
മുംബൈ : രാജ്യത്ത് കുറഞ്ഞ ചെലവിൽ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി റിലയൻസ് ഇൻഡസ്ട്രീസ്. ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, കുറഞ്ഞ മുതൽ മുടക്കിൽ ഗ്രീൻ ഹൈഡ്രജൻ നിർമ്മിക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നു എന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ വാഗ്ദാനം ചെയ്യുന്ന പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവുകൾക്കായുള്ള ലേലത്തിൽ പങ്കെടുക്കാനും കമ്പനി തയ്യാറാകുന്നതായി റിലയൻസിന്റെ ന്യൂ എനർജി പ്രസിഡന്റ് കപിൽ മഹേശ്വരി പറഞ്ഞു.
Read Also : 60-ാം ജന്മദിനത്തിൽ 60000 കോടി സംഭാവന നല്കാൻ ഗൗതം അദാനി; തുക നൽകുക സാമൂഹിക പ്രവർത്തനങ്ങൾക്കായി
നരേന്ദ്ര മോദി സർക്കാർ ഫെബ്രുവരിയിൽ ഹരിത ഹൈഡ്രജൻ നയത്തിന്റെ ആദ്യ ഘട്ടം പുറത്തിറക്കിയിരുന്നു. ഹരിത ഹൈഡ്രജൻ പദ്ധതികൾ സ്ഥാപിക്കുന്നതിന് കമ്പനികൾക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതികളായിരുന്നു എല്ലാം. അംബാനിയും അദാനിയും 140 ബില്യൺ ഡോളറിലധികം ഹരിത ഇന്ധനത്തിലേക്ക് നിക്ഷേപം നടത്തിയിട്ടുണ്ട്. വരും വർഷങ്ങളിൽ എണ്ണ ഉത്പാദനവും കൽക്കരി ഉത്പാദനവും ഗണ്യമായി കുറയും. ഇങ്ങനെ വരുമ്പോൾ ഹരിത ഇന്ധനത്തിന്റെ ഉൽപ്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യയെ ആഗോള വിപണിയിൽ മുൻനിരയിൽ എത്തിക്കാനുള്ള സർക്കാരിന്റെ അഭിലാഷത്തെ രണ്ട് വ്യവസായികളും പിന്തുണയ്ക്കുന്നു എന്ന് തന്നെ പറയാം.
ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഒരു കിലോഗ്രാമിന് 1 ഡോളർ എന്ന നിരക്കിൽ ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുക എന്ന ലക്‌ഷ്യം റിലയൻസ് പിന്തുടരുമെന്ന് അംബാനി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. അക്കാലത്ത്, ഇന്ധനം ഉൽപ്പാദിപ്പിക്കുന്നതിനുള്ള ചെലവ് ഇന്ത്യയിൽ ഒരു കിലോഗ്രാമിന് 2.22 ഡോളറിനും 4.62 ഡോളറിനും ഇടയിലായിരുന്നു.