‍ നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെയുള്ള നടപടികളും അതോറിറ്റി സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ എഫ്.എസ്.എസ്.എ.ഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഒഴിവായത് കോടികളുടെ നഷ്ടം

ഒക്ടോബറില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം കോടിക്കണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങളാണ് റിലയന്‍സിന്റെ പക്കലുള്ളത്. 'എനര്‍ജി ഡ്രിങ്ക്' എന്ന് രേഖപ്പെടുത്തിയ 16.8 കോടി ക്യാനുകളും 12 കോടി പ്ലാസ്റ്റിക് കുപ്പികളുമാണ് വില്‍പ്പനയ്ക്ക് തയ്യാറായിട്ടുള്ളത്. ഇതിന് പുറമെ 40 കോടി ക്യാനുകള്‍ക്കും 36 കോടി കുപ്പികള്‍ക്കുമുള്ള പാക്കിങ് കവറുകളും പ്രിന്റ് ചെയ്ത് വെച്ചിട്ടുണ്ട്.

വിലക്ക് വന്നതോടെ സംസ്ഥാന സര്‍ക്കാരുകള്‍ റിലയന്‍സിന്റെ സ്റ്റോക്കുകള്‍ പിടിച്ചെടുക്കുകയും, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് തങ്ങളുടെ ബിസിനസിനെ സാരമായി ബാധിച്ചുവെന്ന് റിലയന്‍സ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ സിനിമയിൽ ആദ്യം! യഥാർത്ഥ ഹ്യൂമനോയിഡ് റോബോട്ട് സിനിമയുടെ കേന്ദ്ര കഥാപാത്രമാകുന്നു,കന്നഡ ചിത്രം 'ലംബോദര 2.0'
പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്.ഐ.എ