
വീടുകളില്‍ റൂഫ്‌ടോപ്പ് സോളാര്‍ സ്ഥാപിക്കുന്നതിലൂടെ കറന്റ് ബില്‍ കുറയുക എന്നതിനപ്പുറം നിരവധി സാമ്പത്തിക നേട്ടങ്ങളുമുണ്ട്. സര്‍ക്കാര്‍ സബ്‌സിഡികള്‍, കുറഞ്ഞ വൈദ്യുതി ബില്‍, കൂടിക്കൊണ്ടിരിക്കുന്ന വൈദ്യുതി നിരക്കുകളില്‍ നിന്നുള്ള സംരക്ഷണം, വീടിന്റെ മൂല്യം വര്‍ദ്ധിക്കുന്നത്, വീടിനുള്ളിലെ ചൂട് കുറയ്ക്കുന്നത് തുടങ്ങി നിരവധി ഗുണങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു. ഇവ വരും ദശാബ്ദങ്ങളില്‍ വീട്ടുടമകള്‍ക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ സഹായിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ 'പ്രധാനമന്ത്രി സൂര്യ ഘര്‍: മുഫ്ത് ബിജ്ലി യോജന' പദ്ധതിയിലൂടെ റൂഫ്‌ടോപ്പ് സോളാര്‍ വെക്കുന്നവരുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനായി പണം മുടക്കുന്നതിന് മുന്‍പ് ഇത് നല്‍കുന്ന മറ്റ് സാമ്പത്തിക നേട്ടങ്ങള്‍ കൂടി ആളുകള്‍ മനസിലാക്കണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സോളാര്‍ പാനലിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ വൈദ്യുതി ബില്ലില്‍ വരുന്ന വലിയ കുറവാണ് എല്ലാവരുടെയും മനസിലേക്ക് ആദ്യം വരികയെന്നും, ആ ഒരു സന്തോഷമാണ് കൂടുതല്‍ ആളുകളെ സോളാര്‍ വെക്കാന്‍ പ്രേരിപ്പിക്കുന്നതും.
ഇതില്‍ ഏറ്റവും വലിയ സാമ്പത്തിക നേട്ടം സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായമാണ്. പ്രധാനമന്ത്രി സൂര്യ ഘര്‍ യോജനയ്ക്ക് കീഴില്‍, അര്‍ഹരായ വീട്ടുടമകള്‍ക്ക് 78,000 രൂപ വരെ സബ്‌സിഡി ലഭിക്കും. കൂടാതെ ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റികള്‍ക്കും റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്. വിവിധ സംസ്ഥാന സര്‍ക്കാരുകളും അവരുടെ ഊര്‍ജ്ജ ഏജന്‍സികള്‍ വഴിയും വിതരണ കമ്പനികള്‍ വഴിയും അധിക ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ബിസിനസ് ആവശ്യങ്ങള്‍ക്ക് സോളാര്‍ ഉപയോഗിക്കുന്നവര്‍ക്ക് ആദായ നികുതി നിയമപ്രകാരം ആദ്യ വര്‍ഷം തന്നെ 40 ശതമാനം ആക്‌സിലറേറ്റഡ് ഡിപ്രീസിയേഷന്‍ ക്ലെയിം ചെയ്യാനും, അതുവഴി നികുതി നല്‍കേണ്ട വരുമാനം കുറയ്ക്കാനും നിക്ഷേപത്തുക വേഗത്തില്‍ തിരിച്ചുപിടിക്കാനും സാധിക്കും.
പകല്‍ സമയത്ത് ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഗ്രിഡിലേക്ക് നല്‍കാന്‍ സഹായിക്കുന്ന 'നെറ്റ് മീറ്ററിംഗ്' സംവിധാനമാണ് മറ്റൊരു പ്രധാന നേട്ടം. ഈ അധിക വൈദ്യുതിക്ക് ലഭിക്കുന്ന ക്രെഡിറ്റുകള്‍ ഉപയോഗിച്ച് പിന്നീട് ഉപയോഗിക്കുന്ന വൈദ്യുതിയുടെ ബില്‍ വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കും. സുരക്ഷിതമായ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി അധികമുള്ള വൈദ്യുതി അയല്‍ക്കാര്‍ക്ക് നേരിട്ട് വില്‍ക്കാന്‍ സോളാര്‍ ഉടമകളെ സഹായിക്കുന്ന പിയര്‍-ടു-പിയര്‍ എനര്‍ജി ട്രേഡിംഗ് പോലെയുള്ള മാറ്റങ്ങള്‍ ഇന്ത്യന്‍ ഊര്‍ജ്ജ മേഖലയില്‍ ഉടന്‍ വരുമെന്നും, ഇത് അധിക വരുമാനം നേടാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
ഇന്ധന വിലയും വൈദ്യുതി ആവശ്യകതയും വര്‍ദ്ധിക്കുന്നതിനാല്‍ ഭാവിയില്‍ വൈദ്യുതി നിരക്ക് കുതിച്ചുയരാന്‍ സാധ്യതയുണ്ട്. എന്നാല്‍ സോളാര്‍ പാനലുകള്‍ക്ക് 25 വര്‍ഷത്തിലധികം ആയുസ്സുള്ളതിനാല്‍, സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഇത്തരം വിലക്കയറ്റങ്ങളില്‍ നിന്ന് ദീര്‍ഘകാല സംരക്ഷണം നല്‍കുന്നു. ഇതുകൂടാതെ, സോളാര്‍ പാനലുകളുള്ള വീടുകള്‍ക്ക് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ആവശ്യക്കാരും വിലയും കൂടുതലാണ്. ഇത്തരം വീടുകള്‍ പരിപാലിക്കാന്‍ ചെലവ് കുറവാണെന്നതും ഗ്രിഡിനെ അധികം ആശ്രയിക്കേണ്ടതില്ലെന്നതുമാണ് ഇതിന് കാരണം.
പാനലുകള്‍ മേല്‍ക്കൂരയ്ക്ക് തണല്‍ നല്‍കുന്നതിനാല്‍ വീടിനുള്ളിലെ ചൂട് കുറയാനും, അതുവഴി എസി ഉപയോഗിക്കുന്നതിനുള്ള വലിയ ചെലവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. മികച്ച ബാറ്ററികള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ പവര്‍ കട്ട് സമയത്ത് ഡീസല്‍ ജനറേറ്ററുകളെ ആശ്രയിക്കാതെ തന്നെ തടസമില്ലാതെ വൈദ്യുതി ലഭിക്കാനും ഇത് ഉപകരിക്കും.