
ഇന്നലെ രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമ സഭയിൽ അവതരിപ്പിച്ചിരുന്നു. ഇതനുസരിച്ച് വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കും ജനപ്രതിനിധികൾക്കും വേതനത്തിലും ഓണറേറിയത്തിലും വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റിലെ പ്രഖ്യാപനങ്ങൾ നോക്കുമ്പോൾ ആർക്കൊക്കെയാണ് വേതനം വർധിപ്പിച്ചത് എന്ന് നോക്കാം.
സേവന മേഖല
* അങ്കണവാടി ജീവനക്കാർ: അങ്കണവാടി വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ 1000 രൂപയും, ഹെൽപ്പർമാരുടെ വേതനത്തിൽ 500 രൂപയും വർധിപ്പിച്ചു.
* ആശാ വർക്കർമാർ: പ്രതിമാസ വേതനത്തിൽ 1000 രൂപയുടെ വർധനവ്.
* സ്കൂൾ പാചക തൊഴിലാളികൾ: ദിവസ വേതനത്തിൽ 25 രൂപയുടെ വർധനവ് ഏർപ്പെടുത്തി.
* പ്രീ-പ്രൈമറി അധ്യാപകർ: പ്രതിമാസ വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു.
* സാക്ഷരതാ പ്രേരക്: പ്രതിമാസ വേതനത്തിൽ 1000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചു.
* ഗ്രന്ഥശാലാ പ്രവർത്തകർ: ലൈബ്രറി കൗൺസിലിന് കീഴിലുള്ള ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവൻസിൽ 1000 രൂപയുടെ വർധനവ് ഏർപ്പെടുത്തി.
ജനപ്രതിനിധികളുടെ ഓണറേറിയം
* തദ്ദേശ സ്വയംഭരണ പ്രതിനിധികൾ: മെമ്പർമാർ, കൗൺസിലർമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, പ്രധാന ഭാരവാഹികൾ എന്നിവരുടെ ഓണറേറിയം വർധിപ്പിക്കാനുള്ള ധനകാര്യ കമ്മീഷൻ ശുപാർശ സർക്കാർ അംഗീകരിച്ചു. വർധിപ്പിച്ച നിരക്ക് 2026 ഏപ്രിൽ മുതൽ നിലവിൽ വരും.
സർക്കാർ ജീവനക്കാർ
* ശമ്പള പരിഷ്കരണം: സർക്കാർ ജീവനക്കാരുടെ 12-ാം ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷനോട് ആവശ്യപ്പെടും.
* ഡി.എ/ഡി.ആർ (DA/DR): ജീവനക്കാരുടെയും പെൻഷൻകാരുടെയും നിലവിലുള്ള എല്ലാ ഡി.എ, ഡി.ആർ ഗഡുക്കളും പൂർണ്ണമായും നൽകാൻ തീരുമാനിച്ചു. ഇതിൽ ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പവും ബാക്കിയുള്ളവ മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പവും അനുവദിക്കും.
പെൻഷൻ
* സാമൂഹ്യ സുരക്ഷാ പെൻഷൻ: സാമൂഹ്യ സുരക്ഷാ പെൻഷനുകളും ക്ഷേമനിധി ബോർഡ് പെൻഷനുകളും 1600 രൂപയിൽ നിന്ന് 2000 രൂപയായി വർധിപ്പിച്ചു. (നേരത്തെ നടത്തിയ പ്രഖ്യാപനം)
* പത്രപ്രവർത്തക പെൻഷൻ: പത്രപ്രവർത്തക പെൻഷനിൽ പ്രതിമാസം 1500 രൂപയുടെ വർധനവ് വരുത്തി.
* പ്രത്യേക രോഗബാധിതർ: ക്യാൻസർ, കുഷ്ഠം, ക്ഷയം, എയ്ഡ്സ് ബാധിതരുടെ പ്രതിമാസ പെൻഷൻ 1000 രൂപ വർധിപ്പിച്ച് 2000 രൂപയായി ഉയർത്തി.
ഈ പദ്ധതികൾക്ക് പുറമെ, സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷന് പകരമായി അഷ്വേർഡ് പെൻഷൻ (Assured Pension) പദ്ധതി ഏപ്രിൽ 1 മുതൽ നടപ്പിലാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.