Ruchi Soya : രുചി സോയ ഇനി പതഞ്ജലി ഫുഡ്‌സ്; ഭക്ഷ്യ എണ്ണ കമ്പനിക്ക് ഓഹരി വിപണിയിൽ വൻ കുതിപ്പ്

By Web TeamFirst Published Apr 11, 2022, 2:21 PM IST
Highlights

ബാധ്യതകൾ തീർത്ത് ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കിയതോടെ പേര് മാറ്റാൻ ഒരുങ്ങി രുചി സോയ. കടക്കെണിയിലായ കമ്പനിയെ പതഞ്ജലി ആയുർവേദ ഏറ്റെടുത്തിരുന്നു 

ദില്ലി: പ്രമുഖ ഭക്ഷ്യ എണ്ണ ഉല്‍പാദകരായ രുചി സോയ (Ruchi Soya) പേര് മാറ്റാൻ ഒരുങ്ങുന്നു. ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുർവേദയു‌ടെ (Patanjali-Ayurved ) ഉടമസ്ഥതയിലുള്ള ഭക്ഷ്യ എണ്ണ കമ്പനിയായ രുചി സോയ ഓഹരി വിപണിയിൽ 8 ശതമാനം നേട്ടമുണ്ടാക്കിയതിനെ തുടർന്ന് സ്വയം പെരുമാറ്റാനും റീബ്രാൻഡ് ചെയ്യാനുമുള്ള ശ്രമത്തിലാണ്. ഏറ്റവും പുതിയ റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, കമ്പനിയുടെ പേര് പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് എന്നോ അല്ലെങ്കിൽ രജിസ്ട്രാർ ഓഫ് കമ്പനീസ് ലഭ്യമാക്കുന്ന മറ്റേതെങ്കിലും പേരിലേക്കോ മാറ്റാൻ കമ്പനി ബോർഡ് അംഗീകരിച്ചു. വികസനത്തിന്റെ ഭാഗമായി  രുചി സോയ ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇന്ന് 8 ശതമാനത്തിലധികം ഉയർന്ന് 999 രൂപയിലെത്തി

ബാബ രാംദേവിന്റെ (Baba Ramdev) പതഞ്ജലി ആയുർവേദിന്റെ നേതൃത്വത്തിലുള്ള രുചി സോയ അതിന്റെ ഫോളോ-ഓൺ പബ്ലിക് ഓഫറിലൂടെ അടുത്തിടെ 4,300 കോടി രൂപ സമാഹരിച്ചിരുന്നു.  2,925 കോടി രൂപ വായ്പ ബാങ്കുകളിലേക്ക് തിരിച്ചടച്ചതായും കമ്പനിയുടെ ബാധ്യതകളെല്ലാം തീർത്തതായും കമ്പനി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. 

ഇന്‍ഡോര്‍ ആസ്ഥാനമായ രുചി സോയ ഒരു കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉല്‍പാദകരായിരുന്നു. എന്നാൽ പിന്നീട് കടക്കെണിയിലായ രുചി സോയയെ ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്‌ജലി ആയുർവേദ കമ്പനി ഏറ്റെടുക്കുകയായിരുന്നു. 2019 ലാണ് പതഞ്‌ജലി രുചി സോയയെ ഏറ്റെടുക്കുന്നത്. കടക്കെണിയിലായ രുചി സോയയെ ഏറ്റെടുക്കാനുളള ബിഡിങ്ങില്‍ അവസാന ഘട്ടത്തില്‍ പതഞ്ജലിയും അദാനി ഗ്രൂപ്പും മാത്രമാണുണ്ടായിരുന്നത്. രുചി സോയെ ഏറ്റെടുത്തതോടെ ഭക്ഷ്യയെണ്ണ വിപണിയില്‍ 14 ശതമാനം വിപണി വിഹിതവുമായി പതഞ്ജലി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നിരുന്നു. 19 ശതമാനം വിപണി വിഹിതമുളള അദാനി വില്‍മറിനാണ് ഒന്നാം സ്ഥാനം. 

ധനസമാഹരണത്തിനായുളള ഫോളോ-ഓൺ പബ്ലിക് ഓഫർ (FPO) നൽകികൊണ്ട് കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 4,300 കോടി രൂപ നേടിയിരുന്നു. ലിസ്റ്റുചെയ്ത എന്റിറ്റിയിൽ 25 ശതമാനം മിനിമം പബ്ലിക് ഷെയർഹോൾഡിംഗിന്റെ സെബി മാനദണ്ഡം പാലിക്കുന്നതിനാണ് എഫ്പിഒ ആരംഭിച്ചത്. അതായത് സെബി ലിസ്റ്റിംഗ് നിയമങ്ങൾ അനുസരിച്ച്, സെക്യൂരിറ്റീസ് കോൺട്രാക്റ്റ് (റെഗുലേഷൻ) ചട്ടങ്ങൾ, 1957 പ്രകാരം ലിസ്റ്റിംഗ് ആവശ്യകതയ്ക്ക് അനുസൃതമായി 25 ശതമാനം മിനിമം പബ്ലിക് ഷെയർഹോൾഡിംഗ് നേടുന്നതിന് കമ്പനി പ്രൊമോട്ടർമാരുടെ ഓഹരി വിഹിതം കുറയ്‌ക്കേണ്ടതുണ്ടായിരുന്നു. ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ്പിഒ) അനുസരിച്ച് ഓഹരികൾ ലിസ്റ്റ് ചെയ്തതിനെത്തുടർന്ന് വെള്ളിയാഴ്ച രുചി സോയ കമ്പനിയുടെ ഓഹരി 12.94 ശതമാനം ആയാണ് ഉയർന്നത്.

click me!