മിനിമം ബാലൻസില്ലെങ്കിൽ എസ്ബിഐ പിഴ എങ്ങനെ? അറിയാം ഈ കാര്യങ്ങൾ

By Web TeamFirst Published Nov 17, 2019, 8:50 AM IST
Highlights

രാജ്യത്തെ പ്രദേശങ്ങളെ വിവിധ കാറ്റഗറികളാക്കി തിരിച്ച് പ്രത്യേക നിരക്കുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മെട്രോ, അർബൻ, സെമി അർബൻ, റൂറൽ എന്നിങ്ങനെ നാല് കാറ്റഗറികളായാണ് സ്ഥലങ്ങളെ തരംതിരിച്ചിരിക്കുന്നത്. 

തിരുവനന്തപുരം: എസ്ബിടി ലയനത്തിന് ശേഷം ഉപഭോക്താക്കൾ എസ്ബിഐക്കെതിരെ ഉന്നയിച്ച ഏറ്റവും വലിയ പരാതി, അവർ ഈടാക്കുന്ന പിഴയെ കുറിച്ചുള്ളതായിരുന്നു. ക്ഷേമപെൻഷനിൽ വരെ ബാങ്ക് മിനിമം ബാലൻസിന്റെ പേരിൽ വൻതുക പിഴയീടാക്കിയത് വൻ വിവാദമായിരുന്നു. എന്നാൽ ഇപ്പോൾ ഉപഭോക്താക്കൾ ഇതെല്ലാം മറന്ന മട്ടാണ്. എസ്ബിഐ ഇപ്പോൾ പിഴ ഈടാക്കാറില്ല എന്നാണോ അതിന്റെ അർത്ഥം? അല്ല. 

സേവിംഗ്സ് അക്കൗണ്ട് ഉടമകൾ തങ്ങളുടെ അക്കൗണ്ടിൽ ആയിരം മുതൽ മൂവായിരം രൂപ വരെ തുക സൂക്ഷിച്ചിരിക്കണം എന്നാണ് ബാങ്ക് നിബന്ധന. ഓരോ മാസവും ഈ അക്കൗണ്ടുകളിലെ ശരാശരി നിക്ഷേപം എത്രയാണെന്ന് ബാങ്ക് നോക്കും. ആ സമയത്ത് അക്കൗണ്ടിൽ ദിവസം ആയിരം രൂപയിൽ താഴെയാണ് നിക്ഷേപമെങ്കിൽ ഉയർന്ന തുക പിഴ ചുമത്തും. ഇതാണ് രീതി. 

രാജ്യത്തെ പ്രദേശങ്ങളെ വിവിധ കാറ്റഗറികളാക്കി തിരിച്ച് പ്രത്യേക നിരക്കുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മെട്രോ, അർബൻ, സെമി അർബൻ, റൂറൽ എന്നിങ്ങനെ നാല് കാറ്റഗറികളായാണ് സ്ഥലങ്ങളെ തരംതിരിച്ചിരിക്കുന്നത്. 

മെട്രോ, അർബൻ മേഖലകളിൽ മിനിമം ബാങ്കുകളിൽ മിനിമം ബാലൻസ് 3000 രൂപയാണ്. 3000 നും 1500 നും ഇടയിലാണ്  ഈ അക്കൗണ്ടുകളിലെ ശരാശരി ബാലൻസെങ്കിൽ പത്ത് രൂപയും അതിന് ആനുപാതികമായ നികുതിയും നൽകണം. 1500 നും 750 നും ഇടയിലാണെങ്കിൽ 12 രൂപയും ജിഎസ്‌ടിയുമാണ് പിഴ. 750 ൽ താഴെയാണെങ്കിൽ 15 രൂപയും ജിഎസ്‌ടിയുമാണ് പിഴയായി നൽകേണ്ടത്.

ഇടത്തരം നഗര മേഖലയിൽ രണ്ടായിരം രൂപയാണ് മിനിമം ബാലൻസ്. 2000 മുതൽ 1000 രൂപ വരെയാണ് ഇതിലെ ശരാശരി ബാലൻസെങ്കിൽ 7.50 രൂപയും ജിഎസ്ടിയും നൽകണം. 500 നും 1000 നും ഇടയിൽ 10 രൂപയും ജിഎസ്‌ടിയും ആണ് പിഴ. 500 രൂപയിലും താഴെയാണെങ്കിൽ 12 രൂപയും ജിഎസ്ടിയും പിഴയായി നൽകണം.

ഗ്രാമീണ മേഖലയിൽ ആയിരം രൂപയാണ് മിനിമം ബാലൻസ്. 500 രൂപയിൽ താഴെയാണ് ശരാശരി ബാലൻസെങ്കിൽ അഞ്ച് രൂപയും ജിഎസ്‌ടിയും ഈടാക്കും. 250 നും 500 നും ഇടയിലാണ് ബാലൻസെങ്കിൽ 7.50 രൂപയും ജിഎസ്‌ടിയും നൽകണം. 250 രൂപയിലും താഴെയാണെങ്കിൽ 10 രൂപയും ജിഎസ്‌ടിയും നൽകണം.

അതേസമയം എസ്ബിഐയിൽ സീറോ ബാലൻസ് അക്കൗണ്ടുകളും തുറക്കാനാവും. ഈ അക്കൗണ്ടുകളുടെ കാര്യത്തിൽ മിനിമം ബാലൻസ് നിബന്ധനകളോ പിഴയോ ഉണ്ടാകില്ല.

click me!