അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ സെബി അംഗീകരിച്ചു; എൻഡിടിവി അദാനിയുടെ കൈകളിലേക്കോ?

By Web TeamFirst Published Nov 15, 2022, 12:17 PM IST
Highlights

എൻഡിടിവിയുടെ 26 ശതമാനം ഓഹരികൾക്കുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ സെബി അംഗീകരിച്ചു. ഓപ്പൺ ഓഫർ നവംബർ 22  മുതൽ ഡിസംബർ 5 വരെ 
 

മുംബൈ: മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ  26 ശതമാനം അധിക ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ മാർക്കറ്റ് റെഗുലേറ്റർ സെബി അംഗീകരിച്ചു,. ഓപ്പൺ ഓഫർ നവംബർ 22 ന് ആരംഭിച്ച് ഡിസംബർ 5 ന് അവസാനിക്കും. എൻഡിടിവിയുടെ സമീപകാല റെഗുലേറ്ററി ഫയലിംഗ് പ്രകാരം, ഒരു ഷെയറിന് 294 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വില.

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ ഗൗതം അദാനി വിശ്വപ്രധൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎൽ) എന്ന കമ്പനിയെ വാങ്ങുകയും വിസിപിഎൽ ഒരു ദശാബ്ദത്തിന്  മുമ്പ് എൻഡിടിവിയുടെ സ്ഥാപകർക്ക് നൽകിയ  400 കോടി രൂപ വായ്‌പയ്ക്ക് പകരമായി, കമ്പനിയെ 29.18 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ തയ്യാറായി. അതിനുശേഷം, അദാനി ഗ്രൂപ്പ് വാങ്ങിയ സ്ഥാപനമായ വിശ്വപ്രധൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ന്യൂനപക്ഷ ഓഹരികളിൽ നിന്ന് 26 ശതമാനം അധിക ഓഹരി വാങ്ങാൻ ഒക്ടോബർ 17 ന് ഓപ്പൺ ഓഫർ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

പൂർണ്ണമായി  സബ്സ്ക്രൈബ് ചെയ്യപ്പെടുകയാണ് എന്നുണ്ടെങ്കിൽ ഓപ്പൺ ഓഫർ ഒരു ഷെയറിന് 294 രൂപ നിരക്കിൽ 492.81 കോടി രൂപയാകും. അതേസമയം തിങ്കളാഴ്ച എൻഡിടിവിയുടെ ഓഹരികൾ  ബിഎസ്ഇയിൽ 1.99 ശതമാനം ഉയർന്ന്  365.85 രൂപയായപ്പോൾ നിഫ്റ്റിയിൽ  364.50 രൂപയിലെത്തി. 

2022 ജൂൺ 30ലെ കണക്കുകൾ പ്രകാരം എന്‍ഡിടിവിയിൽ, പ്രാമോട്ടര്‍മാരായ പ്രണോയ് റോയിക്കും രാധികാ റോയിക്കും യഥാക്രമം 15.94 ശതമാനം, 16.32 ശതമാനം ഓഹരികളാണ് ഉള്ളത്. ഇവരുടെ ആര്‍ആര്‍പിആര്‍ കമ്പനിക്ക് 29.18 ശതമാനം ഓഹരികളും. ബാക്കിയുള്ളതിൽ 14.7 ശതമാനം എഫ്പിഐ, 9.61 ശതമാനം ബോഡി കോര്‍പറേറ്റ്, 12.57 ശതമാനം റീട്ടെയില്‍, 1.67 ശതമാനം  മറ്റുള്ളവര്‍ എന്നിങ്ങനെയാണ്

click me!