
മോസ്കോ: യുക്രൈന് (Ukraine) എതിരായ സൈനിക നീക്കത്തിൽ അന്താരാഷ്ട്ര കമ്പനികൾക്കെതിരെ (Interntional Companies) ഭീഷണിയുമായി റഷ്യൻ ഭരണകൂടം (Russian Govt). കൊക്കക്കോള, ഐബിഎം, മക്ഡൊണാൾഡ്, കെഎഫ്സി, പ്രോക്ടർ ആൻഡ് ഗാംബിൾ, പിസ്സ ഹട്ട് തുടങ്ങിയ കമ്പനികൾക്കെല്ലാം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് റഷ്യ.
റഷ്യൻ ഭരണകൂടത്തെ വിമർശിച്ച ഈ കമ്പനികളുടെയെല്ലാം ജീവനക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും ബൗദ്ധിക ആസ്തികൾ അടക്കം കമ്പനികളുടെ എല്ലാ ആസ്തികളും കണ്ടുകെട്ടുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നു. കമ്പനികളുടെ ആസ്തികൾ കണ്ടുകെട്ടുമെന്നും ഉന്നതരെ പിടിച്ച് ജയിലിൽ ഇടുമെന്നുമാണ് റഷ്യൻ ഭരണകൂടത്തിന്റെ ഭീഷണിയെന്ന് വാൾസ്ട്രീറ്റ് ജേണലാണി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫോൺ വഴിയും കത്തുകളിലൂടെയും നേരിട്ടും റഷ്യൻ അധികൃതർ നിരവധി അന്താരാഷ്ട്ര കമ്പനികളെ ബന്ധപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
യുക്രൈനെതിരായ സൈനിക നീക്കത്തെ തുടർന്ന് റഷ്യക്കെതിരെ അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആഗോള കുത്തക കമ്പനികളും റഷ്യക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. തങ്ങളുടെ വരുമാനം കുത്തനെ ഇടിയുമെന്ന കാര്യം വകവെക്കാതെ കമ്പനികൾ റഷ്യയിൽ നിന്ന് പിന്മാറുകയായിരുന്നു. ഈ പട്ടിക നാൾക്കുനാൾ വികസിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഭീഷണിയുടെ സ്വരത്തിൽ തന്നെ പുടിൻ ഭരണകൂടം കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
യുക്രൈൻ വിഷയത്തിൽ കടുത്ത നിലപാടാണ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ റഷ്യക്കെതിരെ സ്വീകരിച്ചത്. പല കമ്പനികളും റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇത്രയൊക്കെ സംഭവിക്കുമ്പോഴും വെറുതെ നോക്കി നിൽക്കുകയായിരുന്നില്ല റഷ്യൻ ഭരണകൂടം എന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിക്കും, പ്രതിരോധം ശക്തമാക്കണം, മുന്നറിയിപ്പ് നല്‍കി സെലന്‍സ്കി
കീവ്: റഷ്യ (Russia) വൈകാതെ നാറ്റോ രാജ്യങ്ങളെയും ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി (Volodymyr Zelenskyy). റഷ്യക്ക് എതിരെ പ്രതിരോധം ശക്തമാക്കണമെന്നും ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ഏക വഴി യുക്രൈനുമേൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണെന്നും സെലൻസ്കി പറഞ്ഞു. അതേസമയം പോളണ്ട് അതിർത്തിയോട് ചേർന്ന സൈനിക താവളം റഷ്യ ആക്രമിച്ചതിൽ കടുത്ത പ്രതിഷേധവുമായി അമേരിക്ക രംഗത്തെത്തി. ആക്രമണത്തെ ശക്തമായി അപലപിച്ച യുഎസ് റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പോളണ്ട്-യുക്രൈന്‍ അതിര്‍ത്തിക്ക് സമീപമുള്ള യവോരിവ് നഗരത്തിലാണ് റഷ്യ ആക്രമണം നടത്തിയത്. ഇവിടെ 35 പേർ കൊല്ലപ്പെടുകയും 134 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 30 ലധികം ക്രൂയിസ് മിസൈലുകൾ പ്രയോഗിച്ചതായാണ് യുക്രൈന്‍റെ ആരോപണം.
പോളണ്ട് അതിർത്തിയിൽ നിന്ന് 25 കിലോമീറ്റർ മാത്രം അകലെയാണ് വ്യോമ ആക്രമണം ഉണ്ടായത് എന്നതുകൊണ്ട് തന്നെ ഇത് സംഘര്‍ഷത്തിന്‍റെ ഗുരുതരാവസ്ഥ കൂട്ടുന്നുവെന്ന് ബ്രിട്ടൻ ആശങ്കയറിയിക്കുന്നുണ്ട്. റഷ്യയുടെ അധിനിവേശം നാറ്റോ സഖ്യരാജ്യത്തിന് നേര്‍ക്കുവന്നാല്‍ കൂട്ടായ സംരക്ഷണമുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും മുന്നറിയിപ്പ് നല്‍കി. അതേസമയം ഡൊണെറ്റ്സ്ക് മേഖലയിലെ വോൾനോവാഖ നഗരം റഷ്യൻ ബോംബാക്രമണത്തിൽ പൂർണ്ണമായും തകർന്നിട്ടുണ്ട്. 12 ദിവസം മുമ്പ് റഷ്യൻ സൈന്യം വളഞ്ഞ മരിയുപോളില്‍ സ്ഥിതിഗതികള്‍ ഏറെ പ്രയാസമാണ്. ഭക്ഷണം പോലും കിട്ടാതെയാണ് ഇവിടെ കുറയധികം മനുഷ്യര്‍ കഴിയുന്നത്. അതിനിടെ കീവിനടുത്ത് ഒരു ഗ്രാമം ഒഴിപ്പിക്കുന്നതിനിടെ സ്ത്രീകളുടെയും കുട്ടികളുടെയും വാഹനവ്യൂഹത്തിന് നേരെ റഷ്യൻ ആക്രമണമുണ്ടായി. ഏഴ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം യുക്രൈനിയന്‍ അതിർത്തി കടക്കുന്ന അഭയാർത്ഥികളുടെ നിരക്ക് കുറഞ്ഞു. 26 ലക്ഷം പേരാണ് അയല്‍രാജ്യങ്ങളില്‍ അഭയം തേടിയത്.