'അസംബന്ധം', ആമസോൺ മേധാവിയുടെ ഫോൺ ചോർത്തിയെന്ന ആരോപണം നിഷേധിച്ച് സൗദി

By Web TeamFirst Published Jan 23, 2020, 8:20 AM IST
Highlights

ആമസോണ്‍ സ്ഥാപകനും, സിഇഒയുമായ ജെഫ് ബെസോസിന്റെ മൊബൈല്‍ ഫോണ്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാൻ ചോർത്തിയെന്ന റിപ്പോർട്ട് തള്ളി സൗദി വിദേശകാര്യ മന്ത്രി രംഗത്ത്. 

ലണ്ടൻ: ആമസോണ്‍ സ്ഥാപകനും, സിഇഒയുമായ ജെഫ് ബെസോസിന്റെ മൊബൈല്‍ ഫോണ്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാൻ ചോർത്തിയെന്ന റിപ്പോർട്ട് തള്ളി സൗദി വിദേശകാര്യ മന്ത്രി രംഗത്ത്. സൗദി രാജകുമാരൻ അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ ഫോണിലെ വിവരങ്ങൾ ചോർത്തിയെന്ന ഗാർഡിയൻ ദിനപ്പത്രത്തിന്റെ
റിപ്പോർട്ടാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരൻ തള്ളിയത്.

"അസംബന്ധം എന്നതാണ് ഏറ്റവും അനുയോജ്യമായ പദം എന്നെനിക്ക് തോന്നുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാൻ രാജകുമാരൻ ജെഫ് ബെസോസിന്റെ ഫോൺ ചോർത്തിയെന്നത് ബാലിശമാണ്," എന്ന് അദ്ദേഹം റോയിറ്റേർസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. അതേസമയം സംഭവത്തിൽ അന്വേഷണം നടത്തുമെന്ന്
വാഷിങ്ടണിലെ സൗദി എംബസി ട്വീറ്റ് ചെയ്തു.

രാജകുമാരന്റെ സ്വകാര്യ നമ്പറില്‍ നിന്നും ബെസോസിന് ലഭിച്ച വീഡിയോസന്ദേശത്തിന് ശേഷമാണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടുള്ളതെന്നാണ് റിപ്പോർട്ട്. 2018 മെയ് ഒന്നിനാണ് രാജകുമാരന്റെ നമ്പറിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ ധനികനായ ജെഫ് ബെസോസിന്റെ ഫോണിലേക്ക് വീഡിയോ സന്ദേശം അയച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫോണ്‍ ഹാക്ക് ചെയ്യാനുള്ള രഹസ്യകോഡ് ഉള്‍പ്പെട്ട വീഡിയോ സൗദി രാജകുമാരന്റെ ഫോണില്‍ നിന്നും എത്തിയെന്നാണ് റിപ്പോർട്ട്.

ഫോറൻസിക് പരിശോധനയിലാണ് ഇത് സൽമാൻ രാജകുമാരന്റെ സ്വകാര്യ നമ്പറാണെന്ന് തെളിഞ്ഞത്. ആഗോള ബിസിനസ് ഉപദേശക സ്ഥാപനമായ  എഫ് ടി ഐയാണ് സംഭവം അന്വേഷിച്ചത്. സന്ദേശങ്ങള്‍ ചോര്‍ത്തിയ ശേഷമാണ് ബെസോസും, മുന്‍ ടിവി അവതാരക ലോറന്‍ സാഞ്ചെസും തമ്മിലുള്ള വിവാഹേതര ബന്ധം പുറത്തുവന്നത്.

അതേസമയം ജമാൽ ഘഷോഗിയുടെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. 2018 ഒക്ടോബറിലാണ്  ജെഫ് ബെസോസിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വാഷിങ്ടൺ പോസ്റ്റ് ദിനപ്പത്രത്തിൽ കോളമിസ്റ്റായിരുന്ന ഘഷോഗി കൊല്ലപ്പെട്ടത്. ബെസോസിന്റെ ഫോൺ ലീക്ക് ചെയ്ത് അഞ്ച് മാസത്തിന് ശേഷമായിരുന്നു ഇത്.

click me!