രണ്ടായിരം രൂപ നോട്ടിന്‍റെ വിതരണം നിര്‍ത്തിയോ?, നിര്‍മല സീതാരാമന്‌റെ വിശദീകരണം

By Web TeamFirst Published Feb 27, 2020, 12:55 PM IST
Highlights

കഴിഞ്ഞ വര്‍ഷം വിവരാവകാശ നിയമപ്രകാരമുള്ള ഒരു ചോദ്യത്തിന് റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയില്‍ രണ്ടായിരം രൂപ നോട്ടിന്‌റെ അച്ചടി നിര്‍ത്തിയെന്ന് വ്യക്തമാക്കിയിരുന്നു. 


ദില്ലി: രാജ്യത്തെ രണ്ടായിരം രൂപ നോട്ടിന്‌റെ വിതരണം നിര്‍ത്തിയതായുള്ള ആശങ്കകള്‍ വ്യാപിക്കുന്നതിനിടെ, ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. തനിക്കറിയാവുന്നിടത്തോളം ഇത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് അവര്‍ പൊതുമേഖലാ ബാങ്ക് മേധാവികളുടെ യോഗത്തില്‍ പറഞ്ഞത്.

രാജ്യത്തെ എടിഎമ്മുകളില്‍ രണ്ടായിരം രൂപ നോട്ട് ലഭിക്കുന്നില്ലെന്നും, പകരം 500 രൂപ, 200 രൂപ, 100 രൂപ നോട്ടുകളുമാണ് നിറയ്ക്കുന്നതെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നിര്‍മല ഈ കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. രണ്ടായിരം രൂപ നോട്ടുകള്‍ ഇപ്പോഴും നിയമവിധേയമാണെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം വിവരാവകാശ നിയമപ്രകാരമുള്ള ഒരു ചോദ്യത്തിന് റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയില്‍ രണ്ടായിരം രൂപ നോട്ടിന്‌റെ അച്ചടി നിര്‍ത്തിയെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ വരും നാളുകളില്‍ വിപണിയില്‍ 2,000 രൂപയുടെ നോട്ടില്‍ കുറവുണ്ടായേക്കും. കഴിഞ്ഞ ദിവസം പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ബാങ്ക് തങ്ങളുടെ എടിഎമ്മുകളില്‍ നിന്ന് ഇനി രണ്ടായിരം രൂപ നോട്ട് ലഭിക്കില്ലെന്ന് അറിയിച്ചിരുന്നു. രണ്ടായിരം രൂപ നോട്ടിന് ചില്ലറ ലഭിക്കാത്ത സാഹചര്യത്തില്‍ എടിഎമ്മുകളി നിന്ന് ഉയര്‍ന്ന കറന്‍സി പിന്‍വലിക്കാന്‍ മറ്റ് ചില ബാങ്കുകളും നേരത്തെ തീരുമാനിച്ചിരുന്നു.

click me!