
മുംബൈ : റിപ്പോ നിരക്ക് (Repo rate) ഉയർത്തി ആർബിഐ (RBI). 50 ബേസിസ് പോയിന്റ് വർധനവാണ് ആർബിഐ വരുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും പലിശ കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ജൂണിൽ നിരക്ക് ഉയർത്തുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ധന നയ സമിതി അവലോകനത്തിനു ശേഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയിരുന്നു. 40 ബേസിസ് പോയിന്റാണ് മേയിൽ ആർബിഐ ഉയർത്തിയത്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകളും വായ്പ നിക്ഷേപ പലിശകള്‍ വർധിപ്പിച്ചിരുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി (MPC) യുടെ ഏകകണ്ഠമായ തീരുമാനമായിരുന്നു നിരക്ക് ഉയർത്തുക എന്നുള്ളത്. റിപ്പോ അര ശതമാനവും സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (SDF) നിരക്ക് 4.65 ശതമാനമായും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MSF) നിരക്കും ബാങ്ക് നിരക്കും 5.15 ശതമാനമായും പരിഷ്കരിച്ചു. ഇതിന്റെ ചുവടുപിടിച്ച് ഇന്നു മുതല്‍ രാജ്യത്തെ ബാങ്കുകൾ വായ്പാ പലിശ നിരക്കുകൾ ഉയര്‍ത്തും.
2023 സാമ്പത്തികവര്‍ഷത്തിലെ യഥാര്‍ത്ഥ ജി.ഡി.പി. പ്രവചനം 7.2 ശതമാനമായി ആയി നിലനിര്‍ത്തി.പണപ്പെരുപ്പ പ്രവചനം 5.7 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി പരിഷ്‌കരിച്ചു. ഓഗസ്ററ് 2 മുതൽ 4 വരെയായിരിക്കും മോണിറ്ററി പോളിസി കമ്മറ്റിയുടെ അടുത്ത യോഗം ഉണ്ടാകുക.
ഇന്ത്യയിലെ ഏറ്റവും വലിയ വായ്പ ദാതാവായ എച്ച്‌ഡിഎഫ്‌സി (HDFC) ബാങ്ക് എംസിഎൽആർ (Marginal cost of funds based lending rate) നിരക്ക് വർധിപ്പിച്ചു. 35 ബേസിസ് പോയിന്റ് വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ എംസിഎൽആർ (MCLR) 7.50 ശതമാനമായി. എല്ലാ കാലാവധിയിലുള്ള വായ്പകൾക്കും ഇത് ബാധകമാണ്. പുതുക്കിയ നിരക്ക് ജൂൺ 7 മുതൽ നിലവിൽ വന്നു.
മെയ് തുടക്കത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് പോളിസി നിരക്ക് ഉയർത്തിയിരുന്നു. പണപ്പെരുപ്പം റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ ആർബിഐ (RBI) റിപ്പോ നിരക്ക് (Repo rate) ഉയർത്തിയിരുന്നു. 40 ബേസിസ് പോയിന്റാണ് ആർബിഐ ഉയർത്തിയത്. ഇപ്പോൾ ആർബിഐ വീണ്ടും നിരക്കുയര്‍ത്തുന്നതിന് ഒരു ദിവസം മുന്‍പേയാണ് എച്ച്‌ഡിഎഫ്‌സിയുടെ നിരയ്ക്ക് വർധന. കൂടാതെ ജൂൺ 1 മുതൽ ഭവനവായ്‌പകളുടെ പലിശ നിരക്ക് 5 ബേസിസ് പോയിന്റ് എച്ച്‌ഡിഎഫ്‌സി ഉയർത്തിയിരുന്നു.