ബോണ്ട് വിൽപ്പനയിലെ ചട്ടലംഘനം: യെസ് ബാങ്കിന് 25 കോടി പിഴശിക്ഷ

By Web TeamFirst Published Apr 13, 2021, 6:45 PM IST
Highlights

യെസ് ബാങ്കിന്റെ മുൻ മാനേജിങ് ഡയറക്ടർ വിവേക് കാൻവാറിന് ഒരു കോടിയും ആശിഷ് നാസാ, ജസ്‌ജിത് സിങ് ബങ്ക എന്നിവർക്ക് 50 ലക്ഷം വീതവും പിഴ ചുമത്തി. ഇരുവരും യെസ് ബാങ്കിന്റെ സ്വകാര്യ ആസ്തി മാനേജ്മെന്റ് വിഭാഗത്തിലെ ജീവനക്കാരായിരുന്നു.

മുംബൈ: സെബി യെസ് ബാങ്കിന് പിഴ ചുമത്തി. 25 കോടി രൂപയാണ് പിഴ ചുമത്തിയത്. ബാങ്കിന്റെ എടി-1 ബോണ്ടുകൾ വിറ്റതിലെ പിഴവ് കണ്ടെത്തിയാണ് പിഴ ചുമത്തിയത്.

യെസ് ബാങ്കിന്റെ മുൻ മാനേജിങ് ഡയറക്ടർ വിവേക് കാൻവാറിന് ഒരു കോടിയും ആശിഷ് നാസാ, ജസ്‌ജിത് സിങ് ബങ്ക എന്നിവർക്ക് 50 ലക്ഷം വീതവും പിഴ ചുമത്തി. ഇരുവരും യെസ് ബാങ്കിന്റെ സ്വകാര്യ ആസ്തി മാനേജ്മെന്റ് വിഭാഗത്തിലെ ജീവനക്കാരായിരുന്നു.

അടുത്ത 45 ദിവസത്തിനുള്ളിൽ ഇവർ പിഴത്തുക അടയ്ക്കണമെന്നാണ് സെബി ഉത്തരവിട്ടിരിക്കുന്നത്. ബോണ്ടുകൾ വിൽക്കുന്ന സമയത്ത് സ്വകാര്യ നിക്ഷേപകരെ ഇതുമായി ബന്ധപ്പെട്ട റിസ്കുകളെ കുറിച്ചൊന്നും ബോധ്യപ്പെടുത്തിയില്ലെന്ന് വ്യക്തമായതോടെയാണ് പിഴ ചുമത്തിയത്.

യെസ് ബാങ്കിൽ എഫ്ഡി ഇടാൻ വന്ന ഉപഭോക്താക്കളെ വരെ വഴിതിരിച്ച് ബോണ്ട് വിൽപ്പനയിലേക്ക് അയച്ചിരുന്നുവെന്നാണ് സെബിയുടെ കണ്ടെത്തൽ. 1,346 സ്വകാര്യ നിക്ഷേപകരിൽ നിന്നായി 679 കോടി രൂപയാണ് ഇത്തരത്തിൽ യെസ് ബാങ്ക് സമാഹരിച്ചത്. ഇതിൽ തന്നെ 1311 പേരും യെസ് ബാങ്കിന്റെ ഉപഭോക്താക്കളായിരുന്നു. ഇവരിൽ നിന്ന് മാത്രം 663 കോടിയാണ് ബാങ്കിന് കിട്ടിയത്.

ബാങ്കിൽ എഫ്ഡി ആയി നിക്ഷേപിച്ചിരുന്ന തുക പിൻവലിച്ചാണ് 277 പേർ എടി-1 ബോണ്ടുകൾ വാങ്ങിയത്. ഇത് മാത്രം 80 കോടി വരും. ചട്ടലംഘനം ഉണ്ടായോ എന്ന സെബിയുടെ പരിശോധനയിലാണ് ബാങ്കിന്റെ ഭാഗത്ത് വന്ന വീഴ്ചകൾ കണ്ടെത്തിയത്. 2016 ഡിസംബർ ഒന്നിനും 2020 ഫെബ്രുവരി 29 നും ഇടയിലാണ് ഇടപാടുകൾ നടന്നത്.

click me!