ആദ്യ ശമ്പളം കിട്ടിയാൽ കൺഫ്യൂഷൻ അടിക്കേണ്ട, വായ്പ തീർക്കണോ, സേവിംഗ്സ് തുടങ്ങണോ? ഏത് വേണം എന്നറിയാം

Published : Aug 24, 2024, 02:02 PM IST
ആദ്യ ശമ്പളം കിട്ടിയാൽ കൺഫ്യൂഷൻ അടിക്കേണ്ട, വായ്പ തീർക്കണോ, സേവിംഗ്സ് തുടങ്ങണോ? ഏത് വേണം എന്നറിയാം

Synopsis

സമ്പാദ്യം ചെറിയതാണെങ്കിലും അതിനെ നിസാരമായി കാണരുത്. അതുകൊണ്ട് തന്നെ വായ്പ പെട്ടെന്ന് തിരിച്ചടക്കാന്‍ തിടുക്കം കാണിക്കാതെ സേവിംഗ്സിലേക്കുള്ള നീക്കിയിരിപ്പിന് കൂടി പ്രാധാന്യം നല്‍കണം.

ഠനം കഴിഞ്ഞ് ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന ഒരു വ്യക്തിക്ക് ശമ്പളം കിട്ടിത്തുടങ്ങുമ്പോള്‍ ആദ്യമുണ്ടാകുന്ന സംശയം ശമ്പളത്തിന്‍റെ ഒരു ഭാഗം സേവിംഗ്സിലേക്ക് നീക്കി വയ്ക്കണോ, അതോ ആ തുക കൂടി ചേര്‍ത്ത് വായ്പാ ബാധ്യത തീര്‍ക്കണോ എന്നതായിരിക്കും. വിദ്യാഭ്യാസ ആവശ്യത്തിനെടുത്ത വായ്പയോ, പേഴ്സണല്‍ ലോണോ വലിയ ബാധ്യതയായി ഭാവിയില്‍ മാറിയേക്കുമോ എന്ന ആശങ്ക കാരണമാണ് സേവിംഗ്സിലേക്ക് പണം നീക്കി വയ്ക്കാതെ ആ തുക കൂടി ചേര്‍ത്ത് വായ്പാ തീര്‍ക്കാന്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കാരണം.

ഇക്കാര്യത്തില്‍ വിവിധ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ഇപ്രകാരമാണ്. ജോലി ലഭിച്ചെങ്കിലും സമ്പാദ്യമൊന്നും ഇല്ലെങ്കില്‍ വായ്പ തിരിച്ചടക്കുന്നതിന് സമാന്തരമായി കുറച്ച് പണം സേവിംഗ്സിലേക്ക് നീക്കി വയ്ക്കണം. വായ്പക്ക് ഉയര്‍ന്ന പലിശ ആണെങ്കില്‍ ഇഎംഐ തുക കൂട്ടി അടയ്ക്കുന്നതിന് ധനകാര്യ സ്ഥാപനത്തില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും സേവിംഗ്സിനെ അവഗണിക്കരുതെന്ന് വിദഗ്ധര്‍ പറയുന്നു. സമ്പാദ്യം ചെറിയതാണെങ്കിലും അതിനെ നിസാരമായി കാണരുത്. അതുകൊണ്ട് തന്നെ വായ്പ പെട്ടെന്ന് തിരിച്ചടക്കാന്‍ തിടുക്കം കാണിക്കാതെ സേവിംഗ്സിലേക്കുള്ള നീക്കിയിരിപ്പിന് കൂടി പ്രാധാന്യം നല്‍കണം.

ആദ്യ ഘട്ടത്തില്‍ ഉള്ള നിക്ഷേപം എമര്‍ജന്‍സി ഫണ്ടായാണ് സ്വരൂപിക്കേണ്ടത്. തുടക്കത്തില്‍ മൂന്ന് മാസത്തേക്കുള്ള ചെലവായും പിന്നീട് അടുത്ത പടിയായി ആറ് മാസത്തേക്കുള്ള ചെലവിനുള്ള പണമായും എമര്‍ജന്‍സി ഫണ്ട് ഉയര്‍ത്തിക്കൊണ്ടുവരണം. എമര്‍ജന്‍സി ഫണ്ട് രൂപീകരിച്ച് കഴിഞ്ഞാല്‍ അടുത്ത പടിയെന്ന നിലയ്ക്ക് ഉയര്‍ന്ന പലിശയുള്ള വായ്പകള്‍ തീര്‍ക്കുന്നതിന് പ്രാധാന്യം കൊടുക്കാം. 15 ശതമാനത്തോളം പലിശ നിരക്കുള്ള വ്യക്തിഗത വായ്പയോ, 34-40 ശതമാനം പലിശ നിരക്കുള്ള ക്രെഡിറ്റ് കാര്‍ഡ് ബാധ്യതയോ ഉണ്ടെങ്കില്‍ ഇവയുടെ തിരിച്ചടവിലേക്ക് കൂടുതല്‍ തുക നീക്കിവച്ച് തിരിച്ചടവ് ക്രമീകരിക്കണം. കാരണം ഉയര്‍ന്ന പലിശയായതില്‍ ഇത്തരം വായ്പകള്‍ വലിയ ബാധ്യതയിലേക്ക് നയിക്കാം. ഇത്തരം വായ്പകള്‍ ഉണ്ടെങ്കില്‍ ദീര്‍ഘകാല നിക്ഷേപം തല്‍ക്കാലം മാറ്റിവയ്ക്കുന്നതായിരിക്കും അഭികാമ്യം.

ഇനി ഭവന വായ്പാ ബാധ്യതയാണ് ഉളളതെങ്കില്‍ സമാന്തരമായി നിക്ഷേപം നടത്തുന്നത് പരിഗണിക്കാം. കാരണം ഭവന വായ്പാ പലിശയ്ക്ക് നികുതി ആനുകൂല്യം ലഭിക്കും എന്നതും വായ്പകളുടെ പലിശ താരതമ്യേന കുറവായിരിക്കും എന്നതും പരിഗണിച്ച് ഇതിന്‍റെ തിരിച്ചടവിനൊപ്പം തന്നെ ഓഹരി വിപണിയില്‍ കൂടി നിക്ഷേപം നടത്താം. കാരണം നിലവില്‍ ഓഹരി വിപണിയില്‍ നിന്ന് 12 ശതമാനത്തോളം റിട്ടേണ്‍ ലഭിക്കുന്നുണ്ട് എന്നുള്ളത് നിക്ഷേപം നടത്തുന്നതിന് അനുകൂലമായ ഘടകമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയതായി ജോലിയിൽ പ്രവേശിച്ചവരുടെ ശ്രദ്ധയ്ക്ക്

1.ആദ്യം അനുയോജ്യമായ ആരോഗ്യ, ലൈഫ് ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പാക്കുക.
2. എല്ലാ വായ്പകളുടേയും ഇഎംഐകൾ അടയ്ക്കുന്നത് തുടരുക.
3.  കുറച്ച് മിച്ച വരുമാനമുണ്ടെങ്കിൽ,  ഒരു എമർജൻസി ഫണ്ട് കെട്ടിപ്പടുക്കുക.
4. മിച്ചം ബാക്കിയുണ്ടെങ്കിൽ,  ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വ്യക്തിഗത വായ്പ എന്നിവ വേഗത്തിൽ തീർക്കുക.
5. പതിവ് ഭവന വായ്പ ഇഎംഐകൾ അടക്കുന്നത് തുടരുക.
 
മുന്നറിയിപ്പ്: വായ്പ മുൻകൂറായി അടയ്ക്കുന്നതിനുപകരം നിക്ഷേപം തിരഞ്ഞെടുക്കുന്നത് അനുയോജ്യമോ, അല്ലാത്തതോ ആയിരിക്കാം. ഇത് വ്യക്തിഗത സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു, കൂടാതെ റിസ്കും കൈകാര്യം ചെയ്യണം. ഇതിനായി നിങ്ങളുടെ നിക്ഷേപ ഉപദേശകനെ സമീപിക്കുക.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ , വ്യാപാര നിര്‍ദേശമല്ല, ലഭ്യമായ വിവരങ്ങള്‍ മാത്രമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തീരുമാനങ്ങളെടുക്കുക. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി വായിച്ച് മനസിലാക്കുക

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ