ഓൺലൈൻ ഇടപാടുകാർക്ക് നേട്ടം: ബാങ്ക് ചാർജ്ജുകൾ എസ്ബിഐ വെട്ടിക്കുറച്ചു

By Web TeamFirst Published Jul 13, 2019, 6:42 AM IST
Highlights

എസ്ബിഐക്ക് 29.7 കോടി ഡെബിറ്റ് കാർഡ് ഉടമകളാണ് രാജ്യത്തുള്ളത്. ഇവരിൽ ആറ് കോടി പേരാണ് ഇപ്പോൾ ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നത്

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാടുകൾക്ക് ഈടാക്കിയിരുന്ന ബാങ്ക് നിരക്കുകൾ വെട്ടിക്കുറച്ചു. ഇന്റർനെറ്റ്, മൊബൈൽ ബാങ്കിംഗ്, യോനോ ആപ്പ് എന്നിവ വഴിയുള്ള ആർടിജിഎസ്, എൻഇഎഫ്‌ടി ഇടപാടുകൾക്ക് ഇനി മുതൽ പണം നൽകേണ്ടതില്ല. ഡിജിറ്റൽ സങ്കേതങ്ങൾ വഴിയുള്ള ഐഎംപിഎസ് നിരക്കുകളും ഒഴിവാക്കി.

ഈ തീരുമാനം ആഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ബാങ്കുകളുടെ ബ്രാഞ്ചിൽ നേരിട്ടെത്തി ചെയ്യുന്ന ഐഎംപിഎസ് ഇടപാടുകൾ ആയിരം രൂപ വരെ മാത്രമാണ് സൗജന്യം. അല്ലാത്തവയ്ക്ക് ഇപ്പോഴത്തെ നിരക്കിൽ നിന്ന് 20 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. എസ്ബിഐക്ക് 29.7 കോടി ഡെബിറ്റ് കാർഡ് ഉടമകളാണ് രാജ്യത്തുള്ളത്. ഇവരിൽ ആറ് കോടി പേരാണ് ഇപ്പോൾ ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നത്. 1.4 കോടി പേർ മൊബൈൽ ബാങ്കിംഗ് ഉപയോഗിക്കുന്നുണ്ട്. യോനോ ആപ്പ് ഒരു കോടിയോളം ആളുകളാണ് ഉപയോഗിക്കുന്നത്.

അതേസമയം ബ്രാഞ്ച് വഴി നേരിട്ടുള്ള പണമിടപാടുകൾക്ക് ഇപ്പോൾ നൽകുന്ന അതേ നിരക്കുകൾ തുടരും. എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനുള്ള നിരക്കുകളിലും മാറ്റമില്ല.
 

click me!