
ദില്ലി : മ്യൂച്വൽ ഫണ്ടുകൾക്ക് (Mutual Fund) അനുമതിയുള്ള റിസ്ക്-ഓ-മീറ്ററിൽ സ്വർണവും (gold) സ്വർണവുമായി ബന്ധപ്പെട്ട എല്ലാ ചരക്കുകളുടെയും നിക്ഷേപത്തിന്റെ വിപണിയിലെ അപകട സാധ്യത (risk)വിലയിരുത്തുന്നതിനായി പുതിയ മാർഗനിർദേശങ്ങൾ അവതരിപ്പിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI). മ്യൂച്വൽ ഫണ്ട് സ്കീമുകൾ വഴി ഇത്തരം ചരക്കുകളിൽ നിക്ഷേപം നടത്തുമ്പോൾ ചരക്കുകളുടെ വാർഷിക വിലയിൽ വരുന്ന മാറ്റത്തിനനുസരിച്ച് ഒരു റിസ്ക് സ്കോർ നൽകുമെന്ന് തീരുമാനിച്ചതായി സെബി പ്രസ്താവനയിൽ പറഞ്ഞു.
ചരക്കിന്റെ കഴിഞ്ഞ 15 വർഷത്തെ ബെഞ്ച്മാർക്ക് സൂചികയുടെ വിലയെ അടിസ്ഥാനമാക്കി ഒരു വർഷത്തെ വിലയുടെ വ്യത്യാസങ്ങൾ മൂന്നുമാസം കൂടുമ്പോൾ കണക്കാക്കുകയും ഒപ്പം ഇത്തരം ചരക്കുകളുടെ റിസ്ക് സ്കോർ താഴ്ന്ന നിലയിൽ മുതൽ ഏറ്റവും ഉയർന്ന നിലയിൽ വരെയായി നാല് തലങ്ങളായി തരംതിരിക്കുമെന്നും സെബി അറിയിച്ചു. അതായത് 10 ശതമാനത്തിൽ താഴെ, 10-15 ശതമാനം, 15-20 ശതമാനം, 20 ശതമാനത്തിൽ കൂടുതൽ എന്നിങ്ങനെ റിസ്ക് സ്‌കോറുകൾ ഉണ്ടായിരിക്കും മ്യുച്ചൽ ഫണ്ട്സിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും വിപണിയിലെ സ്വർണത്തിൽ നിക്ഷേപിക്കുന്നവർക്കും ഇത്തരത്തിലുള്ള റിസ്ക് സ്‌കോറുകൾ അറിയുന്നതിലൂടെ നിക്ഷേപത്തിലെ അപകട സാധ്യതകൾ കുറയ്ക്കാൻ സാധിക്കും.
കഴിഞ്ഞ 15 വർഷത്തെ സ്വർണ്ണത്തിന്റെ വിലയെ അടിസ്ഥാനമാക്കിയാൽ സ്വർണ വിലയിൽ 18 ശതമാനത്തിന്റെ വർധനവ് ഉണ്ടെങ്കിൽ സ്വർണ്ണത്തിനും സ്വർണ്ണവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾക്കും റിസ്ക് ലെവൽ കൂടുമെന്നു ഉദാഹരണ സഹിതം സെബി വിശദീകരിച്ചു. ഈ പുതിയ മാർഗ നിർദേശങ്ങൾ ഉടനെ പ്രാബല്യത്തിൽ വരുമെന്ന് സെബി അറിയിച്ചു.